Friday, 23 December 2016

പാസ്പോര്‍ട്ട് അപേക്ഷ മാനദണ്ഡങ്ങളില്‍ ഇളവ്; ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല

ഉണ്ണി കൊടുങ്ങല്ലൂര്‍

പാസ്പോര്‍ട്ട് അപേക്ഷ മാനദണ്ഡങ്ങളില്‍ ഇളവ്; ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല

ന്യൂഡൽഹി ∙ പാസ്പോര്‍ട്ട് അപേക്ഷ മാനദണ്ഡങ്ങളില്‍ വിദേശകാര്യമന്ത്രാലയം ഇളവുവരുത്തി. ഇനി ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവ ഉപയോഗിക്കാം. പങ്കാളിയുടെ പേര് ചേര്‍ക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയും ഒഴിവാക്കി. 1989 ജനുവരി 26നോ അതിനുശേഷമോ ജനിച്ചവര്‍ക്ക് പാസ്പോര്‍ട്ട് അപേക്ഷയ്ക്കൊപ്പം ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്ന നിയമത്തിലാണ് വിദേശകാര്യമന്ത്രാലയം മാറ്റംവരുത്തിയത്.
ഇനി ഏതൊരാള്‍ക്കും ജനന സര്‍ട്ടിഫിക്കറ്റില്ലെങ്കിലും അപേക്ഷ സമര്‍പ്പിക്കാം. ജനന സര്‍ട്ടിഫിക്കറ്റിനു പകരം ആധാര്‍ കാര്‍ഡ് നല്‍കിയാല്‍ മതി. ഇതുകൂടാതെ എസ്എസ്എൽസി സര്‍ട്ടിഫിക്കറ്റ്, പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈ‍സന്‍സ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും സമര്‍പ്പിക്കാം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍വീസ് റെക്കോര്‍ഡിന്‍റെ പകര്‍പ്പ്, വിരമിച്ചവര്‍ക്ക് പേ പെന്‍ഷന്‍ ഓര്‍ഡറിന്‍റെ പകര്‍പ്പ് എന്നിവ ഹാജരാക്കാം. ഇവ ജോലിചെയ്ത സ്ഥാപനത്തിലെ അധികാരി സാക്ഷ്യപ്പെടുത്തണം. മറ്റ് ഇളവുകള്‍ ഇവയാണ്: മാതാപിതാക്കളില്‍ ഒരാളുടെ പേര് മാത്രം ചേര്‍ത്താലും അപേക്ഷ പരിഗണിക്കും. വിവാഹമോചിതരും വേര്‍പിരി‍ഞ്ഞു താമസിക്കുന്നവരും പങ്കാളിയുടെ പേര് നല്‍കണമെന്നില്ല. വിവാഹമോചിതര്‍ക്ക് വിവാഹമോചനം അനുവദിച്ച് കോടതിയില്‍നിന്ന് നല്‍കുന്ന ഉത്തരവിന്‍റെ പകര്‍പ്പും ഹാജരാക്കേണ്ടതില്ല.
അനാഥരായ കുട്ടികള്‍ക്ക് അനാഥാലയമോ ചൈല്‍ഡ് കെയര്‍ ഹോമോ അവരുടെ ഔദ്യോഗിക ലെറ്റര്‍ ഹെഡില്‍ ജനനത്തീയതി രേഖപ്പെടുത്തി നല്‍കിയാല്‍ മതി. ഇനി മുതല്‍ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കിയാല്‍ മതിയെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
സന്ന്യാസിമാര്‍ക്ക് രക്ഷിതാവിന്‍റെ സ്ഥാനത്ത് ആത്മീയഗുരുവിന്‍റെ പേര് നല്‍കാം. എന്നാല്‍ ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയിലെതെങ്കിലും രേഖയില്‍ ആത്മീയ ഗുരുവിന്‍റെ പേര് രക്ഷിതാവിന്‍റെ സ്ഥാനത്ത് ഉണ്ടാകണം. ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഏതുസമയവും വിദേശകാര്യമന്ത്രാലയത്തിന്‍റെ സഹായംതേടുന്നതിനായി ട്വിറ്റര്‍ സേവയ്ക്കും വിദേശകാര്യമന്ത്രാലയം തുടക്കംകുറിച്ചു. 

No comments :

Post a Comment