Thursday, 22 December 2016

സൗദിയില്‍ പ്രവാസികള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുന്നു

ഉണ്ണി കൊടുങ്ങല്ലൂര്‍

സൗദിയില്‍ പ്രവാസികള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുന്നു

റിയാദ്:  സൗദിയില്‍ പ്രവാസികള്‍ ഇനി നിശ്ചിത തുക ഫീസ് നല്‍കണം. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ്‌ അവതരിപ്പിച്ച ശേഷം സൗദി ധനകാര്യമന്ത്രി മൊഹമ്മദ് അല്‍ ജദാനാണ് ഇക്കാര്യം പറഞ്ഞത്.
2020 വരെ നിശ്ചിത തുക പ്രവാസികള്‍ അടയ്ക്കണമെന്നാണ് തീരുമാനം.
രണ്ട് തരത്തിലുള്ള ഫീസാണ് ഏര്‍പ്പെടുത്തിയത്. സൗദിയിലെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്ന എത്ര കുടുംബാംഗങ്ങള്‍ ഉണ്ട് എന്നത് കണക്കാക്കിയാണ് ഓരോ പ്രവാസിയും അടയ്‌ക്കേണ്ടി വരുക. ആദ്യം ചെറിയ തുകയാണ് നല്‍കേണ്ടി വരുകയെങ്കിലും അത് വര്‍ഷം തോറും കൂടി വരുമെന്നും മന്ത്രി പറഞ്ഞു. വിദേശികള്‍ ജോലിക്കാരായിട്ടുള്ള കമ്പനികള്‍ നല്‍കേണ്ട ഫീസും വര്‍ധിപ്പിച്ചു. വിദേശ തൊഴിലാളികളുടെ എണ്ണം അനുസരിച്ചാണ് കമ്പനികള്‍ ഫീസ് നല്‍കേണ്ടി വരുക. 2020 വരെ ഇത്തരം കമ്പനികളുടെ ഫീസ് വര്‍ഷം തോറും കൂട്ടും.
പുതിയ തീരുമാനം സൗദിയിലെ ആയിരക്കണക്കിന് വരുന്ന മലയാളികളായ പ്രവാസി സമൂഹത്തിന് തിരിച്ചടിയാകും. എത്ര തുകയാണ് ഫീസ് എന്ന് പ്രഖ്യാപിച്ചിട്ടില്ല. 800 റിയാല്‍ വരെ ഫീസ് ഏര്‍പ്പെടുത്തിയേക്കാമെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഡ്രൈവര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ ഫീസ് അടയ്‌ക്കേണ്ടതില്ല. വാണിജ്യസ്ഥാപനങ്ങളില്‍ ജോലി എടുക്കുന്നവര്‍ക്കാണ് ഫീസ് ബാധകമെന്നും മന്ത്രി പറഞ്ഞു.
അതേ സമയം സൗദി പൗരന്മാര്‍ക്കോ വിദേശികള്‍ക്കോ കമ്പനികള്‍ക്കോ ആദായനികുതി ഏര്‍പ്പെടുത്തിയേക്കുമെന്ന വാര്‍ത്തകള്‍ മന്ത്രി തള്ളിക്കളഞ്ഞു.

No comments :

Post a Comment