Tuesday, 27 September 2016

ഭൂമിക്കൊരു ഇന്ത്യൻ കുട

ഉണ്ണി കൊടുങ്ങല്ലൂര്‍

ഭൂമിക്കൊരു ഇന്ത്യൻ കുട

കാലാവസ്ഥാ വ്യതിയാന നിയന്ത്രണത്തിനുള്ള പാരിസ് ഉടമ്പടി ഈ ഗാന്ധിജയന്തിദിനത്തിൽ ഇന്ത്യയിൽ പ്രാബല്യത്തിൽ വരും. ഉടമ്പടി ഔദ്യോഗികമായി പ്രാവർത്തികമാക്കുന്ന നടപടി അന്ന് ഉണ്ടാകുമെന്നു ബിജെപി ദേശീയ കൗൺസിലിന്റെ സമാപനസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഇതോടെ, ആഗോള തലത്തിൽ പാരിസ് ഉടമ്പടി ഈവർഷം തന്നെ പ്രാവർത്തികമാകുന്നതിനുള്ള സാഹചര്യമൊരുങ്ങി.

കഴിഞ്ഞവർഷം ഡിസംബറിൽ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ പാരിസിൽ നടന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ രൂപപ്പെട്ട, 191 രാജ്യങ്ങൾ അംഗീകരിച്ച കരാറാണിത്. ഇന്ത്യ ഈ ഉടമ്പടിയിൽ ഒപ്പിട്ടത് ഇക്കഴിഞ്ഞ ഏപ്രിലിലാണ്.
ആഗോളതാപനം നിയന്ത്രിക്കാനുള്ള കൂട്ടായ പരിശ്രമങ്ങളിലേർപ്പെടാനാണു പാരിസ് ഉച്ചകോടി തീരുമാനിച്ചിരിക്കുന്നത്. പ്രകൃതിവിഭവങ്ങൾ അമിതമായി ചൂഷണം ചെയ്യുന്നത് എങ്ങനെ ഒഴിവാക്കാമെന്നും ഭൗമതാപനില രണ്ടു ഡിഗ്രിയിൽ കൂടുന്നത് എങ്ങനെ നിയന്ത്രിക്കാൻ കഴിയുമെന്നും ലോകരാജ്യങ്ങൾ ഇതിന്റെ തുടർച്ചയായി ആലോചിച്ചു.

വിഭവചൂഷണവും താപനില വർധനയും അനിയന്ത്രിതമായാൽ കേരളത്തിലടക്കം പ്രതികൂലമായി ബാധിക്കും. ഇവ ഒഴിവാക്കുകയാണു പാരിസ് ഉച്ചകോടിയുടെ തുടർനടപടികളുടെ ലക്ഷ്യം. കാർബൺ ഏറ്റവും കുറച്ചു പുറന്തള്ളുന്ന ജീവിതശൈലി പിന്തുടർന്ന ഗാന്ധിജിയുടെ ജന്മദിനം തന്നെ ഇതു പ്രാബല്യത്തിൽ വരുത്താൻ ഇന്ത്യ തിരഞ്ഞെടുക്കുകയാണെന്നു പ്രധാനമന്ത്രി അറിയിച്ചു. ഹരിതഗൃഹ വാതകങ്ങൾ പുറത്തുവിടുന്നതിൽ ഒന്നും രണ്ടും സ്ഥാനത്തു നിൽക്കുന്ന ചൈനയ്ക്കും യുഎസിനും പിന്നാലെ ഇന്ത്യയും ഉടമ്പടി പ്രാവർത്തികമാക്കുന്നതു രാജ്യാന്തരതലത്തിൽ കാലവസ്ഥാവ്യതിയാന നിയന്ത്രണ ശ്രമങ്ങൾക്കു കരുത്തുപകരും. ഇതിനകം 60 രാജ്യങ്ങൾ ഉടമ്പടി പ്രാവർത്തികമാക്കിയിട്ടുണ്ട്.

ആഗോളതലത്തിൽ 55% ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന രാജ്യങ്ങളെങ്കിലും കരാർ പ്രാവർത്തികമാക്കിയാലേ ഉടമ്പടി പ്രാബല്യത്തിലാവുകയുള്ളൂ. നിലവിൽ പ്രാവർത്തികമാക്കിയ രാജ്യങ്ങളുടെ ആകെ ഹരിതഗൃഹ വാതകവിഹിതം 50 ശതമാനത്തിനു തൊട്ടടുത്താണ്. ഇന്ത്യയുടെ വിഹിതം 4.1 ശതമാനമാണ്. ഇതുകൂടി ചേരുന്നതോടെ പാരിസ് ഉടമ്പടി ഈവർഷം തന്നെ പ്രവർത്തിപഥത്തിലെത്താൻ സാഹചര്യമൊരുങ്ങും.

സമ്പന്നമെന്നോ ദരിദ്രമെന്നോ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രങ്ങളും ഒന്നുചേർന്നു കാർബൺ ബഹിർഗമനം നിയന്ത്രിതനിലയിൽ നിർത്തുന്നതും മാനുഷികനടപടികൾ വഴി ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിലെത്തുന്നതു തടയുന്നതുമാണ് ഉടമ്പടി ലക്ഷ്യമിടുന്നത്. ഉടമ്പടി ഇക്കൊല്ലംതന്നെ പ്രാവർത്തികമാക്കുമെന്നു ജൂണിൽത്തന്നെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നതാണ്.

‘പ്രകൃതിനാശമില്ലാത്ത ജീവിതസമീപനം’ എന്ന സന്ദേശംകൂടി ലക്ഷ്യമിട്ടാണു ഗാന്ധിജയന്തിദിനം ഉടമ്പടി അംഗീകാരത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഗാന്ധിജയന്തി ദിനത്തിൽ ഇന്ത്യ ഉടമ്പടി നടപ്പാക്കുന്ന ഘട്ടത്തിലേക്കു പ്രവേശിക്കുമെന്നു ദീൻദയാൽ ജന്മദിനത്തിൽ തന്നെ പ്രഖ്യാപിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകകൂടിയായിരുന്നു പ്രധാനമന്ത്രി.

No comments :

Post a Comment