Saturday, 17 December 2016

നോട്ടുകൾ കുറയ്ക്കുന്നു, ഇന്ത്യയിൽ ഇനി ഇടപാടുകൾക്ക് ഒരൊറ്റ നമ്പർ, എല്ലാം സുതാര്യം

ഉണ്ണി കൊടുങ്ങല്ലൂര്‍

നോട്ടുകൾ കുറയ്ക്കുന്നു, ഇന്ത്യയിൽ ഇനി ഇടപാടുകൾക്ക് ഒരൊറ്റ നമ്പർ, എല്ലാം സുതാര്യം! ‍

രാജ്യത്ത് കറൻസിരഹിത ഇടപാടുകൾ സജീവമാക്കുന്നതിന്റെ ഭാഗമായി പുതിയ ടെക്നോളജിയും പദ്ധതികളുമാണ് കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്യുന്നത്. സർക്കാർ തലത്തിൽ ലോകത്ത് തന്നെ ഒരു രാജ്യവും ഇതുവരെ പരീക്ഷിക്കാത്ത പദ്ധതികളാണ് ഇന്ത്യ പരീക്ഷിക്കാൻ പോകുന്നത്. ആധാർ, ബാങ്ക് അക്കൗണ്ടുകൾ, പിഒഎസ് മെഷീനുകൾ, സ്മാർട്ട്ഫോണുകൾ, ആപ്ലിക്കേഷനുകൾ, ബയോമെട്രിക് ഡിവൈസുകൾ എല്ലാം ഈ പദ്ധതിയുടെ ഭാഗമാകുമെന്നാണ് അറിയുന്നത്.
യുപിഎ സർക്കാരിന്റെ ഭരണക്കാലത്ത് തുടങ്ങിയ ആധാര്‍ കാർഡുകൾ ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമാക്കി കൂടുതല്‍ സജീവമാക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ആധാർ കാര്‍ഡുകൾ നാളത്തെ ഇ–മണിയുടെ ഭാഗമാകും. എല്ലാ ഇടപാടുകൾക്കും ആധാർ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന രീതിയിലാണ് കേന്ദ്ര സർക്കാർ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.
രാജ്യത്തെ എല്ലാ ബാങ്ക് അക്കൗണ്ടുകളും ആധാറുമായി യോജിപ്പിക്കൽ നിർബന്ധമാക്കും. ഇനി എന്തും ഏതും വാങ്ങാൻ ആധാർ കാർഡ് നിർബന്ധമായിരിക്കും. സ്മാർട്ട്ഫോൺ, ഡെബിറ്റ്, ക്രെഡിറ്റ്, മൊബൈൽ വോലെറ്റ് സേവനങ്ങൾ ഇല്ലാത്തവരെ കൂടി ഇ–പെയ്മെന്റിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് ആധാർ കാർഡ് ഡിജിറ്റൽ ഇടപാട് പരീക്ഷിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി തുടക്കത്തിൽ ഒരു കോടി ജനങ്ങൾക്ക് പരിശീലനം നൽകും.
ആധാർ അധിഷ്ടിത പെയ്മെന്റ് സിസ്റ്റം എങ്ങനെ സുഖകരമായി നടപ്പിലാക്കാമെന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. ആധാർ ഇ–പെയ്മെന്റ് സംവിധാനവുമായി മുന്നോട്ടു പോകുകയാണെന്ന് ധനമന്ത്രാലയം അറിയിച്ചു കഴിഞ്ഞു. പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുമതിയും ലഭിച്ചു.
രാജ്യത്ത് 30 കോടി ജനങ്ങൾക്ക് സ്വന്തമായി മൊബൈൽ ഫോണില്ല. എന്നാൽ ഇവർക്കെല്ലാം ആധാർ കാർഡ് നൽകി ബാങ്ക് അക്കൗണ്ടുമായി യോജിപ്പിച്ച് ഇ–പെയ്മെന്റ് സേവനം ഉപയോഗിക്കാൻ സാധിക്കും. 112 കോടി സേവിങ് ബാങ്ക് അക്കൗണ്ടുകളുണ്ട്. ഇതിൽ 40 കോടി അക്കൗണ്ടുകൾ മാത്രമാണ് ആധാറുമായി ചേർത്തിരിക്കുന്നത്. ആധാര്‍ കാർഡ് ഇ–പെയ്മെന്റ് സംവിധാനം നടപ്പിലാക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി മോദിയും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയും ഐടി മന്ത്രി രവിശങ്കറും ചേർന്ന് പ്രാഥമിക ചർച്ചകൾ നടത്തി.
രാജ്യത്തെ എല്ലാ സേവനങ്ങൾക്കും ഇനി ആധാർ നമ്പർ നടപ്പിലാക്കും. സ്മാർട്ട്ഫോൺ, പിഒഎസ് മെഷീൻ എന്നിവയുമായും ആധാർ വിവരങ്ങൾ ഇന്റർനെറ്റ് വഴി കണക്റ്റ് ചെയ്യും. ഇതിനായി ബയോമെട്രിക് പരിശോധിക്കാനുള്ള ഡിവൈസുകൾ വ്യാപകമാക്കും. ഇ–പെയ്ന്റുകൾ എളുപ്പത്തിലാക്കാൻ സർക്കാർ നേതൃത്വത്തിൽ തന്നെ യുപിഐ എനേബിൾഡ് മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുക്കും. ഈ ആപ്ലിക്കേഷനിൽ ആധാര്‍ വെരിഫിക്കേഷനു സംവിധാനമൊരുക്കും. രണ്ടോ നാലോ ദിവസങ്ങൾക്കുള്ളിൽ ഈ ആപ്ലിക്കേഷൻ പുറത്തിറക്കുമെന്നും ഐടി മന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു.
ആപ്ലിക്കേഷൻ വഴി ഇ–പെയ്മെന്റ് നടത്തുമ്പോൾ ബാങ്ക് അക്കൗണ്ടുമായി ചേർത്ത ആധാർ നമ്പർ നൽകണം. തുടർന്ന് പെയ്മെന്റ് സുരക്ഷിതത്വത്തിനായി ഫിംഗർപ്രിന്റ് സ്കാനിങ് നടത്തും. ഇതോടെ പെയ്മെന്റ് പൂർത്തിയാകും. ഉപഭോക്താവിനു പ്രിന്റ് ബില്ലും നൽകും. ഈ സംവിധാനത്തിന്റെ സൗകര്യമെന്ന് പറയുന്നത് ബാങ്ക് അക്കൗണ്ടിലെ വിവരങ്ങൾ ആർക്കും കൈമാറേണ്ടതില്ലെന്ന എന്നതാണ്. ആധാർ ഇടപാടുകൾ ‍ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളേക്കാൾ സുരക്ഷിതമായിരിക്കുമെന്നാണ് സാങ്കേതിക വിദഗ്ധർ പറയുന്നത്. കാരണം പെയ്മെന്റ് വെരിഫൈ ചെയ്യാൻ ഫിംഗര്‍ പ്രിന്റ് സ്കാനിങ് ഉപയോഗപ്പെടുത്തുന്നുണ്ട്.
രാജ്യത്തെ ഒട്ടുമിക്ക കോമ്മൺ സർവീസ് സെന്ററുകളും എഇപിഎസ് ഇടപാടുകൾ നടത്തുന്നുണ്ട്. ഇതേ രീതി തന്നെയാണ് ഇ–പെയ്മെന്റിനായി കേന്ദ്ര സര്‍ക്കാരും നടപ്പിലാക്കാൻ പോകുന്നത്. പദ്ധതി നടപ്പിലാക്കാനായി രാജ്യത്തെ 500 ജില്ലകളിലും 6500 ബ്ലോക്ക് പഞ്ചായത്തുകളിലും ഡിജിറ്റൽ ഇടപാടുകളെ കുറിച്ച് പരിശീലനം നൽകും. പ്രധാനമായും ഗ്രാമീണരെ ലക്ഷ്യമിട്ടാണ് പരിശീലനം നൽകുക. ഗ്രാമീണരെ പരിശീലിപ്പിക്കാൻ 14 ലക്ഷം പേരെ ചുമതലപ്പെടുത്തു. ഓരോ പരിശീലകനും 40 പേരെ പഠിപ്പിക്കും. പരിശീലന പദ്ധതികൾക്ക് നേതൃത്വം നൽകാൻ എംപിമാർ തന്നെ രംഗത്തിറങ്ങും.
പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ പെയ്മെന്റിനെ കുറിച്ച് ക്യാംപെയിൻ നടത്താനായി ഡൽഹിയിലെ ധ്യാൻ ചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ രണ്ടു ദിന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ടുകൾ വ്യാപകമാക്കാനും ആധാർ സേവനങ്ങളെ കുറിച്ച് ബോധവത്കരിക്കാനും പ്രത്യേകം ക്ലാസുകൾ സംഘടിപ്പിക്കും.
രാജ്യത്ത് കുടിയേറിയിട്ടുള്ള തൊഴിലാളികൾക്കും ആധാർ സേവനം ഉപയോഗപ്പെടുത്താൻ സാധിക്കും. 27 മുന്‍നിര ബാങ്കുകൾ, സ്വകാര്യ മൊബൈൽ വോലെറ്റ് കമ്പനികൾ എല്ലാവരും സ്റ്റാളുകൾ തുടങ്ങും. പ്രിന്റ്, ദൃശ്യ, ഓൺൈലൻ മാധ്യമങ്ങളിലൂടെ ഇ–പെയ്മെന്റ് സാധ്യതകളെ കുറിച്ച് പരസ്യങ്ങൾ നൽകുന്നുണ്ട്. സേവിങ്സ് അക്കൗണ്ടുകളെ എത്രത്തോളം ആധാറുമായി ബന്ധപ്പെടുത്തുന്നോ അത്രയേറെ ഇ–പെയ്മെന്റുകൾ വര്‍ധിപ്പിക്കാനാകുമെന്ന് രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടത്.
ആധാർ ഇ–പെയ്മെന്റ് സംവിധാനം നടപ്പിലാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സജ്ജമാണ്. ആധാർ ഉപയോഗിക്കാൻ സാധിക്കുന്ന പിഒഎസ് മെഷീനുകൾ പുറത്തിറക്കാനാണ് ആർബിഐ നിർദ്ദേശിച്ചിരിക്കുന്നത്. നിലവിലുള്ള പിഒഎസ് മെഷീനുകൾ തിരിച്ചെടുത്ത് പുതിയത് ഇറക്കാനും നിർദ്ദേശമുണ്ട്. പുതിയ പദ്ധതിയെ കുറിച്ച് ചർച്ച ചെയ്യാൻ 50 ബാങ്ക് പ്രതിനിധികളുമായി രവിശങ്കർ പ്രസാദ് ചർച്ച നടത്തി. 

No comments :

Post a Comment