Thursday, 29 September 2016

മിന്നൽ പ്രഹരം: ഇന്ത്യ നേടിയത് നയതന്ത്ര വിജയവും

ഉണ്ണി കൊടുങ്ങല്ലൂര്‍

മിന്നൽ പ്രഹരം: ഇന്ത്യ നേടിയത് നയതന്ത്ര വിജയവും

ന്യൂഡൽഹി ∙ ഉചിതമായ സമയത്ത്, തങ്ങൾ തിരഞ്ഞെടുക്കുന്ന സ്‌ഥലത്ത് പാക്കിസ്‌ഥാനു തക്കതിരിച്ചടി നൽകുമെന്നാണ് ഉറിയിൽ ഭീകരാക്രമണമുണ്ടായപ്പോൾ ഇന്ത്യ വ്യക്‌തമാക്കിയത്. ഉറിയിലെ ആക്രമണം കഴിഞ്ഞു 10 ദിവസം പിന്നിട്ടപ്പോൾ ഇന്ത്യ തിരിച്ചടിച്ചു; പാക്ക് അധീന കശ്‌മീരിലെ ഭീകരതാവളങ്ങളിൽ. ഭീകരതയ്‌ക്കെതിരായ പോരാട്ടമായിക്കൂടി വ്യാഖ്യാനിക്കാവുന്ന നടപടി രാജ്യാന്തരതലത്തിലും ഇന്ത്യയ്‌ക്കു വ്യക്‌തമായ പിന്തുണ ഉറപ്പാക്കുന്നതാണ്.
യുഎസ് ഉൾപ്പെടെ പല പ്രധാന രാജ്യങ്ങളെയും വിശ്വാസത്തിലെടുത്താണ് ഇന്ത്യയുടെ സൈനിക നടപടിയെന്നാണു സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. യുഎസ് വിദേശകാര്യ സെക്രട്ടറി ജോൺ കെറിയുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഉറി സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ ജോൺ കെറി, ഇന്ത്യയ്‌ക്കു പൂർണപിന്തുണ ഉറപ്പു നൽകിയെന്നാണു വിദേശകാര്യമന്ത്രാലയം വ്യക്‌തമാക്കിയത്.
പാക്ക് അധീന കശ്‌മീരിലെ ഭീകരതാവളങ്ങളിൽ ആക്രമണം നടത്തിയതായ വെളിപ്പെടുത്തൽ വന്നതിനു പിന്നാലെ വിദേശകാര്യ സെക്രട്ടറി എസ്.ജയ്‌ശങ്കർ യുഎസ്, ചൈന, റഷ്യ, ഫ്രാൻസ്, യുകെ എന്നിവയുൾപ്പെടെ 25 രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തി. സൈനിക നടപടിയുടെ പശ്‌ചാത്തലം വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചു. സൈനിക നടപടി എന്നതിനെക്കാൾ ഭീകരപ്രവർത്തനം അമർച്ച ചെയ്യാനുള്ള ഓപ്പറേഷനാണു നടത്തിയതെന്നു ജയ്‌ശങ്കർ വ്യക്‌തമാക്കി. തുടർനടപടികൾ ഉദ്ദേശിക്കുന്നില്ലെങ്കിലും ഭീകരാക്രമണങ്ങളെ സൈന്യം ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക്കിസ്‌ഥാനുമായുള്ള സിന്ധുനദീജല കരാർ പുനഃപരിശോധിക്കുക, വ്യാപാരബന്ധത്തിൽ പാക്കിസ്‌ഥാനു നൽകിയിട്ടുള്ള അഭിമതരാഷ്‌ട്ര പദവി പുനഃപരിശോധിക്കുക തുടങ്ങിയ നടപടികളാണ് ഉറിയുടെ പശ്‌ചാത്തലത്തിൽ ഇന്ത്യ ഉദ്ദേശിക്കുന്നതായി ആദ്യം സൂചിപ്പിച്ചത്. ഈ നടപടികളുടെ പരിമിതികൾ ചൂണ്ടിക്കാട്ടിയപ്പോൾ കേന്ദ്രസർക്കാർ കാര്യമായ രീതിയിൽ പ്രതികരിച്ചില്ല.
ഐക്യരാഷ്‌ട്ര സംഘടനയിൽ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നടത്തിയ പ്രസംഗത്തിനുള്ള മറുപടിയിലും സുഷമ സ്വരാജ് നടത്തിയ പ്രസംഗത്തിലും ഭീകരപ്രവർത്തനത്തിനെതിരെയുള്ള സന്ധിയില്ലാത്ത നിലപാടാണ് അടിവരയിട്ടു പറഞ്ഞത്. അഭിമതരാഷ്‌ട്ര പദവി വിഷയത്തിൽ പ്രധാനമന്ത്രി ഇന്നലെ നടത്താനിരുന്ന ആലോചനായോഗം ഒരാഴ്‌ചത്തേക്കു മാറ്റിവച്ചെന്ന പ്രഖ്യാപനം വന്നതും ശ്രദ്ധേയമായി.
ഫലത്തിൽ, കാര്യമായ പ്രകോപനം പ്രതീക്ഷിക്കേണ്ടതില്ലാത്ത നടപടികളാണ് ഉദ്ദേശിക്കുന്നതെന്ന പ്രതീതി സൃഷ്‌ടിക്കുമ്പോൾത്തന്നെ, അണിയറയിൽ ശക്‌തമായ സൈനിക നടപടിക്കുള്ള ഒരുക്കങ്ങൾ സർക്കാരും സൈന്യവും നടത്തുകയായിരുന്നുവെന്നാണു വ്യക്‌തമാവുന്നത്. പശ്‌ചിമ സൈനിക കമാൻഡിന്റെ മേധാവി ലഫ്. ജനറൽ സുരീന്ദർ സിങ് ഏതാനും ദിവസം മുൻപു ജമ്മു, സാംബ, പഠാൻകോട്ട് മേഖലകൾ സന്ദർശിച്ചു സൈന്യത്തിന്റെ തയാറെടുപ്പുകൾ വിലയിരുത്തിയിരുന്നു.
യുഎസിന്റെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് സൂസൻ റൈസുമായി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ ഇന്നലെ രാവിലെ ചർച്ച നടത്തി. ഐക്യരാഷ്‌ട്ര സംഘടന എടുത്തുപറഞ്ഞിട്ടുള്ള ഭീകരപ്രവർത്തകർക്കും ഭീകരസംഘടനകൾക്കുമെതിരെ പാക്കിസ്‌ഥാൻ ശക്‌തമായ നടപടിയെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി സൂസൻ റൈസ് വ്യക്‌തമാക്കിയെന്നു യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്‌താവ് നെഡ് പ്രൈസ് പറഞ്ഞു. ഭീകരപ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്കെതിരെയുള്ള നടപടികളിൽ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്‌ക്കുള്ള പ്രതിജ്‌ഞാബദ്ധത സൂസൻ റൈസ് എടുത്തുപറഞ്ഞു.
പാക്കിസ്‌ഥാനോടു സൗഹൃദനിലപാടുള്ള ചൈന, ഇന്ത്യയും പാക്കിസ്‌ഥാനുമായുള്ള സംഘർഷാവസ്‌ഥയിൽ അയവു വരുത്താനെന്നോണം തങ്ങൾ ഇരുരാജ്യങ്ങളുമായി ബന്ധപ്പെടുന്നുവെന്നാണു പ്രതികരിച്ചത്. ഇരുരാജ്യങ്ങളും തങ്ങൾക്കു സൗഹൃദമുള്ള അയൽക്കാരാണെന്നും ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാണു തങ്ങളുടെ നിലപാടെന്നുമാണു ചൈനയുടെ വിദേശകാര്യ വക്‌താവ് പറഞ്ഞത്.

No comments :

Post a Comment