Monday, 26 December 2016

അഗ്നി-5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ഉണ്ണി കൊടുങ്ങല്ലൂര്‍

അഗ്നി-5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

വെബ് ഡെസ്‌ക്
December 26, 2016
ന്യൂദല്‍ഹി: ആണവായുധ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി – 5 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ കലാം ദ്വീപില്‍ നിന്ന് രാവിലെ ആയിരുന്നു പരീക്ഷണമെന്ന് പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡി.ആര്‍.ഡി.ഒ അറിയിച്ചു.
പരീക്ഷണം വിജയമായതോടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ സ്വന്തമായുള്ള രാജ്യങ്ങളുടെ സൂപ്പര്‍ എക്‌സ്‌ക്ലൂസീവ് ക്ലബ്ബില്‍ ഇന്ത്യയും ഇടം നേടി. അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ സ്വന്തമായുള്ളത്.
മൂന്ന് ഘട്ടമായി ഖര ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മിസൈലിന്റെ ദൂരപരിധി 5000 കിലോമീറ്ററാണ്. 17 മീറ്റര്‍ നീളവും രണ്ടു മീറ്റര്‍ വീതിയുമുള്ള മിസൈലില്‍ അത്യാധുനിക സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. 50 ടണ്‍ വരെ ഭാരം വഹിക്കാന്‍ മിസൈലിന് കഴിയും. ഒരു ടണ്‍ വരെ ആണവായുധ വാഹക ശേഷിയുമുണ്ട്.
ഹ്രസ്വദൂര മിസലൈുകളായ പൃഥി, ധനുഷ് എന്നിവ കൂടാതെ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച അഗ്‌നി 1, അഗ്‌നി 2, അഗ്‌നി 3, അഗ്‌നി 4 എന്നിവയാണ് ഇന്ത്യന്‍ സേനയ്ക്ക് കരുത്തേകുന്നത്. പൃഥി, ധനുഷ്, അഗ്‌നി 1,2,3 മിസൈലുകള്‍ ചിരവൈരികളായ പാകിസ്ഥാനെ ലക്ഷ്യം വയ്ക്കുമ്പോള്‍ അഗ്‌നി 4, അഗ്‌നി 5 എന്നീ മിസൈലുകള്‍ ചൈനയ്ക്കാണ് ഭീഷണി ഉയര്‍ത്തുന്നത്.
2012 ഏപ്രിലിലാണ് ആദ്യമായി അഗ്‌നി – 5 ആദ്യമായി പരീക്ഷിച്ചത്. പിന്നീട് 2013 സപ്തംബറിലും 2015 ജനുവരിയിലും പരീക്ഷണം ആവര്‍ത്തിച്ചു. ഒഡീഷയിലെ വീലര്‍ ദ്വീപില്‍ നടന്ന പരീക്ഷണം വിജയവുമായിരുന്നു. മിസൈലിന്റെ ചെറിയ സാങ്കേതിക പിഴവുകള്‍ പരിഹരിക്കുന്നതിന് വേണ്ടിയുള്ള പരീക്ഷണങ്ങളാണ് നേരത്തെ നടത്തിയവയെല്ലാം. മിസൈല്‍ സേനയുടെ ഭാഗമാകുന്നതിനുള്ള അന്തിമ പരീക്ഷണമാണ് ഇന്ന് നടന്നത്.


ജന്മഭൂമി: http://www.janmabhumidaily.com/news534222#ixzz4Txn2fGwy

No comments :

Post a Comment