Thursday, 15 December 2016

കേരളത്തിലാദ്യമായി തലസ്ഥാനം ബസ്സിലും ഡിജിറ്റൽ

ഉണ്ണി കൊടുങ്ങല്ലൂര്‍

കേരളത്തിലാദ്യമായി തലസ്ഥാനം ബസ്സിലും ഡിജിറ്റൽ

തിരുവനന്തപുരം∙‍ നോട്ട് ഔട്ടായെന്നു കരുതി ബസ് യാത്രയും ടാക്സി യാത്രയും മുടക്കേണ്ട .ഇനി ഡിജിറ്റൽ മണിയുപയോഗിച്ചും ബസ് കൂലിയും ടാക്സി കൂലിയും കൊടുക്കാം. ഓട്ടോറിക്ഷകൾക്കു പിന്നാലെയാണ് നഗരത്തിലെ സ്വകാര്യ ബസുകളിലും ടാക്സിസർവീസുകളിലും ഡി‍ജിറ്റൽ രൂപത്തിൽ പണമടക്കാനുള്ള സംവിധാനം ഒരുങ്ങുന്നത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വെഹിക്കിൾ എസ്.ടി എന്ന സ്വകാര്യ ഏജൻസിയാണ് നഗരത്തിലെ ബസ് യാത്രയും ടാക്സിക്കാർ യാത്രയും കാലത്തിനനുസരിച്ച് മാറ്റാൻ മുന്നോട്ടു വന്നത്.
എച്ച്ഡിഎഫ്സി ബാങ്കുമായി ചേർന്നാണ് പദ്ധതി .ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷനാണ് സാങ്കേതിക സഹായം നൽകുന്നത്.കാറുകളിലും പ്രൈവറ്റ് ബസുകളിലും ഡി‍ജിറ്റലായി പണമടക്കാനായി വെഹിക്കിൾ എസ്ടി യുടെ ആൻഡ്രോയ്ഡ്,ഐഒഎസ് മൊബൈൽ ആപ്ലിക്കേഷനുകളും സ്വൈപിംഗ് മെഷീനുമാണ് ഒരുക്കുന്നത്. ക്രെഡിറ്റ് –ഡെബിറ്റ് കാർഡുകളിലൂടെയും എല്ലാ ഇ–വോലറ്റുകളുപയോഗിച്ചും പണം അടക്കാം.

ബസുകളിൽ തിങ്കളാഴ്ച മുതൽ സംവിധാനം സംവിധാനം നിലവിൽ വരും. ആദ്യ ഘട്ടത്തിൽ നഗരത്തിലോടുന്ന പത്ത് ബസുകളിലാണ് നടപ്പിലാക്കുക.നഗരത്തിലെ വിവിധ ടാക്സി സർവീസുകളുടെ കീഴിലോടുന്ന മുപ്പതോളം കാറുകളിൽ ഇതിന്റെ ഉപകരണങ്ങൾ സ്ഥാപിച്ചു കഴിഞ്ഞു. അദ്യഘട്ടത്തിൽ 150 കാറുകളിലാണ് ‍ഡിജിറ്റൽ പേയ്മെന്റിന് ഉപകരണങ്ങൾ ഘടിപ്പിക്കുന്നത്.
വെഹിക്കിൾ എസ്ടി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു ബസ് ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യാം. ആപ് ഡൗൺലോഡ് ചെയ്യാത്തവർക്ക് ബസിൽ കയറി ജിപിഎസ് സ്ക്രീനിൽ മൊബൽ നമ്പർ ടൈപ്പ് ചെയ്ത ശേഷം ടിക്കറ്റിനായി ക്രെഡിറ്റ് ,ഡെബിറ്റ് കാർഡോ സ്വൈപ് ചെയ്ത് ടിക്കറ്റ് കാശ് നൽകാം. മൊബൈൽ നമ്പറിൽ ബസിന്റെ റൂട്ട് ഉൾപ്പടെ കാര്യങ്ങളും ടിക്കറ്റും എസ്എംഎസായി വരും. പേപ്പർലെസ് ടിക്കറ്റ് എന്ന ആശയമാണ് ഇതിലൂടെ നടപ്പാക്കുന്നത്. ബസ് ഉടമകളുടെ അക്കൗണ്ടിലേക്കു കാശ് നേരിട്ടെത്തുന്ന തരത്തിലാണ് സംവിധാനം.ബസിൽ ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് സ്ക്രീനിലൂടെ ബസ് പോകുന്ന റൂട്ടുകൾ മനസിലാക്കുന്നതിനുള്ള സൗകര്യവുമുണ്ട്.
ബസ് ട്രാക്ക് ചെയ്യുന്നതിനുള്ള വെഹിക്കിൽ എസ്ടി ഓരോ ബസുകൾക്കും ഓരോ റൂട്ട് നമ്പർ നൽകിയിട്ടുണ്ട് ഡിജിറ്റൽ പേയ്മെന്റിലൂടെ പണം അടക്കുമ്പോൾ ഈ റൂട്ട് നമ്പറും ഒരു ലിങ്കും മൊബൈലിൽ ലഭിക്കും ഈ ലിങ്ക് യാത്രചെയ്യുന്നവർ വീട്ടിലിരിക്കുന്ന ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഷെയർ ചെയ്താൽ അവർക്ക് ബസിനെ ലിങ്ക് വഴി ട്രാക്ക് ചെയ്യാൻ സാധിക്കും.ഇതിലൂടെ ബസ് ഇപ്പോൾ എവിടെയെത്തിയെന്നും എത്രമണിക്ക് ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയും എന്നും മനസിലാക്കാം. രാത്രി ചെയ്യുന്ന കുട്ടികൾക്കും സ്ത്രീകൾക്കും ഒരു പോലെ ഉപകാരപ്പെടുന്നതാണ് സംവിധാനം.രാജ്യാന്തര ബ്രാൻഡുകളായ ഊബറും ,ഒലയും പോലെ നാട്ടിലെ ടാക്സികളെയും ഓൺലൈനിന്റെ കുടക്കീഴിലാക്കുന്നതിനു മുന്നോടിയായിട്ടാണ് ടാക്സികളിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നടപ്പാക്കുന്നത്.
നിലവിൽ ടാക്സി സർവീസുകൾ നടത്തുന്നവർക്കു മാത്രമാണ് സൗകര്യം . ടാക്സികളിൽ ജിപിഎസ് സ്ക്രീനും സ്വൈപിംഗ് മെഷീനും ഘടിപ്പിക്കും .വെഹിക്കിൾ എസ്ടി യുടെ മൊബൈൽ ആൻഡ്രോയ്ഡ് ,ഐഒഎസ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ടാക്സി ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കും. ഡെബിറ്റ് –ക്രെഡിറ്റ് കാർഡുകൾ സ്വൈപ് ചെയ്തും യാത്രക്കാർക്ക് പണമടയ്ക്കാം. കാറുകളിലും ലിങ്ക് അയച്ചു കൊടുത്ത് ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനമുണ്ട്. ടാക്സി സർവീസുകാരുടെ അക്കൗണ്ടിലേക്കു പണംനേരിട്ടെത്തുന്ന രീതിയിലാണ് സംവിധാനം.മെഷീനും അനുബന്ധ ഉപകരണങ്ങൾ ഘടിപ്പിക്കുന്നതിനായി ബസിൽ 24000 രൂപയും ചിലവാകുന്നത്. കാറുകളിൽ 18000 രൂപയുമാണ് ചിലവ്.
പെട്ടിക്കടകൾ വരെ സ്വൈപ്പിങ് മെഷീന് അപേക്ഷ കൊടുത്തു കാത്തിരിക്കുന്നു
തിരുവനന്തപുരം∙ നോട്ട് അസാധുവാക്കലിനെ തുടർന്നു നഗരത്തിൽ സ്വൈപ്പിങ് മെഷീനുകൾ (പിഒഎസ്) വ്യാപകമായതിനു പിന്നാലെ നഗരത്തിൽ ഇ വോലറ്റുകളും സജീവമായി. വലുതും ചെറുതുമായ ഒട്ടേറെ കടകളും വഴിയോര കച്ചവടക്കാരും വരെ ഇ വോലറ്റുകളിലേക്കു മാറിത്തുടങ്ങി.  നഗരത്തിലെ മിക്ക ഇടത്തരം കടകളിലും ഇപ്പോൾ സ്വൈപ്പിങ് മെഷീൻ സേവനം ഉണ്ട്. ഇതിനു പിന്നാലെയാണു സ്റ്റേറ്റ് ബാങ്ക് ബഡിയും പേയ്ടിഎമ്മും പോലെയുള്ള മൊബൈൽ വോലറ്റ് സൗകര്യത്തിലേക്കു വൻകിട ചെറുകിട കച്ചവടക്കാർ മാറിയിരിക്കുന്നത്.
നഗരത്തിലെ പ്രധാന വസ്ത്രവ്യാപാരശാലകളിലും മറ്റു കച്ചവടകേന്ദ്രങ്ങളിലും ഇ വോലറ്റ് സംവിധാനം നിലവിൽ വന്നുകഴിഞ്ഞു. ചെറിയ കച്ചവടക്കാരിൽ പലരും ഇതിന്റെ സാങ്കേതിക വിദ്യ മനസ്സിലാക്കി ഇതിലേക്കു ചുവടുവച്ചിട്ടുണ്ട്.
പച്ചക്കറിക്കടകൾ, ബാർബർഷോപ്പുകൾ, ചെറിയ വസ്ത്രശാലകൾ, വഴിയോര കച്ചവടക്കാർ വരെ ഇതിന്റെ ആരാധകരായി മാറിയിട്ടുണ്ട്.സാധനങ്ങൾ വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും സൗകര്യപ്രദമായി ഒരേ വോലറ്റ് കയ്യിൽ ഉണ്ടെങ്കിൽ കൃത്യം കാശ് അക്കൗണ്ടിലേക്കു കൈമാറ്റം ചെയ്തു സാധനം വാങ്ങാം. ഭൂരിപക്ഷം കടകളിലും ഇവിടെ ഇത്തരം സൗകര്യമുണ്ടെന്ന ബോർഡ് തൂക്കിയിട്ടുണ്ട്.പാളയം, ചാല , മണക്കാട്  ഭാഗങ്ങളിലെ കച്ചവടക്കാർക്കിടയിലും ഇ വോലറ്റ് സംവിധാനം ഉപയോഗിച്ചു കൊടുക്കൽവാങ്ങൽ ആരംഭിച്ചിട്ടുണ്ട്. പൂജപ്പൂര ഭാഗങ്ങളിൽ നറുനണ്ടി, ജ്യൂസുകൾ വിൽക്കുന്ന വിൽപനക്കാരിൽ പലരും ഇ വോലറ്റ് സ്വീകരിക്കുന്നതായ അറിയിപ്പ് നൽകിയാണു കച്ചവടം നടത്തുന്നത്.
ഇവരിൽ ഭൂരിപക്ഷവും റോഡിനു വശങ്ങളിൽ വഴിവാണിഭമാണു നടത്തുന്നത്. നഗരത്തിലെ പലയിടങ്ങളിലുമുള്ള ബാർബർഷോപ്പുകളിലും ഇ വോലറ്റ് നിലവിൽ വന്നുകഴിഞ്ഞു. മണക്കാട് ഭാഗത്തെ ഒരു ബാർബർ ഷോപ്പിൽ ഇ വോലറ്റ് സംവിധാനത്തിലൂടെ കാശ് കൊടുക്കൽവാങ്ങൽ തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടുകഴിഞ്ഞു.ചാല, പാളയം മാർക്കറ്റുകളിലെ പച്ചക്കറി കച്ചവടക്കാരിൽ പലരും ഇപ്പോൾ ഇ വോലറ്റ് വഴിയാണു കൊടുക്കൽവാങ്ങൽ.ചില ഓട്ടോക്കാരും ഇ വോലറ്റ് ആരംഭിച്ചിട്ടുണ്ട്. പേട്ട ഭാഗത്തെ ഒരു വിഭാഗം ഓട്ടോക്കാർ സ്വൈപ്രിങ് മെഷീൻ തുടങ്ങിയതിനു പിന്നാലെയാണ് ഓട്ടോക്കാരിൽ ചിലർ ഇ പേമെന്റ് സ്വീകരിക്കാൻ തുടങ്ങിയത്. ചില്ലറയില്ലാതെവന്നാൽ മാത്രമേ ഇവർ ഇ വോലറ്റ് ട്രാൻസാക്‌ഷൻ ആവശ്യപ്പെടാറുള്ളു.ഹോട്ടലുകളിലും ഇ വാലറ്റ് എത്തിയിട്ടുണ്ട്.
പാളയം, തമ്പാനൂർ, വഴുതക്കാട്, വെള്ളയമ്പലം, പേട്ട, പട്ടം തുടങ്ങിയ സ്ഥലങ്ങളിലും ​ഇ വോലറ്റ് സജീവമാണ്.  ഹോട്ടലുകളിലും  ഇ വാലറ്റുകൾ എത്തിയിട്ടുണ്ട്. ഇവിടെയെല്ലാം തന്നെ സ്വൈപ്പിങ് മെഷീനുകൾക്കു പുറമെയാണു പേടിഎം പോലെയുള്ള ഇ വോലറ്റ് സംവിധാനം ഏർപ്പെടുത്തിയത്.പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും ഇ വോലറ്റുകളിൽ ഉള്ളതും ആളുകളെ ആകർഷിക്കുന്നുണ്ട്. ഊബർ ടാക്സി സർവീസുകളും ഇ വാലറ്റ് സമ്പ്രദായത്തിലേക്കു മാറിയിട്ടുണ്ട്. പണം അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും കഴിയുന്നതോടൊപ്പം ബില്ലുകൾ അടയ്ക്കുന്നതിനും ഓൺലൈൻ പർച്ചേസുകൾക്കും വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ് ഇ വോലറ്റുകളുടെ മെച്ചം.
പ്രധാന ഇ വോലറ്റുകൾ ഇതാ ലഭിക്കുന്ന സേവനങ്ങൾ വെള്ളക്കരം, വൈദ്യുതിക്കരം , സിനിമാടിക്കറ്റുകൾ ബുക്ക് ചെയ്യൽ, മൊബൈൽ റീചാർജ്, വസ്ത്രങ്ങൾ വാങ്ങൽ, പെട്രോൾ നിറയ്ക്കാൻ, റെയിൽവേ ടിക്കറ്റുകൾ, വിമാന ടിക്കറ്റുകൾ, ഹോട്ടലുകളിൽ റൂം ബുക്കിങ് തുടങ്ങി സേവനങ്ങൾക്ക് ഉപയോഗിക്കാം.
ഇ വോലറ്റ്  ഉപയോഗിക്കേണ്ട രീതി അറിയണോ സാധാരണ പഴ്സിലാണു പണം സൂക്ഷിക്കുന്നത്. ആ പണം എടുത്തു നൽകിയാണു സാധനങ്ങൾ വാങ്ങുന്നതും പല ആവശ്യങ്ങൾ നിറവേറ്റുന്നതും.  ഇതിനു പകരമായി പഴ്സ് കൊണ്ടുനടക്കാതെ തന്നെ പണം കൈമാറ്റത്തിനുള്ള ഇലക്ട്രോണിക് സംവിധാനമാണ് ഇ വാലറ്റുകൾ. ഗ്ലൂഗിൾ പ്ലേസ്റ്റോറിൽ നിന്നു നമുക്കു സൗകര്യപ്രദമായ ഇ വാലറ്റ് ഡൗൺലോഡ് ചെയ്ത് എടുക്കാം. അതിനുശേഷം ഇ വാലറ്റ് സംവിധാനത്തിലേക്കു നമ്മുടെ ബാങ്ക് അക്കൗണ്ടിലെ ഡെബിറ്റ് കാർഡോ ഇന്റർനെറ്റ് ബാങ്കിങ് വഴിയോ പണം നിറയ്ക്കാം. ഈ പണം ഉപയോഗിച്ച് ഇ വാലറ്റ് സംവിധാനത്തിലൂടെ ആവശ്യങ്ങൾ നേടാം.  ഓരോ വാലറ്റിനും ഉള്ള ക്യുആർ കോഡ് സ്കാൻ ചെയ്തും മൊബൈൽ നമ്പർ ഉപയോഗിച്ചും മറ്റുള്ളവരുടെ അക്കൗണ്ടിലേക്കു പണം അയയ്ക്കാം.
ഒറ്റ ക്ലിക്കിൽ കാര്യങ്ങൾ നടക്കുമെന്നതാണ് ഇ വാലറ്റുകളുടെ മെച്ചം. ഇന്റർനെറ്റ് ബാങ്കിങ് വഴിയോ ഡെബിറ്റ് കാർഡ് വഴിയോ പണം മാറുമ്പോൾ യൂസർ ഐഡിയും പാസ്‌വേഡും നൽകുന്നതും ഒടിപി നൽകുന്നതും ഉൾപ്പെടെയുള്ള നടപടികളും സമയവും ലാഭിക്കാം.ന്യൂനതഇ വാലറ്റിൽ നിറച്ച പണം വീണ്ടും തിരികെ എടുക്കണമെങ്കിൽ നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഈ പണം തിരികെ അയയ്ക്കണം. അത് അക്കൗണ്ടിൽ വരാൻ ഒന്നോ രണ്ടോ ദിവസങ്ങൾ എടുക്കും. അത് അക്കൗണ്ടിൽ എത്തിയാലും എടുക്കാനായി എടിഎമ്മിലോ ബാങ്കുകളിലോ പോകണം.

No comments :

Post a Comment