Saturday, 17 December 2016

ഇനി മുഖ്യം ഡിജിറ്റൽ കറൻസി

ഉണ്ണി കൊടുങ്ങല്ലൂര്‍

ഇനി മുഖ്യം ഡിജിറ്റൽ കറൻസി

ന്യൂഡല്‍ഹി: അസാധുവാക്കപ്പെട്ട നോട്ടുകളുടെ മൂല്യത്തിന് തുല്യമായ കറന്‍സി ഇനി വിപണിയിലിറക്കില്ല. കുറച്ചു നോട്ടുകളും ബാക്കി ഡിജിറ്റല്‍ കറന്‍സിയും എന്നതായിരിക്കും സമീപനം.

ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ അതിന്റെ ഭാഗമാണ്. 15.44 ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് പിന്‍വലിച്ചത്്. അതു മുഴുവന്‍ നോട്ടായി വീണ്ടും അച്ചടിച്ചിറക്കില്ലെന്ന് വ്യവസായികളുടെ സംഘടനയായ 'ഫിക്കി'യുടെ വാര്‍ഷിക യോഗത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സൂചിപ്പിച്ചു.

500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് ധീരമായ നടപടിയാണ്. ഇന്ത്യക്ക് അതിനുള്ള ശേഷിയുള്ളതുകൊണ്ടാണ് സര്‍ക്കാറിന് അത്തരമൊരു തീരുമാനമെടുക്കാന്‍ സാധിച്ചത്. നികുതിവെട്ടിപ്പ്, കള്ളപ്പണം, കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്ക് വളംവെക്കുന്നതും പണം കൂടുതലായി പ്രചാരത്തിലുള്ളതുമായ സമ്പദ്വ്യവസ്ഥയില്‍നിന്ന് മാറി പുതിയൊരു രീതിയിലേക്ക് കാര്യങ്ങള്‍ മാറുകയാണ്. കറന്‍സി കുറച്ചുമാത്രമേ ഉണ്ടാവുകയുള്ളെങ്കിലും ബാക്കി ഡിജിറ്റല്‍ കറന്‍സിയായി നിലനിര്‍ത്താന്‍ ശ്രമിക്കും.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നോട്ടുകളുടെ സാധുവാക്കല്‍ പ്രക്രിയ അധികനാള്‍ നീളില്ല. ബാങ്കുകളിലും പോേസ്റ്റാഫീസുകളിലും ആവശ്യത്തിന് പണമെത്തിക്കുന്ന പ്രവര്‍ത്തനത്തിലാണ് റിസര്‍വ് ബാങ്ക്. മറുവശത്ത് ഡിജിറ്റല്‍ മാര്‍ഗത്തിലുള്ള പണമിടപാട് കൂടിവരുന്നുണ്ട്. പണം സാധുവാക്കല്‍ പ്രക്രിയ പൂര്‍ത്തിയാവുന്നതോടെ, 70 വര്‍ഷമായി തുടരുന്ന പഴയ പതിവുരീതിയില്‍നിന്ന് ഓരോ ഇന്ത്യക്കാരനും പുതിയ പതിവുരീതിയിലേക്ക് സ്വാഭാവികമായും മാറും. ഇപ്പോഴത്തെ താത്കാലിക ബുദ്ധിമുട്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമാവും-ജെയ്റ്റ്‌ലി പറഞ്ഞു.

ചരക്കു-സേവന നികുതി അടുത്ത കൊല്ലം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തിലാവാന്‍ സാധ്യത കുറവാണെന്നും ജെയ്റ്റ്‌ലി സൂചിപ്പിച്ചു. ഏപ്രില്‍ ഒന്നിനും സെപ്റ്റംബര്‍ 16-നും ഇടയില്‍ എപ്പോള്‍ വേണമെങ്കിലും പ്രാബല്യത്തില്‍ വരുത്താവുന്നതേയുള്ളൂ. ആദായനികുതിപോലെയല്ല, മറിച്ച് ജി.എസ്.ടി. ഇടപാട് നികുതിയാണ്. അത് ധനകാര്യവര്‍ഷത്തിന്റെ ഇടയ്ക്കുവെച്ചും തുടങ്ങാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

No comments :

Post a Comment