Thursday, 22 December 2016

പാതയോരത്ത് ഇനി പൂമരങ്ങളല്ല; ഫലവൃക്ഷം

ഉണ്ണി കൊടുങ്ങല്ലൂര്‍

പാതയോരത്ത് ഇനി പൂമരങ്ങളല്ല; ഫലവൃക്ഷം

പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും വനങ്ങളിലും ഇനി തണൽമരങ്ങളും പൂമരങ്ങളും നട്ടുപിടിപ്പിക്കേണ്ടെന്നു സർക്കാർ. ഇവയ്ക്കു പകരം ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാനാണു നിർദേശം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ നിർദേശം വച്ചത്. ഇതു കർശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നു കഴിഞ്ഞദിവസം വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മരങ്ങൾ നടുമ്പോൾ ഭാവിതലമുറയ്ക്കു പ്രയോജനപ്പെടണമെന്നാണു മുഖ്യമന്ത്രിയുടെ നിലപാട്. സർക്കാർ അധീനതയിലുള്ള ആയിരക്കണക്കിനു ഹെക്ടർ ഭൂമിയിൽ അക്കേഷ്യ പോലെ പരിസ്ഥിതിക്കു ദോഷകരമായ മരങ്ങൾ വച്ചുപിടിപ്പിച്ചതു തെറ്റായി. ഇതു തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭംഗിക്കുവേണ്ടി മാത്രം തണൽമരങ്ങളും പൂമരങ്ങളും വച്ചുപിടിപ്പിക്കുന്നതിനോടും യോജിപ്പില്ല. ദേശീയപാത ഉൾപ്പെടെ റോഡുകൾ വീതികൂട്ടുമ്പോൾ മുറിക്കുന്ന മരങ്ങൾക്കു പകരം ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കണം.
ഡിവൈഡറുകളിൽ വൻമരങ്ങളായി വളരാത്ത ഫലവൃക്ഷങ്ങൾ നടണം. ഓരോ പ്രദേശത്തെയും സാഹചര്യമനുസരിച്ചു നട്ടുപിടിപ്പിക്കേണ്ട ഫലവൃക്ഷങ്ങളെക്കുറിച്ചുള്ള വിദഗ്ധ നിർദേശം പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ഉൾപ്പെടെ സ്ഥാപനങ്ങൾ നൽകണം. പരിസ്ഥിതി ദിനത്തിലും മറ്റും സ്കൂൾ വിദ്യാർഥികൾ വഴി വനംവകുപ്പു വിതരണം ചെയ്യുന്ന വൃക്ഷത്തൈകളും ഫലവൃക്ഷങ്ങളുടേതാകണം.
വനത്തിൽ കാട്ടുതീയും മറ്റുംമൂലം മരങ്ങൾ നശിച്ച മേഖലകളിൽ പുതിയ മരങ്ങൾ നട്ടുപിടിപ്പിക്കാൻ വനംവകുപ്പ് പ്രത്യേകം ശ്രദ്ധിക്കണം. കാടുകളിലെ നീർത്തടങ്ങൾ സംരക്ഷിക്കാൻ സമീപമേഖലകളിൽ അനുയോജ്യമായ മരങ്ങൾ നടണം. നട്ട മരങ്ങൾ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

No comments :

Post a Comment