Monday, 26 December 2016

മണിയെ മന്ത്രിസഭയിൽനിന്നു മാറ്റണമെന്ന് വിഎസ്; അയോഗ്യതയില്ലെന്ന് കോടിയേരി

ഉണ്ണി കൊടുങ്ങല്ലൂര്‍

മണിയെ മന്ത്രിസഭയിൽനിന്നു മാറ്റണമെന്ന് വിഎസ്; അയോഗ്യതയില്ലെന്ന് കോടിയേരി

തിരുവനന്തപുരം ∙ അഞ്ചേരി ബേബി വധക്കേസിൽ വിടുതൽ ഹർജി തള്ളിയ സാഹചര്യത്തിൽ വൈദ്യുത മന്ത്രി എം.എം.മണിയെ മന്ത്രിസഭയിൽ നിന്നു മാറ്റണമെന്ന് ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി വിഎസ് കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. കൊലക്കേസിൽ പ്രതിയായ വ്യക്തി മന്ത്രിസഭയിൽ തുടരുന്നത് അധാർമികമാണ്. കോടതി വിധി കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കണമെന്നും വിഎസിന്റെ കത്തിൽ വ്യക്തമാക്കുന്നു.

Read More: കൊലക്കേസിൽ മന്ത്രി മണി പ്രതി തന്നെ
എന്നാൽ, മന്ത്രിസ്ഥാനത്ത് തുടരാൻ എം.എം.മണിക്ക് അയോഗ്യതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. മണിയെ മാറ്റണമെന്ന വിഎസിന്റെ കത്തിനെക്കുറിച്ച് തനിക്കറിയില്ല. ഇ.പി. ജയരാജൻ രാജിവച്ച സാഹചര്യവുമായി ഇപ്പോഴത്തെ കാര്യങ്ങളെ ബന്ധിപ്പിക്കാനാകില്ല. മന്ത്രിയായശേഷം നേരിട്ട ആരോപണത്തിന്റെ പേരിലായിരുന്നു ജയരാജന്റെ രാജി. തന്റെ പേരിൽ കേസുണ്ടെന്ന് തുറന്നു പറഞ്ഞാണ് മണി തിരഞ്ഞെടുപ്പിൽ മൽസരിച്ചതും ജയിച്ചതും– കോടിയേരി വ്യക്തമാക്കി.
മണിയുടെ വിടുതൽ ഹർജി തള്ളിയതോടെ അദ്ദേഹത്തെ മന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മണിക്ക് പൂർണ പിന്തുണ നൽകുന്നതായിരുന്നു പാർട്ടിയുടെ നിലപാട്. മുഖ്യ ഘടകക്ഷിയായ സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മണിക്ക് പിന്തുണ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മണിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിഎസ് കേന്ദ്രത്തിന് കത്തയച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 

No comments :

Post a Comment