Sunday, 25 September 2016

അടുക്കളയിലെ സ്‌റ്റോറിൽ സൂക്ഷിച്ച അച്ചാർകുപ്പി അന്തരീക്ഷത്തിലൂടെ പറന്നു ഹാളിൽ വീണുടഞ്ഞു

ഉണ്ണി കൊടുങ്ങല്ലൂര്‍

അടുക്കളയിലെ സ്‌റ്റോറിൽ സൂക്ഷിച്ച അച്ചാർകുപ്പി അന്തരീക്ഷത്തിലൂടെ പറന്നു ഹാളിൽ വീണുടഞ്ഞു..! മേശപ്പുറത്തിരുന്ന അയൺ ബോക്‌സ് പത്തടി ദൂരത്തിലേക്ക് തെറിച്ചുവീണു..! റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകനും പരിക്ക്: കാട്ടാക്കടയിലെ വീട്ടിൽ ഇന്നലെ നടന്നത് ചാത്തനേറോ?

തിരുവനന്തപുരം: കേരളത്തിൽ പലയിടത്തു നിന്നും ചാത്തനേറ് കഥകളും കിംവതന്ദികളും ധാരാളം ഉണ്ടായിട്ടുണ്ട്. ഇത്തരം കഥകൾക്ക് മേമ്പൊടി കൂടിയാകുമ്പോൾ പലപ്പോഴും ആധികാരികതയും കൈവരും. അത്തരമൊരു കഥയാണ് ഇന്നലെ കാട്ടാക്കടയ്ക്ക് സമീപത്തെ മംഗലക്കൽ പ്ലാവൂരിൽ ഉണ്ടായത്. ഒരു വീട്ടിലെ സാധനങ്ങൾ തനിയെ വീണുടഞ്ഞ നിലയിലാണ് കാണപ്പെട്ടത്. ഇതോടെ പലരും ചാത്തനേറാണെന്ന് സംശയിച്ചു. ഇതോടെ വീട്ടിലെ അസ്വഭാവിക സംഭവങ്ങളെ കുറിച്ച് കേട്ടറിഞ്ഞ ആളുകൾ വീട്ടിലേക്ക് ഒഴുകിയെത്തി. ചാത്തനേറാണെന്ന കഥയും പരന്നു. ഒടുവിൽ വീട്ടിലേക്ക് ആളുകൾ പ്രവഹിച്ചതോടെ കാട്ടക്കട സിഐ എടക്കമുള്ളവർ സ്ഥലത്തെത്തി.
പ്ലാവൂർ തട്ടാംവിളാകം സുരേഷിന്റെ വീട്ടിലാണ് അസ്വഭാവിക സംഭവങ്ങൾ നടന്നത്. വീട്ടിലെ സാധനങ്ങൾ അന്തരീക്ഷത്തിലൂടെ പറന്നു പോയെന്നാണ് വീട്ടുകാർ പറഞ്ഞത്. ഇന്നലെ രാവിലെയോടെയാണ് വീട്ടുകാരെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കിയ സംഭവം ഉണ്ടായത്. അടുക്കളയിലെ സ്‌റ്റോർ മുറിയിൽ സൂക്ഷിച്ചിരുന്ന അച്ചാർ കുപ്പി അന്തരീക്ഷത്തിലൂടെ പറന്നു ഹാളിൽ വീണുടഞ്ഞു, മേശപ്പുറത്തിരുന്ന അയൺ ബോക്‌സ് പത്തടിയോളം ദൂരത്തു തെറിച്ചു വീണു തുടങ്ങിയ അസ്വാഭാവിക സംഭവങ്ങളാണ് നടന്നത്. ഇതിനിടെ ഹാളിൽ കിടന്നിരുന്ന കസേര തെറിച്ചു മാറിയെന്നും വീട്ടമ്മയായ രാഗിണി പറഞ്ഞു.
ഇങ്ങനെ അസ്വഭാവിക സംഭവം നടക്കുമ്പോൾ വീട്ടമ്മയും ഒമ്പതാംക്ലാസ് വിദ്യാർത്ഥിയായ മകൻ ഗോവിന്ദും മാത്രമാണ് ഉണ്ടായിരുന്നത്. സമാനമായ അനുഭവം ആദ്യമായല്ലെന്നാണ് ഇവർ പറയുന്നത്. പലപ്പോഴും ഇത്തരത്തിൽ വീട്ടിൽ നിന്നും സാധനങ്ങൾ വീണുടഞ്ഞിട്ടുണ്ടെന്നാണ് വീട്ടുകാർ പറഞ്ഞത്. ചില സമയങ്ങളിൽ ഭർത്താവായ സുരേഷും സംഭവങ്ങൾക്കു സാക്ഷിയാണെന്നും രാഗിണി പറഞ്ഞു. ഒരാഴ്ചയായി വീടിനുള്ളിൽ അസ്വാഭാവികമായ ശബ്ദങ്ങൾ കേട്ടതായും ശബ്ദംകേട്ട ഭാഗത്തു എത്തി പരിശോധിക്കുമ്പോൾ ഒന്നും കണ്ടെത്താൻ സാധിച്ചില്ല എന്നും ഇവർ പറയുന്നു.
ഇത് മാത്രമല്ല, സംഭവമെന്നാണ് വീട്ടമ്മ പറയുന്നത്. ഒരിക്കൽ വീട്ടിൽ പാചകം ചെയ്യാനായി അടുപ്പില് വച്ച അടുത്ത മുറിയിൽ പോയ സമയം പാത്രത്തോടെ മീൻകറി നിലത്തു വീണുമെന്നുമാണ് ഇവർ പറയുന്നത്. എന്നാൽ, ഇന്നലെ തീർത്തും അസ്വഭാവികമായ സംഭവം അരങ്ങേറിയപ്പോഴാണ് വീട്ടുകാർ അയൽവാസികളോട് കാര്യം പറഞ്ഞത്. ഇതോടെയാണ് നാട്ടുകാർ വീട്ടിലെത്തിയത്. തുടർന്ന് ബന്ധു വീടിനുള്ളിൽ പരിശോധന നടത്തവേ വെള്ളം നിറച്ച ജഗ് ഇയാളുടെ ശരീരത്തിൽ പതിക്കുകയും ചെയ്തതോടെ കടുത്ത ആശങ്കയായിത. ചാത്തനേറെന്ന് ശങ്ക പരന്നതോടെ മാദ്ധ്യമ പ്രവർത്തകരും സ്ഥലത്തെത്തി. ഇതോടെ എന്തോ ഒരു സാധനം പത്രക്കാരന്റെ തലയിലും പതിച്ചു.
ഇതോടെ നാട്ടുകാരും പരിഭ്രാന്തരായി. സംഭവ സമയം കാട്ടാക്കട പഞ്ചായത്തു പ്രസിഡന്റ് ,പഞ്ചായത്തു അംഗങ്ങൾ തുടങ്ങിയവരും വീട്ടിലുണ്ടായിരുന്നു. ഇതിനിടെ ചിലർ അസ്വാഭാവിക സംഭവങ്ങളെ കുറിച്ചു പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വീട്ടുകാരെയും നാട്ടുകാരിൽ ചിലരോടും വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം തൽക്കാലം ഇവരോട് മറ്റൊരിടത്തേക്ക് മാറിത്താമസിക്കാൻ നിർദ്ദേശിച്ചു.
അതേസമയം സംഭവത്തെ കുറിച്ച് കേട്ടറിഞ്ഞ് ജനപ്രവാഹം തന്നെയാണ് വീട്ടിലേക്കെത്തിയത്. ഇതോടെ വീണ്ടും പൊലീസിന് ഇവിടെയെത്തേണ്ടി വന്നു. സംഭവത്തെ കുറിച്ച് കൂടുതൽ നിരീക്ഷണം നടത്തിയാലെ കാരണം കണ്ടെത്താനാകു എന്നാണു പൊലീസ് പറയുന്നത്. ചാത്തനേറാണെന്ന വാദത്തെ പലരും തള്ളിക്കളയുന്നുണ്ട്. പൊലീസ് മറയിൽ കൈകാര്യം ചെയ്താൽ വിഷയം എളുപ്പം കണ്ടെത്താൻ സാധിക്കുമെന്നാണ് നാട്ടുകാരിൽ ചിലരുടെ പക്ഷം.

No comments :

Post a Comment