Wednesday, 21 September 2016

മോഡിയുടെ മഹാ മാജിക്

ഉണ്ണി കൊടുങ്ങല്ലൂര്‍

ഒടുവിൽ നമ്മുടെ മാലാഖമാർക്ക് ദൈവത്തിന്റെ കൈയൊപ്പ് ലഭിച്ചു; നേഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപ; 200 കിടക്കയിൽ കൂടുതൽ ഉള്ള ആശുപത്രികൾ സർക്കാർ ശമ്പളം നൽകണം; 100 കിടക്കയിൽ കൂടുതൽ ഉണ്ടെങ്കിൽ പത്ത് ശതമാനം മാത്രമേ കുറയ്ക്കാവൂ; അവസാനിക്കുന്നത് ആശുപത്രി മുതലാളിമാർ നടത്തിയ കൊടിയ ചൂഷണം


ന്യൂഡൽഹി: ഇനി നാട്ടിലും മാലാഖമാർക്ക് ജീവിക്കാനുള്ള ശമ്പളം കിട്ടും. രാജ്യത്തെ നേഴ്‌സുമാരുടെ പരാതികൾ പരിഗണിച്ച് കേന്ദ്ര സർക്കാർ ഉചിതമായ തീരുമാനം എടുത്തിരിക്കുന്നു. ഇതോടെ മാന്യമായ കൂലി നേഴ്‌സുമാർക്ക് ഉറപ്പാകുകയാണ്. സ്വകാര്യ നഴ്‌സുമാരുടെ ശമ്പളം ഉയർത്തുന്നതു സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു കേന്ദ്ര സർക്കാർ ഇടപെടൽ.
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപയായി വർധിപ്പിക്കാൻ സംസ്ഥാന സർക്കാരുകളോടു കേന്ദ്രം ശുപാർശ ചെയ്തു. ഇരുന്നൂറിലേറെ കിടക്കകളുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്കു സർക്കാർ നഴ്‌സുമാർക്കു തുല്യമായ ശമ്പളം ഉറപ്പാക്കണം. സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് സെക്രട്ടറിമാർക്കാണ് കേന്ദ്രം നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്. ഇവ പ്രാബല്യത്തിലാക്കാൻ സ്വീകരിച്ച നടപടികൾ അടുത്ത മാസം 20നു മുൻപ് അറിയിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി. സുപ്രീംകോടതിയുടെ ഇടപെടൽ കാരണമാണ്. ഇത്.
കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്ത ആശുപത്രികളുടെ ലൈസൻസ് പോലും നഷ്ടമാകുമം. നിർദ്ദേശം അനുസരിച്ച് 50 കിടക്കയിൽ താഴെയുള്ള ആശുപത്രികളിലെ നഴ്‌സുമാർക്കു കുറഞ്ഞ ശമ്പളം 20,000 രൂപയാക്കണം. നൂറിലേറെ കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാർക്കു സമാനമായ സർക്കാർ ആശുപത്രികളിലെ നഴ്‌സുമാരുടേതിൽ നിന്നു പത്തു ശതമാനത്തിൽ കുറയാത്ത ശമ്പളം ഉറപ്പാക്കണം. 50 മുതൽ 100 വരെ കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാർക്കു സർക്കാർ നഴ്‌സുമാരുടേതിൽ നിന്ന് 25 ശതമാനത്തിൽ കുറയാത്ത ശമ്പളം. സ്വകാര്യ നഴ്‌സുമാരുടെ അവധി ആനുകൂല്യം, ജോലി സമയം, യാത്ര, താമസ സൗകര്യങ്ങൾ എന്നിവ സർക്കാർ നഴ്‌സുമാരുടേതിനു തുല്യമാക്കണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു.
രാജ്യത്തെ സ്വകാര്യ ആശുപത്രികളിലും നേഴ്‌സിങ് ഹോമുകളിലും ജോലിചെയ്യുന്ന നേഴ്‌സുമാരുടെ പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിദഗ്ധസമിതിയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, തൊഴിൽപ്രശ്‌നങ്ങൾ പരിഹരിക്കാൻ നിയമം കൊണ്ടുവരണമെന്നും ജസ്റ്റിസുമാരായ ശിവകീർത്തിസിങ്ങും എ കെ ഗോയലും ഉൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടിരുന്നു.
സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാരുടെ വിവിധ സംഘടനകൾ സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ടാണ് കോടതിയുടെ ഇടപെടൽ. ഈ കേസിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന് വിഷയത്തിൽ ഇടപെടേണ്ടി വന്നത്. തുച്ഛമായ ശമ്പളത്തിനായിരുന്നു പല വൻകിട സ്വകാര്യ ആശുപത്രികളിലും നേഴ്‌സുമാർ പണി എടുത്തിരുന്നത്. ഇതിനെതിരെ കേരളത്തിൽ ആദ്യമായി പ്രതിഷേധം ഉയർന്നു. ഇതോടെ സംസ്ഥാന സർക്കാർ കമ്മീഷനെ നിയോഗിക്കുകയും കുറഞ്ഞ ശമ്പളം നിശ്ചയിക്കുകയും ചെയ്തു. എന്നാൽ സ്വകാര്യ ആശുപത്രികളിൽ പലതും ഇതൊന്നും നടപ്പാക്കിയില്ല.
ഇതേ തുടർന്നായിരുന്നു വിഷയം സുപ്രീംകോടതിയിലെത്തിയത്. സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകരാമുള്ള തീരുമാനം ആയതിനാൽ കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ് എല്ലാ ആശുപത്രികളും നടപ്പാക്കേണ്ടി വരുമെന്നതാണ് വിലയിരുത്തൽ. ജോലിഭാരം, സർട്ടിഫിക്കറ്റ് തടഞ്ഞു വയ്ക്കൽ തുടങ്ങി നഴ്‌സുമാർ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ ഗുരുതരമായ സാമൂഹ്യപ്രശ്‌നത്തിലേക്കാണു വിരൽ ചൂണ്ടുന്നതെന്നാണ് സുപ്രീംകോടതിയുടെ നിരീഷണം നേരത്തെ പുറത്തു വന്നിരുന്നു.
ബോണ്ട് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നഴ്‌സുമാർ ഉന്നയിക്കുന്ന പരാതികളിലെ വസ്തുതകൾ പരിശോധിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകിയിരുന്നത്.

No comments :

Post a Comment