Saturday, 24 December 2016

കള്ളപ്പണ കേസ്: പ്രതിക്കു വേണ്ടി ഹാജരായത് അഭിഷേക് സിങ്‌വി

ഉണ്ണി കൊടുങ്ങല്ലൂര്‍

കള്ളപ്പണ കേസ്: പ്രതിക്കു വേണ്ടി ഹാജരായത് അഭിഷേക് സിങ്‌വി

ചെന്നൈ ∙ കള്ളപ്പണ കേസിൽ സിബിഐ അറസ്റ്റ് ചെയ്തയാളുടെ ജാമ്യത്തിനു വേണ്ടി കോടതിയിൽ വാദിക്കാനെത്തിയതു കോൺഗ്രസ് ദേശീയ വക്താവ് അഭിഷേക് മനു സിങ്‌വി. ആദായനികുതി വകുപ്പ് ഈ മാസമാദ്യം ചെന്നൈയിലും വെല്ലൂരിലും നടത്തിയ റെയ്ഡിൽ 170 കോടി രൂപയും 127 കിലോ സ്വർണവും കണ്ടെടുത്തതിനെത്തുടർന്ന് അറസ്റ്റിലായ രത്തിനം എന്നയാൾക്കു വേണ്ടി വാദിക്കാനാണു സിങ്‌വി എത്തിയത്. അറസ്റ്റിലായ മണൽ ഖനന വ്യവസായി ശേഖർ റെഡ്ഡിയുടെ ബിസിനസ് പങ്കാളിയാണു രത്തിനം. ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ സിബിഐ കൂടുതൽ സമയം തേടി.
മുൻപ്, 2010ൽ ലോട്ടറി കേസിൽ കേരളത്തിലെ കോൺഗ്രസ് നിലപാടിനു വിരുദ്ധമായി നടത്തിപ്പുകാർക്കു വേണ്ടി വാദിക്കാൻ ഹാജരായി സിങ്‌വി വിവാദത്തിലായിരുന്നു. കേരളത്തിൽനിന്നുള്ള പരാതിയെത്തുടർന്ന് വക്താവ് സ്ഥാനം നഷ്ടപ്പെട്ട അദ്ദേഹം രണ്ടു മാസത്തിനകം ചുമതലയിൽ തിരിച്ചെത്തുകയായിരുന്നു.
ഇതിനിടെ, കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റെയ്ഡുകളിൽ പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നു നിർദേശിച്ച് മുൻ ചീഫ് സെക്രട്ടറി പി. രാമമോഹന റാവുവിന്റെ മകൻ വിവേകിനും സഹായിയായ അഡ്വ. അമലനാഥനും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. 17 കോടി രൂപയുടെ അനധികൃത സമ്പാദ്യമുണ്ടെന്ന് വിവേക് സമ്മതിച്ചിരുന്നു. വിവേക് ആരംഭിച്ച ആറു കമ്പനികളിലെ നിക്ഷേപത്തിന്റെ സ്രോതസ്സുകൾ സംശയ നിഴലിലാണ്. 2012ൽ ആരംഭിച്ച കമ്പനികളിലേക്ക് വൻതോതിൽ കള്ളപ്പണ നിക്ഷേപം വന്നിട്ടുണ്ടെന്നാണു സംശയിക്കുന്നത്.  
ബെംഗളൂരുവിലെ ഏഴു ജ്വല്ലറികളിൽ വെളിപ്പെടുത്താത്ത 47.7 കോടി

ബെംഗളൂരു∙ നഗരത്തിലെ മാളുകളിലും മറ്റും പ്രവർത്തിക്കുന്ന ഏഴു ജ്വല്ലറികളിൽ ആദായനികുതി വകുപ്പു പരിശോധന നടത്തി. വെളിപ്പെടുത്താത്ത 47.7 കോടി രൂപയുടെ വരുമാനം കണ്ടെത്തി. ചില സ്വർണവ്യാപാരികൾ ആദായനികുതി റിട്ടേണുകൾ പോലും കൃത്യമായി സമർപ്പിച്ചിരുന്നില്ല. റിച്ച്മണ്ട് ടൗൺ, ഓൾഡ് മദ്രാസ് റോഡ് തുടങ്ങിയയിടങ്ങളിലെ മാളുകളിലും ജ്വല്ലറികളിലുമായിരുന്നു പരിശോധന. കള്ളപ്പണം സ്വർണ ബിസ്കറ്റുകളാക്കുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു പരിശോധന.

നോട്ട് അസാധുവാക്കൽ പ്രഖ്യാപനമുണ്ടായ നവംബർ എട്ടിനുശേഷം സ്വർണവ്യാപാരികളുടെ അക്കൗണ്ടുകളിലേക്കു വൻതുക കൈമാറിയതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു പരിശോധന. സ്വർണം ആർക്കു വിറ്റുവെന്നതിനു പല ജ്വല്ലറിയിലും രേഖയില്ലായിരുന്നു. പഴയ തീയതികളിലെ ബില്ലുകളിലാണു വിൽപനയിലേറെയും നടന്നത്.

അതേസമയം, ആനേക്കലിൽ പഴയ നോട്ട് വെളുപ്പിച്ചതിനു ട്രാൻസ്പോർട്ട് കമ്പനിയുടമയെ ആദായനികുതി വകുപ്പു കസ്റ്റഡിയിലെടുത്തു. 1.15 കോടിരൂപ പിടിച്ചെടുത്തതിൽ 1.07 കോടിരൂപ പുതിയ കറൻസിയാണ്. കമ്മിഷൻ വ്യവസ്ഥയിൽ പഴയ നോട്ടുകൾക്കു പകരം പുതിയ 2000 രൂപയുടെ നോട്ട് നൽകിയതിനാണ് ഇയാളെ പിടികൂടിയത്.ബീദറിൽ നാലുലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി എട്ടുപേരെ അറസ്റ്റ് ചെയ്തു. കമ്മിഷൻ വ്യവസ്ഥയിൽ കള്ളപ്പണം വെളുപ്പിക്കുന്ന സംഘത്തിന്റെ ഭാഗമാണിവരെന്നു പൊലീസ് വെളിപ്പെടുത്തി.

No comments :

Post a Comment