Saturday, 17 December 2016

അഞ്ച്‌ ദിവസം കൊണ്ട് രാജ്യത്തെ സഹകരണബാങ്കുകളിലെത്തിയത് 9000 കോടി

ഉണ്ണി കൊടുങ്ങല്ലൂര്‍

അഞ്ച്‌ ദിവസം കൊണ്ട് രാജ്യത്തെ സഹകരണബാങ്കുകളിലെത്തിയത് 9000 കോടി

മുംബൈ: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിക്കപ്പെട്ടതിന് ശേഷമുള്ള അഞ്ച് ദിവസം കൊണ്ട് 17 സംസ്ഥാനങ്ങളിലെ ജില്ലാ സഹകരണബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടത് 9000 കോടി രൂപ. നവംബര്‍ 10-നും 15-നും ഇടയിലാണ് ഇത്രയേറെ തുക സഹകരണബാങ്കുകളിലെത്തിയത്.

കേരളത്തിലെ സഹകരണബാങ്കുകളില്‍ ഈ ദിവസങ്ങളില്‍ 1810 കോടി രൂപ നിക്ഷേപിക്കപ്പെട്ടെന്നാണ് കണക്ക്. രാജ്യത്ത് ഏറ്റവും കൂടുതല്‍ നിക്ഷേപം ലഭിച്ച സംസ്ഥാനവും കേരളമാണ്.
കോടിക്കണക്കിന് രൂപയുടെ കിട്ടാക്കടവുമായി പ്രതിസന്ധി നേരിട്ട പലബാങ്കുകളിലും നോട്ട് അസാധുവാക്കലിന് ശേഷം കോടികളുടെ നിക്ഷേപമെത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയമാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നോട്ട് അസാധുവാക്കലിന് പിറകേ സഹകരണബാങ്കുകളിലേക്കുള്ള പണമൊഴുക്ക് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും അസാധുനോട്ടുകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് സഹകരണബാങ്കുകളെ വിലക്കിയത്.
എന്നാല്‍ വിലക്ക് വരും മുന്‍പ് വീണു കിട്ടിയ അഞ്ച് ദിവസം കൊണ്ട് തന്നെ സഹകരണബാങ്കുകളിലൂടെ കോടിക്കണക്കിന് രൂപയാണ് വെളുപ്പിച്ചെടുത്തത്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സഹകരണബാങ്കുകളിലൂടെ  വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്ന് മുന്‍ നബാര്‍ഡ് എംഡി ഡോ.കെജി കര്‍മാക്കര്‍ പറയുന്നു. സഹകരണബാങ്കുകളുടെ തലപ്പത്തുള്ള രാഷ്ട്രീയക്കാരും അവരുമായി ബന്ധം പുലര്‍ത്തുന്ന വ്യവസായികളുമാണ് കര്‍ഷകരുടെ പേരില്‍ അക്കൗണ്ട് തുടങ്ങി കള്ളപ്പണം വെളുപ്പിക്കുന്നത്.
കാര്‍ഷികരംഗം തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന കേരളത്തില്‍ 1800 ഓളം കോടി രൂപ പെട്ടെന്ന് നിക്ഷേപിക്കപ്പെട്ടതില്‍ ഉദ്യോഗസ്ഥരും അത്ഭുതം രേഖപ്പെടുത്തുന്നുണ്ട്.
പഞ്ചാബിലെ 20 സഹകരണബാങ്കുകളിലും കൂടി 1268 കോടി രൂപ നിക്ഷേപമായി എത്തിയപ്പോള്‍ സഹകരണരംഗം തളര്‍ന്നു കൊണ്ടിരിക്കുന്ന മഹാരാഷ്ട്രയില്‍ 1128 കോടി രൂപയാണ് നിക്ഷേപമായി സഹകരണബാങ്കുകളിലെത്തിയത്.
കടം തിരിച്ചടയ്ക്കാനാവാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന മഹാരാഷ്ട്രയിലെ സഹകരണബാങ്കുകളിലെത്തിയ പണം കള്ളപ്പണം വെളുപ്പിക്കാന്‍ സഹകരണബാങ്കുകള്‍ എങ്ങനെ ഉപയോഗിക്കപ്പെട്ടു എന്നതിന് തെളിവാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

No comments :

Post a Comment