Thursday, 22 September 2016

ഈ സല്യൂട്ട് രാജ്യത്തിന്

ഉണ്ണി കൊടുങ്ങല്ലൂര്‍
Posted BY web desk22/09/2016IndiaPage Views 2
Posted BY web desk22/09/2016IndiaPage Views 2

ഈ സല്യൂട്ട് രാജ്യത്തിന്

പഠാന്‍കോട്ട്: ഈ സല്യൂട്ട് രാജ്യത്തിനാണ്. കശ്മീരില്‍ നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നതിനിടെ കൊല്ലപ്പെട്ട ഹവീല്‍ദാര്‍ മദന്‍ലാല്‍ ശര്‍മയുടെ മക്കള്‍. ദേശീയപതാകയില്‍ പൊതിഞ്ഞ മദന്‍ലാലിന്റെ ചേതനയറ്റ ശരീരത്തിന് മുന്നില്‍ ഈ കുരുന്നുകള്‍ സല്യൂട്ട് നല്‍കിയപ്പോള്‍ ആ കാഴ്ച കണ്ടു നിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു.
ചൊവ്വാഴ്ച കശ്മീരിലെ നൗഗാമില്‍ നുഴഞ്ഞുകയറ്റക്കാരെ നേരിടുന്നതിനിടയിലാണ് മദന്‍ലാല്‍ കൊല്ലപ്പെട്ടത്. മദന്‍ലാലിന്റെ മൂത്ത മകള്‍ ശ്വേത ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്. തിങ്കളാഴ്ചയും മദന്‍ലാല്‍ വീട്ടിലേക്ക് വിളിച്ച് ശ്വേതയുടെ പഠനകാര്യങ്ങള്‍ തിരക്കിയിരുന്നു. ഇളയ മകന് രണ്ടര വയസാണ് പ്രായം.
ഘരോത്ത ദയാനന്ദ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ശ്വേത. മക്കള്‍ മദന്‍ലാലിന് ജീവനായിരുന്നുവെന്ന് അയല്‍വാസികളും പറയുന്നു. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്ന് ഉള്‍പ്പെടെ മദന്‍ലാലിന്റെ സ്വപ്‌നങ്ങള്‍ ഏറെയായിരുന്നുവെന്ന് അടുപ്പക്കാര്‍ ഓര്‍മ്മിക്കുന്നു.
സ്വദേശമായ പഠാന്‍കോട്ടിലെ ഘരോത്തയില്‍ എത്തിച്ച വീരസൈനികന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കരിച്ചത്. രാജ്യത്തിന്റെ കാവലാളായതിന്റെ പേരില്‍ മരണം വരിച്ച മദന്‍ലാല്‍ ശര്‍മയെ അവസാനമായി ഒരു നോക്ക് കാണാന്‍ നൂറുകണക്കിന് ജനങ്ങളാണ് തടിച്ചുകൂടിയത്. കശ്മീരില്‍ നിന്ന് വ്യാഴാഴ്ച പഠാന്‍കോട്ട് വ്യോമതാവളത്തിലേക്ക് എത്തിച്ച ശേഷമാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്.
ഉറിയിലെ ഭീകരാക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനിടെയാണ് നൗഗാമില്‍ നുഴഞ്ഞുയറ്റശ്രമം നടന്നത്.

No comments :

Post a Comment