Monday, 26 December 2016

നോട്ട് അസാധുവാക്കലിന് ശേഷം ബിഎസ്പിയുടെ അക്കൗണ്ടിലെത്തിയത് 104 കോടി രൂപ

ഉണ്ണി കൊടുങ്ങല്ലൂര്‍

നോട്ട് അസാധുവാക്കലിന് ശേഷം ബിഎസ്പിയുടെ അക്കൗണ്ടിലെത്തിയത് 104 കോടി രൂപ

ന്യൂഡൽഹി ∙ രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതിനു ശേഷം രാഷ്ട്രീയ പാർട്ടിയായ ബിഎസ്പിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത് 104 കോടി രൂപയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ തെളിഞ്ഞു. ബിഎസ്പി നേതാവ് മായാവതിയുടെ സഹോദരൻ ആനന്ദിന്റെ പേരിൽ ഡൽഹിയിലുള്ള യൂണിയൻ ബാങ്കിന്റെ അക്കൗണ്ടിലേക്ക് 1.43 കോടി രൂപ എത്തിയെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതർ അറിയിച്ചു.
യൂണിയൻ ബാങ്ക് ഒാഫ് ഇന്ത്യയുെട കരോൾ ബാഗ് ബ്രാഞ്ചിലെ അക്കൗണ്ടുകളിലേക്കാണ് നോട്ട് അസാധുവാക്കലിന് ശേഷം ഇത്രയും പണമെത്തിയത്. വലിയ തോതിൽ പണമെത്തിയ അക്കൗണ്ടുകൾ പരിശോധിക്കുന്നതിന്റെ ഭാഗമായി നടത്തിയ സർവേയിലാണ് കോടികൾ എത്തിയ കാര്യം തിരിച്ചറിഞ്ഞത്. വിഷയത്തിൽ ബിഎസ്പി പ്രതികരിച്ചിട്ടില്ല. ബാങ്കിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് 102 കോടി രൂപ നിക്ഷേപിച്ചത് അസാധുവാക്കിയ 1000 രൂപയുടെ നോട്ടുകൾ ആണ്. മൂന്നു കോടി രൂപ പഴയ 500 രൂപയുമാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. മിക്കവാറും ദിവസങ്ങളിൽ 15–17 ലക്ഷം രൂപയാണ് അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നത്.
ഇതേ ബ്രാഞ്ചിലെ മറ്റൊരു അക്കൗണ്ടിലായിരുന്നു മായാവതിയുടെ സഹോദരന്റെ പണം. 1.43 കോടി രൂപയാണ് കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിൽ, 18.98 ലക്ഷം രൂപ നോട്ട്അസാധുവാക്കലിന് ശേഷം നിക്ഷേപിച്ച പഴയ കറൻസിയായിരുന്നു. സംഭവം ആദായ നികുതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മായാവതിയുടെ സഹോദരന് നോട്ടിസ് അയക്കും. സിസിടിവി ദൃശ്യങ്ങളും അക്കൗണ്ട് സംബന്ധിച്ച കെവൈസി രേഖകളും നൽകാൻ ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. 

No comments :

Post a Comment