Thursday, 15 December 2016

കാലദോഷം

ഉണ്ണി കൊടുങ്ങല്ലൂര്‍
കൊച്ചി ഗോശ്രീ– ചത്യാത്ത് റോഡിലെ പ്രഭാത ദൃശ്യം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ
കൊച്ചി ഗോശ്രീ– ചത്യാത്ത് റോഡിലെ പ്രഭാത ദൃശ്യം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

കാലദോഷം: ഇതെന്തൊരു കാലാവസ്ഥ

കൊച്ചി ∙ തണുത്തുവിറയ്ക്കാൻ മൂന്നാറിലേക്കൊന്നും വണ്ടിപിടിക്കേണ്ട, നമ്മുടെ കൊച്ചിയിലും എത്തി കൊടും തണുപ്പ്. കാലം തെറ്റിയെത്തിയാണെന്നു മാത്രം.നവംബർ, ഡിസംബർ മാസങ്ങളിൽ മൂന്നാറിലെ വൈകുന്നേരത്തെ അന്തരീക്ഷ താപനില ശരാശരി 20 ഡിഗ്രി സെൽഷ്യസ് ആണെങ്കിൽ നവംബറിൽ ഒരു ദിവസം കൊച്ചിയിലും വൈകുന്നേരം അതായിരുന്നു താപനില. രാവിലെ തണുത്തുറയുന്ന കൊച്ചി ഉച്ചയോടെ ചുട്ടുപൊള്ളുന്നു. ഇതൊന്നും മുൻപുണ്ടായിരുന്നതല്ല.45 വർഷത്തെ കൊച്ചിയിലെ കാലാവസ്ഥ വിലയിരുത്തിയ ശാസ്ത്രഞ്ജർ പറയുന്നത് ഇതാണ്, കൊച്ചിയും ചൂടാവുന്നു. ഇക്കാലയളവിൽ കൊച്ചിയുടെ ഏറ്റവും കുറഞ്ഞ പകൽ താപനില ഒരു ഡിഗ്രി സെൽഷ്യസ് വർധിച്ചു. സമുദ്രോപരിതലത്തിലെ താപനിലയിലും അതേ വർധന കാണുന്നു.
രാവിലെ 20 ഡിഗ്രി സെൽഷ്യസിൽ നിന്ന് ഉച്ചയാകുമ്പോൾ 32 ഡിഗ്രി സെൽഷ്യസിലെത്തുന്ന നാട്ടിൽ ഇതുകൊണ്ട് എന്തു കുഴപ്പമെന്നു ചോദ്യം വന്നേക്കാം.രാവിലെ 20 ഡിഗ്രി സെൽഷ്യസിൽ നിന്ന് ഉച്ചയ്ക്കു 32 ഡിഗ്രി ആയാലും അടുത്ത ദിവസം രാവിലെ 20 ഡിഗ്രിസെൽഷ്യസിലേക്കു തന്നെ മടങ്ങിപ്പോകുന്നതാണ് ഇപ്പോഴത്തെ രീതി. എന്നാൽ കാലാവസ്ഥാ വ്യതിയാനം അങ്ങനെയല്ല. പകൽ താപനില അപ്പോൾ 32ൽ നിന്നു 35–ലേക്കാണ് ഉയരുന്നത്. ചൂടിൽ മാത്രമല്ല, കൊച്ചിയെ സർവതലത്തിലും ബാധിക്കുന്നതാവും ഇൗ മാറ്റം. ഒരുപക്ഷേ, കൊച്ചിയെ ഇല്ലാതാക്കുന്നതും.ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ എല്ലാ ദോഷങ്ങളും കൊച്ചിയെയും ബാധിക്കുന്നു.
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കാര്യമായ പഠനങ്ങളൊന്നും കൊച്ചിയെ സംബന്ധിച്ച് ഉണ്ടായിട്ടില്ലെങ്കിലും ഇതുവരെ നടത്തിയ പഠനങ്ങളിൽ നിന്നു ചില ഞെട്ടിക്കുന്ന വസ്തുതകൾ മനസ്സിലാക്കാം.  അന്തരീക്ഷ താപനിലയിലെ വർധന ഇതേപടി തുടർന്നാൽ 2050 ആകുമ്പോഴേക്കും കടൽ വെള്ളത്തിന്റെ ഉപരിതല ഉൗഷ്മാവ് 0.5 ഡിഗ്രി സെൽഷ്യസ് ഉയരും. 2100 ആവുമ്പോഴേക്കും കൊച്ചിയിലെ സമുദ്രോപരിതലത്തിന്റെ നിരപ്പ് ഒരു മീറ്ററെങ്കിലും ഉയരും. കരയും കടലും തമ്മിലുള്ള ഉയര വ്യത്യാസം കൊച്ചിയുടെ ഏതാണ്ടു പകുതിയിലേറെ സ്ഥലത്ത് ഒരു മീറ്ററിൽ താഴെയാണെന്നറിയുമ്പോൾ ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും നമ്മുടെ മുറ്റത്താണെന്നു മനസ്സിലാക്കാം.
സ്വഭാവം മാറുന്ന മഴ കേരളത്തിലെ മഴയ്ക്കു താളമുണ്ട്. മുഖം കറുപ്പിച്ച് കർക്കടകം പെയ്യാനിറങ്ങിയാൽ എപ്പോൾ പെയ്തുകേറുമെന്നൊരു വ്യവസ്ഥയില്ല. ഇടിയും മിന്നലുമായി അലറിത്തുള്ളി തുലാവർഷം വരുന്നതിനൊരു ചേലുണ്ട്. ഇന്ന് അതു വല്ലതും കാണുന്നുണ്ടോ?
കൊച്ചിയിൽ മഴ കുറയുന്നുവെന്നാണു കണക്ക്. പ്രതിവർഷം എട്ടു മില്ലീമീറ്റർ കുറവുണ്ട്. പ്രതിവർഷം രണ്ടു മീറ്റർ മഴപെയ്യുന്ന കൊച്ചിയിൽ ഇതൊരു കുറവാണോ എന്നൊക്കെ ചോദിക്കാം. എന്നാൽ മഴയുടെ സ്വഭാവത്തിലെ മാറ്റം അറിയുമ്പോൾ ആ ചോദ്യം ഉയരില്ല.
വർഷത്തിൽ 160 ദിവസം കിട്ടിയിരുന്ന മഴ 120 ദിവസത്തിലേക്കോ, 100–ലേക്കൊ കുറയുകയാണ്. ഇക്കുറി കാലവർഷവും തുലാവർഷവും വറ്റിപ്പോയതു കണ്ടില്ലേ...ഒരാഴ്ച പെയ്യേണ്ട മഴ ഒറ്റ ദിവസം പെയ്താലോ? മഴവെള്ളം മണ്ണിലിറങ്ങാതെ കുത്തിയൊലിച്ചു പോകും. വെള്ളക്കെട്ടാകും, നാശനഷ്ടങ്ങളുണ്ടാവും. ചെന്നൈ നഗരത്തെ മുക്കിക്കളഞ്ഞതു മഴയുടെ അത്തരമൊരു മാറ്റമാണ്.
കടലിനെ പേടിക്കേണ്ട കര കടൽ കരയേക്കാൾ ചൂടുപിടിക്കും, അതിനാൽത്തന്നെ തണുക്കാനും നേരം ഏറെവേണം.  കടലിന്റെ സ്വഭാവം മാറിയാൽ എന്തു സംഭവിക്കുമെന്നു പറയാനാവില്ല.അര ലീറ്റർ പാൽ തിളച്ചുവരുമ്പോൾ സംഭവിക്കുന്നത് എന്താണ്, പാത്രത്തിന്റെ വക്കോളം ഉയരുന്നു. കടലിന്റെ സ്വഭാവവും അതുതന്നെ. കടലിന്റെ കലി ഏറെ അനുഭവിക്കേണ്ടിവരുന്ന നഗരമാവും കൊച്ചി. അന്തരീക്ഷ താപനിലയും സമുദ്രോപരിതലത്തിലെ താപനിലയും ഇതേ ക്രമത്തിലാണു വർധിക്കുന്നതെങ്കിൽ 2100ൽ കൊച്ചി ഇന്നുള്ളതിന്റെ പകുതിമാത്രമുള്ള പ്രദേശമാകും. കാരണം കൊച്ചി നഗരത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും ഏതാണ്ടു കടൽ നിരപ്പിനൊപ്പമാണ്.ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും കേരളത്തിലെ 329 തീര മേഖലകളെ വെള്ളത്തിലാക്കുമെന്നു സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ പഠനം മുന്നറിയിപ്പു നൽകുന്നു. കൊച്ചി തീരത്തെ വില്ലിങ്ഡൻ  ദ്വീപ്, ഓച്ചന്തുരുത്ത്, അപ്പങ്ങാട്, മഞ്ഞനക്കാട്, വല്ലാർപാടം, താന്തോണിത്തുരുത്ത്, മുളവുകാട് ദ്വീപുകളെ കടൽ നിരപ്പുയരുന്നതു ദോഷകരമായി ബാധിക്കും.
കോമൻതുരുത്ത്, തേവര, നെട്ടൂർ, മരട്, പനമ്പുകാട്, പിഴല, കടമക്കുടി, കുറങ്കോട്ട, മൂലമ്പിള്ളി, ചേരാനല്ലൂർ, കോതാട്, ഇടയക്കുന്നം, ചേന്നൂർ എന്നിവയും കടലിന്റെ ഭീഷണി ലിസ്റ്റിലുണ്ട്.കടൽ നിരപ്പ് കാര്യമായുയർന്നാൽ കുമ്പളങ്ങി, ചാത്തമ്മ, ചേപ്പനം, വളന്തക്കാട്, കുമ്പളം, പനങ്ങാട് മേഖലകളെയും ബാധിക്കും.  കര കടലെടുക്കുന്നുവെന്നു മാത്രമല്ല, അവിടെയുയർത്തിയ കെട്ടിടങ്ങളും പതിനായിരക്കണക്കിനാളുകളുടെ ജീവിതോപാധികളും നഷ്ടമാകുന്നുവെന്നു കൂടിയാണ് ഇതിന്റെ അർഥം.ഭൂമിക്കടിയിലെ പാളികളുടെ ചലനം മൂലം കര താഴുകയും ഉയരുകയും ചെയ്യുന്ന പ്രതിഭാസത്തിലും കൊച്ചി നഷ്ടത്തിന്റെ ഭാഗത്താണ്. ഇതും കൊച്ചിയുടെ ഇന്നുള്ള കരയിലേക്കു കടൽ എത്തിനോക്കാൻ ഇടയാക്കും. 100–200 വർഷം അപ്പുറത്തേക്കുള്ള അനുമാനങ്ങൾ മാത്രമാണിത്.
മത്തിയുടെ പലായനം മത്തി കേരള തീരം വിടുന്നുവെന്നതു 10 വർഷം മുൻപു കൗതുക വാർത്തയായിരുന്നു. മൽസ്യ മാർക്കറ്റിൽ മത്തി കിട്ടാതായതോടെ ഇപ്പോഴത് എല്ലാവരും അംഗീകരിച്ചു. മത്തി പോയതു കാലാവസ്ഥ മാറിയതുകൊണ്ടാണ്. കടൽവെള്ളത്തിന്റെ താപനില ചെറുതായൊന്നു ഉയർന്നാൽ മതി, മൽസ്യങ്ങളുടെ ഭക്ഷ്യശൃംഖല മുറിഞ്ഞുപോകും. മൽസ്യങ്ങളുടെ പ്രജനന ശേഷി കുറയും. തണുപ്പുള്ള സ്ഥലങ്ങളിലേക്കു മൽസ്യങ്ങൾ പലായനം ചെയ്യും.മത്തി കേരള തീരം വിട്ടതും, മത്തിക്കു പുറകെ ഒട്ടേറെ മൽസ്യ ഇനങ്ങൾ പലായനത്തിന് ഒരുങ്ങുകയും ചെയ്യുന്നത് ഇതുകൊണ്ടാണ്. ആഴക്കടലിൽ മൽസ്യബന്ധനം നടത്തുന്നവർക്ക് ഇതൊന്നും പ്രശ്നമാവില്ല. എന്നാൽ തീരക്കടലിൽ അന്നം തേടുന്ന പരമ്പരാഗത മൽസ്യത്തൊഴിലാളിക്കു വറുതിയുടെ നാളുകൾ വരുന്നത് ഇങ്ങനെയാണ്. കായലിലും പുഴകളിലും കുളവാഴയും പായലും നിറയുന്നതും കാലാവസ്ഥാ മാറ്റത്തിന്റെ സൂചനകൾ തന്നെ.‌
കൊച്ചി ചൂടാവുന്നു ചൂടായാലെന്താ, എയർ കണ്ടീഷണർ പ്രവർത്തിപ്പിക്കാൻ വൈദ്യുതിയുണ്ടായാൽ പോരേ എന്നു ചോദിക്കുന്നവരും നമുക്കിടയിലുണ്ട്. എസിക്കും തടുക്കാനാവാത്തവിധം കൊച്ചി ചൂടാവുകയാണെന്ന് അവരും അറിയണം. കാലാവസ്ഥാ വ്യതിയാനം കൊച്ചിയെ എങ്ങനെ ബാധിക്കുന്നുവെന്നതു സംബന്ധിച്ച് ഏറ്റവും അവസാനം നടന്ന പഠനം 2000–ത്തിലാണ്. 50 മുതൽ 100 വർഷംവരെയുള്ള കണക്കുകൾ പരിശോധിച്ചാണു പഠനങ്ങൾ നടത്തുന്നതെങ്കിലും കൊച്ചിയുടെ കാര്യത്തിൽ കഷ്ടി 50 വർഷത്തെ കണക്കുകളേ ലഭ്യമായിട്ടുള്ളൂ. ഇക്കാലയളവിൽ താഴ്ന്ന ഉൗഷ്മാവിൽ ഒരു ഡിഗ്രി വർധനയുണ്ടായിട്ടുണ്ട്.
പുതിയൊരു പഠനത്തിൽ ഇൗ നിരക്കു കൂടാനാണു സാധ്യത. ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ചിന്റേതാണു പഠനം. കൊച്ചി ഉൾപ്പെടുന്ന ദക്ഷിണേന്ത്യയിൽ 2100ൽ താപനില 1.5 ഡിഗ്രി സെൽഷ്യസ് മുതൽ 5.8 ഡിഗ്രി സെൽഷ്യസ് വരെ വർധിച്ചേക്കാമെന്നാണു കണക്കാക്കുന്നത്. കടൽവെള്ളത്തിന്റെ ഉപരിതലോഷ്മാവ് 2050 ആകുമ്പോഴേക്കും ഒരു ഡിഗ്രിയോളം ഉയരും. ഇതൊരു ചെറിയ മാറ്റമല്ല.ഇപ്പോൾ രാവിലെ 20–22 ഡിഗ്രിയാണു കൊച്ചിയിലെ അന്തരീക്ഷോഷ്മാവ്. പകൽ ഇതു 30–32 വരെയെത്തുന്നു. വേനലിൽ 37 വരെയെത്താറുണ്ട്. 37ൽ നിന്ന് ഒരു ഡിഗ്രി ഉൗഷ്മാവ് ഉയരുകയെന്നാൽ അസഹ്യമാവും കൊച്ചിയിലെ ജീവിതം.
ശരീരം പുഴുങ്ങുന്ന ചൂട് മൂന്നാറിൽ 32 ഡിഗ്രി ചൂടും കൊച്ചിയിലെ അതേ ചൂടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. മൂന്നാറിലെ 32 ഡിഗ്രി നമ്മെ തളർത്തില്ല, കൊച്ചിയിലേതു വിയർത്തൊലിപ്പിച്ചു ശരീരം പുഴുങ്ങിയ പോലാകും. കൊച്ചിയിൽ അന്തരീക്ഷത്തിൽ ഇൗർപ്പം കൂടുകയാണെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.താപനിലയിൽ ഒരു ഡിഗ്രി വർധനയുണ്ടായാൽ ഇൗർപ്പം ഇപ്പോഴുള്ളതിന്റെ ഏഴു ശതമാനം കൂടും. ഇൗർപ്പത്തിലെ വർധന കടലോര പ്രദേശങ്ങളിൽ പെട്ടെന്നുള്ള മഴയ്ക്കു കാരണമാകും. അന്തരീക്ഷ ഉൗഷ്മാവിൽ ഇൗർപ്പം കൂടിയാൽ ശരീരം വിയർത്തു നാശമാവും. നിർജലീകരണം, ഉറക്കക്കുറവ്, ത്വക്ക് രോഗങ്ങൾ, തലകറക്കം തുടങ്ങി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് ഇടയാക്കും.

No comments :

Post a Comment