Thursday, 15 December 2016

വിറകു കത്തിച്ചാൽ മൊബൈല്‍ ചാര്‍ജു ചെയ്യാം

ഉണ്ണി കൊടുങ്ങല്ലൂര്‍
ആദിത്യ ചന്ദ്ര പ്രശാന്ത്
ആദിത്യ ചന്ദ്ര പ്രശാന്ത്

വിറകു കത്തിച്ചാൽ, കറണ്ടടിക്കും !

വിറകു കൂട്ടിയിട്ടു കത്തിച്ചാൽ എന്തുകിട്ടും? ചൂടുകിട്ടും എന്നാണ് ഒട്ടുമിക്ക കുട്ടികളും പറയുക. എന്നാൽ വിറകു കത്തിച്ചാൽ വൈദ്യുതി കിട്ടും എന്നാണു ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ആദിത്യ ചന്ദ്ര പ്രശാന്ത് പറയുന്നത്. തമാശ പറയുകയല്ല ഈ കൊച്ചുകൂട്ടുകാരൻ. വൈദ്യുതി ഉൽപാദിപ്പിക്കാവുന്ന വിറകടുപ്പിനു രൂപം നൽകി അതുമായി ഡൽഹിയിൽ നടന്ന ദേശീയ ഇൻസ്പയർ അവാർഡ് പ്രദർശനത്തിൽ പങ്കെടുക്കുകയും ചെയ്തു. ആദിത്യയുടെ വിറകടുപ്പിനു പേറ്റന്റ് ലഭ്യമാക്കാനുള്ള നടപടികൾ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് തുടങ്ങിക്കഴിഞ്ഞു.
കേരളത്തിൽ നിന്നു പ്രദർശനത്തിൽ പങ്കെടുത്ത അഞ്ചുപേരിൽ ഒരാളാണ് ആദിത്യ ചന്ദ്ര പ്രശാന്ത്. 1400 വിദ്യാർഥികൾ പങ്കെടുത്ത പ്രദർശനത്തിൽ അവസാന അറുപതുപേരിൽ ആദിത്യയുടെ കണ്ടുപിടിത്തവുമുണ്ട്. ജനുവരിയിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന ഫെസ്റ്റിവൽ ഓഫ് ഇന്നൊവേഷൻസ് പ്രദർശനത്തിലേക്കും ആദിത്യ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. മാർച്ച് നാലു മുതൽ പത്തുവരെയാണു പ്രദർശനം. മാർച്ച് നാലിനു രാഷ്ട്രപതിയോടൊപ്പം രാത്രിഭക്ഷണം കഴിക്കാനും ആദിത്യയ്ക്കു ക്ഷണമുണ്ട്. ഹരിപ്പാട് വെട്ടുകുളഞ്ഞിയിൽ ഗ്രീഷ്മയിൽ എസ്.ആർ. പ്രശാന്ത്കുമാറിന്റെയും രാജി പ്രശാന്തിന്റെയും മകനാണ് ആദിത്യ ചന്ദ്ര പ്രശാന്ത്.
ദേശീയതലത്തിൽ മികച്ച കണ്ടുപിടിത്തമായി അംഗീകാരത്തിന്റെ നിറവിൽ നിൽക്കുമ്പോൾ ആദിത്യയ്ക്കു പറയാൻ മറ്റൊരു കഥയുണ്ട്. സർക്കാർ സ്കൂളിലെ പരിമിതമായ സൗകര്യങ്ങളിൽ നിന്നാണു ദേശീയതലത്തിലേക്കുള്ള ആദിത്യയുടെ വളർച്ച. ഹരിപ്പാട് ഉപജില്ലാ ശാസ്ത്രമേളയിലാണു പ്രവർത്തനമാതൃക വിഭാഗത്തിൽ ആദിത്യ വൈദ്യുതി ഉൽപാദിപ്പിക്കുന്ന വിറകടുപ്പ് ആദ്യമായി അവതരിപ്പിക്കുന്നത്. എന്നാൽ വിധി നിർണയ സമയത്തു നിഷ്കരുണം തള്ളിക്കളഞ്ഞു. തനിക്കു കിട്ടിയ നാലാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടാൻ ആദിത്യ തയാറായിരുന്നില്ല. അപ്പീൽ നേടി ജില്ലാ മത്സരത്തിൽ പങ്കെടുത്തപ്പോൾ രണ്ടാം സ്ഥാനം ലഭിച്ച ആദിത്യയെ സംസ്ഥാന മത്സരത്തിൽ കാത്തിരുന്നത് ഒന്നാം സ്ഥാനമായിരുന്നു.
വന്യജീവി ഫൊട്ടോഗ്രഫിയെ ഏറെ ഇഷ്ടപ്പെടുന്ന അച്ഛൻ എസ്.ആർ.പ്രശാന്ത്കുമാറിനൊപ്പം കാട്ടിലേക്കു സ്ഥിരം യാത്ര പോകാറുണ്ട് ആദിത്യ. അത്തരം യാത്രകളാണു വിറകടുപ്പിൽ നിന്നു വൈദ്യുതി എന്ന ആശയത്തെക്കുറിച്ചു ചിന്തിക്കാനുള്ള കാരണം. രണ്ടോ മൂന്നോ ദിവസം കാടിനുള്ളിൽ താമസിക്കുമ്പോൾ മൊബൈൽ ഫോണിലെ ചാർജ് തീരും. രാത്രി കാടിനുള്ളിൽ ചുള്ളിക്കമ്പൊക്കെ കൂട്ടിയിട്ടു കത്തിച്ചു തീകായുമ്പോൾ എന്തുകൊണ്ട് ഇതിൽ നിന്നു വൈദ്യുതി ഉണ്ടാക്കിക്കൂടാ എന്നായിരുന്നു ആദിത്യ ചിന്തിച്ചത്.
നാലു വർഷത്തോളമായി അച്ഛനൊപ്പം ക്യാമറയുമായുള്ള യാത്രയിലാണ് ആദിത്യ ചന്ദ്ര പ്രശാന്ത്. മകന്റെ ഇഷ്ടം തിരിച്ചറിഞ്ഞു സോണിയുടെ നെക്സ് സീരീസിലുള്ള മിറർലെസ് ക്യാമറയും പ്രശാന്ത്കുമാർ മകനു വാങ്ങിക്കൊടുത്തിട്ടുണ്ട്.
ശാസ്ത്രവും യാത്രകളും ഫൊട്ടോഗ്രഫിയുമൊക്കെയായുള്ള ആദിത്യയുടെ വ്യത്യസ്ത യാത്രകൾക്കു കരുത്തുമായി തൊട്ടുപിറകെ അനിയൻ അതുൽചന്ദ്ര പ്രശാന്തും അനിയത്തി പാർവതി ചന്ദ്ര പ്രശാന്തുമുണ്ട്. കൂടെ പിന്തുണയും കരുത്തുമായി അമ്മൂമ്മ രത്നമ്മയും.
∙ കത്തിച്ചാൽ കറണ്ടടിക്കുന്ന വിറകടുപ്പ്; ആദിത്യ പറയുന്നു
വിറക് വളരെ കുറച്ചുമാത്രം ഉപയോഗപ്പെടുത്തി, കാർബണും പുകയും ചാരവും വളരെ കുറച്ചാണ് ആഹാരം പാചകം ചെയ്യുന്നതോടൊപ്പം വൈദ്യുതിയും ഉൽപാദിപ്പിക്കുക. പാഴായിപ്പോകുന്ന താപോർജമാണു വൈദ്യുതിയാകുന്നത്. ഈ വൈദ്യുതി ഉപയോഗിച്ചു വെളിച്ചം നൽകാനും ലഘു ഇലക്ട്രോണിക് ഉപകരണങ്ങളായ മൊബൈൽ ഫോൺ, മ്യൂസിക്ക്/വിഡിയോ പ്ലെയർ, വയർലെസ് സെറ്റുകൾ തുടങ്ങിയവ ചാർജ് ചെയ്യാൻ കഴിയുന്നതും കൊണ്ടു നടക്കാവുന്നതുമായ അടുപ്പാണു ഞാൻ രൂപകൽപന ചെയ്തത്. മൂന്നു കല്ലുകൾ ചേർത്തു തയാറാക്കുന്ന അടുപ്പിനെ അപേക്ഷിച്ച് 90% വരെ വിറക് ലാഭിക്കാനും പുറന്തള്ളുന്ന കാർബൺ അളവ് 70% കുറയ്ക്കാനും ഈ അടുപ്പിനു കഴിയും.
ആദിത്യ ചന്ദ്ര പ്രശാന്ത് ഡൽഹിയിൽ സയൻസ് ഇൻസ്പയര്‍ പ്രദർശന വേദിയിൽ.
∙ രൂപകൽപന
വിപണിയിൽ ലഭ്യമായ വിറകടുപ്പുകളുടെ കുറവുകൾ പഠിച്ചശേഷമാണ് ഈ അടുപ്പ് രൂപപ്പെടുത്തിയത്. ദീർഘകാല ഉപയോഗം ഉറപ്പു വരുത്തുന്നതിനായി മേൽത്തരം സ്റ്റെയിൻലെസ് സ്റ്റീലിലാണ് ഈ അടുപ്പ് നിർമിച്ചത്. മൂന്നു പാളികളായാണ് ഇതിന്റെ നിർമാണം. പുറംപാളി യാത്രയിൽ കൂടെ കരുതാൻ പാകത്തിനു കൈപ്പിടി ഘടിപ്പിച്ചതാണ്. അതിന്റെ ചുവട്ടിൽ നിലത്ത് ഉറപ്പിച്ചു നിർത്താൻ അനുയോജ്യമായ മൂന്നു കാലുകളുണ്ട്. ചുവട്ടിൽ, പുറത്തെ വായുവിനെ നിയന്ത്രിതമായി ഉള്ളിലെത്തിച്ചു ജ്വലനം കൂട്ടാൻ സഹായകമായ സുഷിരങ്ങൾ നൽകി പുറത്തു നിന്നു നീക്കാവുന്ന തരത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ചൂട് കൃത്യമായി പാത്രത്തിൽ എല്ലായിടത്തും എത്തുവാൻ പാകത്തിനു പരന്ന പാത്രം താങ്ങി സ്റ്റെയിൻലെസ് സ്റ്റീലിൽ തയാറാക്കി.
ചെറുതാക്കിയ നുറുങ്ങ് വിറക് കഷണങ്ങളാണ് അടുപ്പിൽ ഉപയോഗിക്കുക. മൂന്നു പാളികൾ ഉള്ളതിൽ വിറക് നിക്ഷേപിക്കുന്ന ഉൾപ്പാളിയുടെ മുകളറ്റം മാത്രമാണു തുറന്നത്. പുറമ്പാളിയും മദ്ധ്യപാളിയും ഉൾപ്പാളിയുടെ പുറവും ചേർത്തു മുകളറ്റം കൂട്ടിയടച്ചിരിക്കുന്നു. തുറക്കാവുന്ന അടപ്പിന്റെ മുകളിലാണു പാത്രം താങ്ങി ഉറപ്പിച്ചിരിക്കുന്നത്. മദ്ധ്യപാളിയുടെ കീഴറ്റം തുറന്നതും വശങ്ങളിൽ മൂന്നു നിര സുഷിരങ്ങൾ ഉള്ളവയുമാണ്. അടുപ്പിനുള്ളിൽ വായു സഞ്ചാരം കൂട്ടാൻ ഇതു സഹായിക്കും. നടുവിലെ പാളിയുടെ ചുവടറ്റം വലക്കണ്ണികൾ പോലെ സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടു നിർമിച്ചതാണ്.
ഇതാണ് അടുപ്പിൽ ഉപയോഗിക്കുന്ന വിറക് കഷണങ്ങളെ താങ്ങി നിർത്തുന്നത്. ഉൾപ്പാളിയുടെ ചുവരുകളും സുഷിരങ്ങൾ നിറഞ്ഞതാണ്. ഉൾപ്പാളിയുടെയും മദ്ധ്യപാളിയുടെയും ചുവടറ്റം തുറന്നിരിക്കുന്നത് ഏതാണ്ട് പൂർണമായി തന്നെ വിറക് കത്തിത്തീരാൻ സഹായിക്കുന്നതോടൊപ്പം അവശേഷിക്കുന്ന വളരെക്കുറവ് ചാരം താഴെത്തട്ടിലെ പുറം ചട്ടയ്ക്കുള്ളിൽ സംഭരിക്കുവാനും കഴിയുന്നു.
അടുപ്പിന്റെ കൈപ്പിടിക്ക് എതിർ ഭാഗത്തായി പുറം പാളിയിലാണു വൈദ്യുതി ഉൽപാദിപ്പിക്കാനും നിയന്ത്രിതമായി വൈദ്യുതി പുറത്തേക്ക് ആവശ്യാനുസരണം നൽകുവാനും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്. ഈ അറയ്ക്കുള്ളിൽ വൈദ്യുതി ഉൽപാദിപ്പിക്കുകയും പുറത്തേക്കു നൽകുകയും ചെയ്യുന്നു.
∙ അടിസ്ഥാന സാങ്കേതിക വിദ്യ
തെർമോ ഇലക്ട്രിക് എഫക്റ്റിലെ സീബെക് എഫക്റ്റ് എന്ന സാങ്കേതിക വിദ്യയാണ് ഇവിടെ വൈദ്യുതോൽപാദനത്തിന് ആശ്രയിച്ചിരിക്കുന്നത്. രണ്ടു മൂലകങ്ങൾ കൊണ്ടു നിർമിച്ച ഒരു മോഡ്യൂൾ ആണ് ഇവിടെ ഉപയോഗിക്കുന്നത്. ബിസ്മുത്ത് ടെലുറൈഡ് - ലെഡ് ടെലുറൈഡ് സംയുക്തങ്ങൾ കൊണ്ടു നിർമിച്ചു സിലിക്കോൺ പാളികളാൽ ഇരുപുറവും അടച്ച നിർമിതിയാണ് ഇവിടെ ഉപയോഗിക്കുന്നത്. ഏതാണ്ട് രണ്ടു ലക്ഷം മുതൽ മൂന്നു ലക്ഷം മണിക്കൂർ വരെ കേടുവരാതെ പ്രവർത്തിക്കാൻ കഴിയുന്ന സുദീർഘമായ ശേഷിയാണ് ഇവയ്ക്കുള്ളതെന്നതു കൊണ്ടു ദീർഘകാലം കേടു കൂടാതെ ഉപയോഗിക്കാൻ കഴിയുന്നതാണു വൈദ്യുതി ഉൽപാദിപ്പിക്കാനായി ഇവിടെ ഉപയോഗപ്പെടുത്തുന്ന മോഡ്യൂൾ. ഗ്രാഫൈറ്റ് പാളികൾ കൊണ്ടു പൊതിഞ്ഞിരിക്കുന്നതിനാൽ ഉയർന്ന താപനിലയെയും അതിജീവിക്കുവാൻ ഇവയ്ക്കു കഴിയും.
അടുപ്പിന്റെ മദ്ധ്യപാളിയുടെ ചുവരിലും പുറംപാളിയുടെ ചുവരിലുമായി നിർമിച്ച വിടവിൽ താപത്തെ ആഗിരണം ചെയ്തു വൈദ്യുതി ഉൽപാദിപ്പിക്കുന്ന അറയിൽ എത്തിക്കാനായി മേൽത്തരം അലൂമിനിയം സംയുക്തം കൊണ്ടു നിർമിച്ച ചാലകം ഉപയോഗിക്കുന്നു. ഈ ചാലകത്തിന്റെ ഒരറ്റം മോഡ്യൂളിന്റെ ചൂട് നൽകുന്നതാണ്. തണുപ്പ് നൽകുന്ന മറ്റേയറ്റം പുറത്തേക്കു തിരിച്ചു പിടിപ്പിച്ചിരിക്കുന്ന ഒരു ചാലകവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മോഡ്യൂളിനെ തണുപ്പിക്കാൻ ഈ ചാലകം ഉപയോഗപ്പെടുത്തുന്നു. ഇതും മേൽത്തരം അലുമിനിയം സംയുക്തം കൊണ്ടു നിർമിച്ചതാണ്. ഇതിന്റെ പുറം ഭാഗം വൈദ്യുതി ഉൽപാദിപ്പിക്കുന്ന അറയുടെ പുറംചുവരിൽ നിർമിച്ച ഒരു ദ്വാരത്തിലേക്കു തുറന്നിരിക്കുന്നു. ഈ ദ്വാരത്തിൽ കുറഞ്ഞ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ബ്രഷ് രഹിത ഇലക്ട്രിക് ഫാൻ ഘടിപ്പിച്ചിട്ടുണ്ട്.
∙ പ്രവർത്തനം
അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അംശമുള്ള വായുവിനെ ഫാൻ മുഖേന പുറത്തെ ചാലകത്തിൽ എത്തിക്കുന്നു. മോഡ്യൂളിൽ നിന്നു ചൂടിനെ ആഗിരണം ചെയ്യുന്ന ചാലകം ചൂടായിരിക്കുമ്പോൾ പുറത്തു നിന്നും എത്തുന്ന ഈർപ്പം കലർന്ന വായു ആ ചൂടിനെ കുറയ്ക്കുകയും അടുപ്പിന്റെ ഉൾപ്പാളിയുടെ മൂന്നിൽ രണ്ടു ഭാഗം മുകളിലായി പുറം പാളിയിൽ നിന്നു മദ്ധ്യപാളി കടന്ന് ഉൾപ്പാളിയിലൂടെ ഉൾപ്പാളിയുടെ മദ്ധ്യഭാഗം വരെയെത്തുന്ന രീതിയിൽ ഒരു സ്റ്റെയിൻലെസ് സ്റ്റീൽ പൈപ്പിലൂടെ അടുപ്പിനുള്ളിലെത്തുകയും ചെയ്യുന്നു. ഉള്ളിലെ ചൂടിൽ ഈ വായു ചൂടാകുകയും ഈർപ്പരഹിതമായി ഉള്ളിലെത്തുകയും ചെയ്യും.
പൈപ്പിന്റെ ഉള്ളറ്റം താഴോട്ടു വളച്ചാണു നൽകിയിട്ടുള്ളത്. ഇത് അടുപ്പിനുള്ളിലേക്കു വായുവിനെ കടത്തിവിടുകയും ജ്വലനം വർധിപ്പിക്കുകയും ചെയ്യുന്നു. അടുപ്പിനുള്ളിലെ വായു ചൂടായി മുകളിലേക്ക് ഉയരുമ്പോൾ മുകളിൽ നിന്നും പൈപ്പിലൂടെയെത്തുന്ന അത്രത്തോളം ചൂടില്ലാത്ത വായു താഴേക്കു വരാനുള്ള ശ്രമം നടത്തും. ഇത് അടുപ്പിനുള്ളിൽ വായുസഞ്ചാരം ചാക്രികമാക്കും. ചാക്രികമായ വായു സഞ്ചാരം മദ്ധ്യപാളിയിലെ ദ്വാരങ്ങൾ വഴി രണ്ടു നിര ചാക്രിക വായു സഞ്ചാരങ്ങളാണു സൃഷ്ടിക്കുക. ചൂട് കൂട്ടുവാനും പൂർണമായി ജ്വാല ഉയർന്നു പൊങ്ങാതെ ഒരേ നിരപ്പിൽ മുകളിലെ പാത്രത്തിന്റെ ചുവടറ്റത്തു പരക്കെ നൽകുവാനും ഇതു സഹായിക്കും.
ഉള്ളിലെ ചൂടു മോഡ്യൂളിന്റെ അകവശത്തെത്തുമ്പോൾ മോഡ്യൂളിന്റെ പുറവശത്തു സ്ഥാപിച്ച ചാലകം തണുത്തിരിക്കുകയാകും. താപവ്യതിയാനം ഉണ്ടാകുന്നതോടെ വൈദ്യുതി ലഭിച്ചു തുടങ്ങുകയും ചെയ്യും. അതോടെ ഫാൻ പ്രവർത്തിക്കാൻ ആരംഭിക്കും. പിന്നീടു തണുപ്പിക്കൽ പ്രക്രിയ എളുപ്പമാക്കാനും ഉള്ളിലെ ചൂട് കൂട്ടാനും ജ്വലനം അനായാസമാക്കാനും ഫാൻ നൽകുന്ന വായുവിന്റെ തള്ളലിനാകും. അതോടെ വൈദ്യുതിയുടെ ലഭ്യത ഉയർന്ന തോതിൽ പുറത്തേക്കു ലഭിക്കാൻ തുടങ്ങും.
വൈദ്യുതിയെ ആവശ്യാനുസരണം ക്രമീകരിച്ച് ഉപയോഗിക്കാൻ ഇലക്ട്രോണിക് സംവിധാനങ്ങൾ സഹായിക്കും. മൊബൈൽ ഫോൺ, മ്യൂസിക് / വിഡിയോ പ്ലെയർ മുതലായവയ്ക്കാവശ്യമായ അഞ്ച് വോൾട്ട് വൈദ്യുതി യുഎസ്ബി പോർട്ട് വഴിയും വെളിച്ചത്തിനാവശ്യമായ ആറ് / പന്ത്രണ്ട് വോൾട്ട് പവർ പോയിന്റിലൂടെയും പുറത്തേക്കു നൽകുന്നു.
∙ വിപണിയിലേക്ക്
വൈദ്യുതി ലഭ്യതയില്ലാത്തയിടങ്ങളിൽ ഉപയോഗിക്കാൻ അനുയോജ്യമാണ് ഈ അടുപ്പ്. ഇതിനോടകം തന്നെ പല തവണ രൂപമാറ്റം വരുത്തലുകൾ നടത്തിയാണ് അടുപ്പിനു രൂപം നൽകിയത്. പോരായ്മകൾ കണ്ടെത്തി പരിഹരിച്ചു പൂർണ സജ്ജമായ ഒരു ഉൽപന്നം വിപണിയിലെത്തിക്കാനുമാണു ശ്രമം. ഏതാണ്ട് 3,600 രൂപയിൽ താഴെ ചെലവിൽ വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കാൻ കഴിയുമെന്നാണു കരുതുന്നത്. പാരമ്പര്യേതര ഊർജ വകുപ്പിന്റെയും മറ്റും സബ്സിഡി ആനുകൂല്യങ്ങൾ നേടാനും ഇതു പര്യാപ്തമാണ്. അങ്ങനെയെങ്കിൽ ചെലവ് കുറയ്ക്കുവാനും അതു ഉപഭോക്താക്കളിൽ എത്തിക്കുവാനും കഴിയും. അങ്ങനെയെങ്കിൽ രണ്ടായിരത്തി ഇരുനൂറു രൂപയ്ക്കടുത്തു വിലയിൽ ഉപഭോക്താവിനു സ്വന്തമാക്കാൻ സാധിക്കും.

No comments :

Post a Comment