Tuesday, 27 December 2016

തിരഞ്ഞെടുപ്പ് നിയമം പരിഷ്‌കരിക്കുന്നു; സംഭാവനകള്‍ക്ക് 'പിടി'വീഴും

ഉണ്ണി കൊടുങ്ങല്ലൂര്‍

തിരഞ്ഞെടുപ്പ് നിയമം പരിഷ്‌കരിക്കുന്നു; സംഭാവനകള്‍ക്ക് 'പിടി'വീഴും


പാര്‍ട്ടികളും സ്ഥാനാര്‍ഥികളും വാങ്ങുന്ന സംഭാവനയ്ക്ക് കൃത്യമായ കണക്കും വന്‍തുക നല്‍കുന്നവരുടെ പാന്‍ നമ്പറും നിര്‍ബന്ധമാക്കും.

  • ലക്ഷ്യം തിരഞ്ഞെടുപ്പ് സുതാര്യമാക്കല്‍
  • നിയമകമ്മിഷന്‍ ശുപാര്‍ശകള്‍ ദൗത്യസമിതി അംഗീകരിച്ചു
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിലെ പണാധിപത്യത്തിന് നിയന്ത്രണം വരുത്താന്‍ നിയമഭേദഗതി വരുന്നു. പാര്‍ട്ടികളും സ്ഥാനാര്‍ഥികളും വാങ്ങുന്ന സംഭാവനയ്ക്ക് കൃത്യമായ കണക്കും വന്‍തുക നല്‍കുന്നവരുടെ പാന്‍ നമ്പറും നിര്‍ബന്ധമാക്കും. 1951-ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതിചെയ്യുന്ന ബില്ല് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ഉന്നതവൃത്തങ്ങള്‍ 'മാതൃഭൂമി'യോട് പറഞ്ഞു.

തിരഞ്ഞെടുപ്പ് പരിഷ്‌കരണത്തെക്കുറിച്ചുള്ള നിയമകമ്മിഷന്‍ റിപ്പോര്‍ട്ട് പഠിച്ച പ്രത്യേക ദൗത്യസംഘത്തിന്റെ (ടാസ്‌ക് ഫോഴ്‌സ്) ശുപാര്‍ശയനുസരിച്ചാണ് ഭേദഗതി തയ്യാറാക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ രണ്ടാഴ്ചമുമ്പ് സമര്‍പ്പിച്ച നിര്‍ദേശങ്ങളും കണക്കിലെടുക്കും.
സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് തിരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യുന്ന ദിവസംമുതല്‍ കണക്കാക്കണമെന്ന കമ്മിഷന്റെ ശുപാര്‍ശ ദൗത്യസംഘം തള്ളി. തിരഞ്ഞെടുപ്പ് ചെലവ് മുഴുവനായും സര്‍ക്കാര്‍ വഹിക്കുന്നത് ഇന്നത്തെ ചുറ്റുപാടില്‍ പ്രായോഗികമല്ലെന്ന നിലപാട് ശരിവെച്ചു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ സ്വീകരിക്കാനും അവ വിതരണം ചെയ്യാനും പ്രത്യേക 'ട്രസ്റ്റ്' രൂപവത്കരിച്ച് അവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശ അംഗീകരിച്ചു.

ദൗത്യസിമിതി അംഗീകരിച്ച ശുപാര്‍ശകള്‍

സ്ഥാനാര്‍ഥികള്‍ക്ക് ബാധകമായവ

* സ്വകാര്യകമ്പനികള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ വാര്‍ഷിക ജനറല്‍ ബോഡിയുടെ അനുമതിവേണം (നിലവില്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചാല്‍ മതി)
* സ്ഥാനാര്‍ഥിയും ഏജന്റും വ്യക്തികളില്‍നിന്നോ പാര്‍ട്ടികളില്‍നിന്നോ സ്വീകരിക്കുന്ന സംഭാവന ചെക്കുമുഖേനയോ ബാങ്ക് ഇടപാടിലൂടെയോ മാത്രമേ ആകാവൂ
* സംഭാവന നല്‍കുന്ന ആളുടെ പേരും വിലാസവും പാന്‍ നമ്പറും രേഖപ്പെടുത്തി വരവുചെലവ് കണക്ക് തിര. കമ്മിഷന് സമര്‍പ്പിക്കണം. ഇതിനായി ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം ഭാഗത്ത് പ്രത്യേക വകുപ്പ് ഉള്‍പ്പെടുത്തണം
* സ്ഥാനാര്‍ഥിയുടെ സംഭാവന-ചെലവ് വിവര റിപ്പോര്‍ട്ട് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തണം
* കണക്കുകള്‍ സമര്‍പ്പിക്കാത്ത സ്ഥാനാര്‍ഥിക്ക് അഞ്ചുവര്‍ഷത്തേക്ക് വിലക്ക്

പാര്‍ട്ടികള്‍ക്ക് ബാധകമായവ

* രാഷ്ട്രീയപ്പാര്‍ട്ടികള്‍ സി.എ.ജി.യുടെ അംഗീകാരമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെക്കൊണ്ട് ഓഡിറ്റുചെയ്ത വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സംഭാവനയുടെയും ചെലവിന്റെയും കൃത്യമായ കണക്കുകള്‍ അതില്‍ കാണണം. ഇത് കമ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും
* 20,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ സംഭാവനകളും വെളിപ്പെടുത്തണം
* 20,000 രൂപവരെ പല പ്രാവശ്യമായി ഒരാള്‍ നല്‍കുന്ന സംഭാവനകളും കാണിക്കണം
* 20,000 രൂപയ്ക്ക് മുകളില്‍ സംഭാവന നല്‍കുന്നവരുടെ പാന്‍ കാര്‍ഡ് നമ്പര്‍ കാണിക്കണം
* 20,000 രൂപയ്ക്ക് താഴെയുള്ള മൊത്തം സംഭാവന 20 കോടി രൂപയോ പാര്‍ട്ടിക്ക് ലഭിക്കുന്ന മൊത്തം സംഭാവനയുടെ 20 ശതമാനത്തില്‍ കൂടുതലോ ആയാല്‍ ആ വിവരങ്ങളും നല്‍കണം
* നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നുമാസത്തിനകവും ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് 75 ദിവസത്തിനകവും കണക്ക് സമര്‍പ്പിക്കണം
* പാര്‍ട്ടികള്‍ കഴിയുന്നതും ചെക്ക്, ഡ്രാഫ്റ്റ് മുഖേന മാത്രമേ പണം ചെലവഴിക്കാവൂ
* കണക്ക് സമര്‍പ്പിക്കാത്ത പാര്‍ട്ടിക്ക് നികുതിയിളവില്ല. ദിവസം 25,000 രൂപവെച്ച് പിഴ. കണക്ക് സമര്‍പ്പിക്കാതെ മൂന്നുമാസം പിന്നിട്ടാല്‍ തിര. കമ്മിഷന് പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കാം. സമര്‍പ്പിച്ച വിവരങ്ങള്‍ തെറ്റാണെന്നുകണ്ടാല്‍ 50 ലക്ഷം രൂപവരെ പിഴയിടാം

No comments :

Post a Comment