Friday, 30 December 2016

വൈദ്യുത ലൈനുകൾ വലിക്കുന്നതിന് ഭൂവുടമകളുടെ അനുവാദം ആവശ്യമില്ല; സുപ്രീം കോടതി

ഉണ്ണി കൊടുങ്ങല്ലൂര്‍

വൈദ്യുത ലൈനുകൾ വലിക്കുന്നതിന് ഭൂവുടമകളുടെ അനുവാദം ആവശ്യമില്ല; സുപ്രീം കോടതി

ന്യൂഡൽഹി: വൈദ്യുത ലൈനുകൾ വലിക്കുന്നതിന് ഭൂവുടമയുടെ അനുമതി തേടേണ്ടതില്ലെന്ന് സുപ്രീം കോടതി. പൊതു നിരത്തുകളിൽ തടസ്സം സൃഷ്ടിക്കുന്നത് ഇല്ലാതെയാകുന്നതിനും വിദൂര ഗ്രാമങ്ങളിൽ വരെ വൈദ്യുതിയെത്തിക്കുന്നതിനുളള തടസ്സം നീങ്ങുന്നതിനും നിർണ്ണായകമായ ഈ വിധി സഹായകരമാകുമെന്നു വിലയിരുത്തുന്നു. നേരത്തേ ഭൂവുടമകളുടെ മുൻകൂർ അനുമതിയോടു കൂടി മാത്രമേ സ്വകാര്യ ഭൂമിയിലൂടെ വൈദ്യുത ലൈനുകൾ വലിക്കുന്നതിനും ടവറുകൾ സ്ഥാപിക്കുന്നതിനും കഴിയുമായിരുന്നുളളൂ.
ഇതു സംബന്ധിച്ച് വിവിധ ഹൈക്കോടതികളിൽ നിലവിലിരുന്ന തർക്കങ്ങൾക്കു കൂടി ഇതുവഴി തീർപ്പാകുകയാണ്. ഏറ്റവും പ്രാധാന്യം രാജ്യത്തെ എല്ലായിടങ്ങളിലും, രാജ്യത്തെ അവസാന വീട്ടിൽ വരെ വൈദ്യുതിയെത്തിക്കുന്നതിനായി കേന്ദ്രസർക്കാരിനെ പര്യാപ്തമാക്കുകയെന്നതാണെന്ന് സുപ്രീം കോടതി പ്രസ്താവിച്ചു.
ജസ്റ്റിസുമാരായ എ.കെ സിക്രി, ആർ. ഭാനുമതി എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി. ഭാരതം വൈദ്യുതി അപര്യാപ്തതയുളള രാജ്യമാണെന്നത് ഏവർക്കും അറിയുന്ന കാര്യമാണ്. നിരവധി കുടുംബങ്ങൾ സ്വന്തമായി ഒരു വൈദ്യുതബൾബ് എങ്കിലും പ്രകാശിപ്പിക്കുക എന്നത് ഒരു സ്വപ്നമായി കരുതുന്നുണ്ട്. ബഞ്ച് ചൂണ്ടിക്കാട്ടി.
ഛത്തിസ്‌ഗഢിലെ ഒരു സിമന്റ് ഉത്പാദകനും പവർഗ്രിഡ് കോർപ്പറേഷനും തമ്മിലുളള തർക്കത്തിലാണ് സുപ്രീം കോടതിയുടെ നിർണ്ണായകമായ വിധി. ലൈം സ്റ്റോൺ ഖനി ലീസിനെടുത്ത സ്ഥലത്തേക്ക് വൈദ്യുതിയെത്തിക്കുന്നതിന് സിമന്റ് ഉത്പാദകന്റെ മുൻകൂർ അനുമതിയില്ലാതെ അയാളുടെ ഭൂമിയിൽ ടവർ സ്ഥാപിക്കുന്നതിന് പവർഗ്രിഡ് കോർപ്പറേഷൻ തീരുമാനമെടുത്തിരുന്നു. ഇതു ചോദ്യം ചെയ്തുകൊണ്ടുളള പരാതിയിൽ വിധി പ്രസ്താവിക്കുകയായിരുന്നു സുപ്രീം കോടതി.
ഇന്ത്യൻ ടെലിഗ്രാഫ് ആക്ടിലെ മാർഗ്ഗനിർദ്ദേശപ്രകാരം അനുപേക്ഷണീയമായ പൊതുതാൽപര്യ പ്രകാരം ടെലിഗ്രാഫ്, വൈദ്യുതി ലഭ്യത തടസ്സമില്ലാത്തതാക്കേണ്ടതുണ്ടെന്ന് ബഞ്ച് ചൂണ്ടിക്കാട്ടി.

No comments :

Post a Comment