ഉണ്ണി കൊടുങ്ങല്ലൂര്‍
ന്യൂഡൽഹി ∙ കശ്മീരിലെ ഉറിയിൽ നടന്ന ഭീകരാക്രമണത്തിനു തിരിച്ചടിയെന്നോണം, നിയന്ത്രണരേഖ കടന്നു പാക്ക് അധീന കശ്മീരിൽ (പിഒകെ) ഭീകരരുടെ ഇടത്താവളങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ കമാൻഡോ ആക്രമണം. ബുധനാഴ്ച അർധരാത്രിക്കുശേഷം നടത്തിയ കമാൻഡോ നടപടിയിൽ 38 ഭീകരരെങ്കിലും കൊല്ലപ്പെട്ടെന്നാണു സൂചന. തങ്ങളുടെ രണ്ടു സൈനികർ കൊല്ലപ്പെട്ടെന്നും ഒൻപതുപേർക്കു പരുക്കേറ്റെന്നും പാക്കിസ്ഥാൻ സ്‌ഥിരീകരിച്ചു. ഇന്ത്യൻ സൈന്യം പിഒകെയിൽ കടന്നു കമാൻഡോ ആക്രമണം നടത്തിയെന്നതു കെട്ടുകഥയാണെന്നും നിയന്ത്രണരേഖയിൽ വെടിവയ്‌പുണ്ടായതേയുള്ളൂവെന്നും പാക്ക് സൈന്യം അവകാശപ്പെട്ടു. എന്നാൽ, ഇന്ത്യൻ സൈന്യം നിയന്ത്രണരേഖ കടന്നതിനെ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ് അപലപിച്ചു. പാക്ക് വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ ഹൈക്കമ്മിഷണർ ഗൗതം ബംബാവാലെയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു.
ഇന്ത്യൻ സൈന്യം പിഒകെയിൽ നിയന്ത്രണരേഖയ്‌ക്കു മൂന്നു കിലോമീറ്റർ അപ്പുറം കടന്ന് ഭീംബേർ, ഹോട്‌സ്‌പ്രിങ്, കേൽ, ലിപ മേഖലകളിലാണു ബുധനാഴ്ച അർധരാത്രി മുതൽ ഇന്നലെ രാവിലെ എട്ടുവരെ നീണ്ട ആക്രമണം നടത്തിയത്. നിയന്ത്രണരേഖ കടന്നു ഭീകര ഇടത്താവളങ്ങളിൽ കമാൻഡോകൾ ആക്രമണം നടത്തിയെന്നു സൈനിക നടപടികളുടെ ഡയറക്‌ടർ ജനറൽ (ഡിജിഎംഒ) ലഫ്.ജനറൽ സുരീന്ദർ സിങ്ങാണ് ഇന്നലെ ഉച്ചയ്‌ക്കു വെളിപ്പെടുത്തിയത്. ജമ്മു–കശ്‌മീരിലും രാജ്യത്തെ ചില പ്രധാന നഗരങ്ങളിലും ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടു ഭീകരർ നുഴഞ്ഞുകയറാൻ ഒരുങ്ങുന്നതായുള്ള വിശ്വസനീയവും കൃത്യവുമായ വിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു കമാൻഡോ നടപടിയെന്നു ഡിജിഎംഒ വിശദീകരിച്ചു.
ഒട്ടേറെ ഭീകരരും അവർക്കു പിന്തുണ നൽകുന്നവരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സൈന്യത്തിൽ ആൾനാശമില്ല. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ഇന്ത്യൻ സൈന്യം സജ്‌ജരാണ്. പാക്കിസ്‌ഥാന്റെ ഡിജിഎയുമായി താൻ സംസാരിച്ചുവെന്നും തങ്ങളുടെ ആശങ്കയും നടപടികളെക്കുറിച്ചു വിവരങ്ങളും അറിയിച്ചുവെന്നും ലഫ്.ജനറൽ സുരീന്ദർ സിങ് പറഞ്ഞു. എന്നാൽ, ആക്രമണം എത്ര മണിക്കൂർ നീണ്ടു, എത്രപേർ കൊല്ലപ്പെട്ടു എന്നിവയുൾപ്പെടെ, സൈനികനടപടിയുടെ വിശദാംശങ്ങൾ നൽകാൻ അദ്ദേഹം തയാറായില്ല. കമാൻഡോ നടപടിയെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതിയിൽ വിശദീകരിച്ചശേഷമാണു ഡിജിഎംഒയുടെ വെളിപ്പെടുത്തലുണ്ടായത്. സൈനിക നടപടി പൂർണമായും ചിത്രീകരിച്ചതായും സൂചനയുണ്ട്.
രാഷ്‌ട്രപതി പ്രണബ് മുഖർജി, ഉപരാഷ്‌ട്രപതി ഹാമിദ് അൻസാരി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് തുടങ്ങിയവരുമായി പ്രധാനമന്ത്രി ചർച്ച നടത്തി. മമത ബാനർജി, നവീൻ പട്‌നായിക്, പ്രകാശ് സിങ് ബാദൽ, നിതീഷ് കുമാർ എന്നീ മുഖ്യമന്തിമാരുമായും മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡ, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി തുടങ്ങിയവരോട് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജും കമാൻഡോ നടപടികളെക്കുറിച്ച് അറിയിച്ചു. അതിർത്തി സംസ്‌ഥാനങ്ങളിൽ ജാഗ്രത പ്രഖ്യാപിച്ചു.. അതിർത്തിഗ്രാമങ്ങളിൽനിന്നു ജനങ്ങളെ ഒഴിപ്പിച്ചു.
കൃത്യമായ ആസൂത്രണം
∙ പിഒകെയിലെ ഭീകരതാവളങ്ങൾ ആക്രമിച്ചുതകർക്കാൻ ഒരാഴ്ചമുൻപു നടന്ന കാബിനറ്റ് സമിതിയുടെ സുരക്ഷാ യോഗത്തിൽ തീരുമാനം.
∙ തിരിച്ചടിക്കു പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും അനുമതി.
∙ പ്രതിരോധമന്ത്രി മനോഹർ പരീക്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഡിജിഎംഒ ലഫ്. ജനറൽ രൺബീർ സിങ്, ആർമി ചീഫ് ദൽബീർ സിങ് സുഹാഗ് എന്നിവരുടെ നേതൃത്വത്തിൽ കൃത്യമായ രൂപരേഖ തയാറാക്കുന്നു.
∙ ആക്രമണം നടത്തുന്നതിനു തൊട്ടുമുൻപ് അജിത് ഡോവൽ, യുഎസ് ദേശീയ ഉപദേഷ്ടാവ് സൂസൻ റൈസിനോട് ഇക്കാര്യം സൂചിപ്പിക്കുന്നു.
∙ ആക്രമണത്തിനുശേഷം സർവകക്ഷി യോഗം ചേർന്നു സൈനിക നടപടിക്കു പൂർണ പിന്തുണ നേടുന്നു.
ഇന്ത്യൻ സൈന്യം പിഒകെയിൽ നിയന്ത്രണരേഖയ്‌ക്കു മൂന്നു കിലോമീറ്റർ അപ്പുറം കടന്ന് ഭീംബേർ, ഹോട്‌സ്‌പ്രിങ്, കേൽ, ലിപ മേഖലകളിലാണു ബുധനാഴ്ച അർധരാത്രി മുതൽ ഇന്നലെ രാവിലെ എട്ടുവരെ നീണ്ട ആക്രമണം നടത്തിയത്. നിയന്ത്രണരേഖ കടന്നു ഭീകര ഇടത്താവളങ്ങളിൽ കമാൻഡോകൾ ആക്രമണം നടത്തിയെന്നു സൈനിക നടപടികളുടെ ഡയറക്‌ടർ ജനറൽ (ഡിജിഎംഒ) ലഫ്.ജനറൽ സുരീന്ദർ സിങ്ങാണ് ഇന്നലെ ഉച്ചയ്‌ക്കു വെളിപ്പെടുത്തിയത്. ജമ്മു–കശ്‌മീരിലും രാജ്യത്തെ ചില പ്രധാന നഗരങ്ങളിലും ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടു ഭീകരർ നുഴഞ്ഞുകയറാൻ ഒരുങ്ങുന്നതായുള്ള വിശ്വസനീയവും കൃത്യവുമായ വിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു കമാൻഡോ നടപടിയെന്നു ഡിജിഎംഒ വിശദീകരിച്ചു.

കൃത്യമായ ആസൂത്രണം
∙ പിഒകെയിലെ ഭീകരതാവളങ്ങൾ ആക്രമിച്ചുതകർക്കാൻ ഒരാഴ്ചമുൻപു നടന്ന കാബിനറ്റ് സമിതിയുടെ സുരക്ഷാ യോഗത്തിൽ തീരുമാനം.
∙ തിരിച്ചടിക്കു പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും അനുമതി.
∙ പ്രതിരോധമന്ത്രി മനോഹർ പരീക്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഡിജിഎംഒ ലഫ്. ജനറൽ രൺബീർ സിങ്, ആർമി ചീഫ് ദൽബീർ സിങ് സുഹാഗ് എന്നിവരുടെ നേതൃത്വത്തിൽ കൃത്യമായ രൂപരേഖ തയാറാക്കുന്നു.
∙ ആക്രമണം നടത്തുന്നതിനു തൊട്ടുമുൻപ് അജിത് ഡോവൽ, യുഎസ് ദേശീയ ഉപദേഷ്ടാവ് സൂസൻ റൈസിനോട് ഇക്കാര്യം സൂചിപ്പിക്കുന്നു.
∙ ആക്രമണത്തിനുശേഷം സർവകക്ഷി യോഗം ചേർന്നു സൈനിക നടപടിക്കു പൂർണ പിന്തുണ നേടുന്നു.
© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment