Thursday, 29 September 2016

നിശ്ചയിച്ച സമയത്ത്, സ്ഥലത്ത് തിരിച്ചടിച്ച് ഇന്ത്യ; ആക്രമണം മൂന്നു കിലോമീറ്ററോളം ഉള്ളിൽ കടന്ന്

ഉണ്ണി കൊടുങ്ങല്ലൂര്‍
Representative Image
Representative Image

നിശ്ചയിച്ച സമയത്ത്, സ്ഥലത്ത് തിരിച്ചടിച്ച് ഇന്ത്യ; ആക്രമണം മൂന്നു കിലോമീറ്ററോളം ഉള്ളിൽ കടന്ന്


ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൈനിക ഓപ്പറേഷൻസ് ഡയറക്‌ടർ ജനറൽ ലഫ്. ജനറൽ രൺബീർ സിങ്ങും ആവർത്തിച്ചു നടത്തിയ പ്രഖ്യാപനങ്ങൾ ഒടുവിൽ അക്ഷരംപ്രതി ശരിയായി. ഉറി കരസേനാ താവളത്തിലെ ഭീകരാക്രമണത്തിനു നിശ്ചയിച്ച സമയത്ത്, സ്ഥലത്ത് തിരിച്ചടി നൽകുമെന്ന വാക്കുകളാണു മിന്നലാക്രമണത്തിലൂടെ കേന്ദ്ര സർക്കാർ പാലിച്ചിരിക്കുന്നത്. 18 ധീരജവാൻമാരുടെ ജീവനെടുത്ത പാക്ക് പ്രകോപനത്തോടു വൈകാരികമായി പ്രതികരിക്കാതെ, തക്കം പാർത്തിരുന്ന് ഇന്ത്യ നൽകിയ മറുപടിയാണ് ഇന്നു കണ്ടത്.
ബുധൻ രാത്രിയോടെയാണ് നിയന്ത്രണ രേഖ കടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തിയതെന്നു സംഭവം പുറത്തുവിട്ട സൈനിക ഓപ്പറേഷൻസ് ഡയറക്‌ടർ ജനറൽ ലഫ്. ജനറൽ രൺബീർ സിങ് വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഉറി ആക്രമണത്തിന് 10 ദിവസം പ്രായമാകുമ്പോഴാണ് ഇന്ത്യയുടെ തിരിച്ചടി. മറുഭാഗത്തു കനത്ത ആഘാതമാണ് ഇന്ത്യയുടെ മിന്നലാക്രമണം ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കൃത്യമായ മുന്നൊരുക്കത്തോടെയായിരുന്നു ഇന്ത്യൻ സൈനിക നടപടി.
ഇന്ത്യയിലേക്ക് കടക്കാൻ തയാറെടുക്കുന്ന ഭീകരർക്ക് അതിർത്തിയിൽ പരിശീലനം നൽകിവന്ന അഞ്ചോളം ഭീകരക്യാംപുകളാണ് ഇന്ത്യ മിന്നലാക്രമണത്തിലൂടെ തകർത്തതെന്നാണു ലഭിക്കുന്ന വിവരം. വിവിധ ഭീകരസംഘടനകളുടേതാണ് ഈ ക്യാംപുകൾ. ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ തയാറെടുത്തു ഭീകരർ നിയന്ത്രണ രേഖയിൽ നിലയുറപ്പിച്ചിരിക്കുന്നു എന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്നും ലഫ്. ജനറൽ രൺബീർ സിങ് വിശദീകരിച്ചിരുന്നു. നാലു മേഖലകളിലെ എട്ടിടങ്ങളിലായിട്ടായിരുന്നു ഇന്ത്യയുടെ പ്രഹരം. നിയന്ത്രണ രേഖയിൽനിന്ന് മൂന്നു കിലോമീറ്ററോളം ഉള്ളില്‍ കടന്ന് പാക്ക് അധീന കശ്മീരിലെ ഭീംബർ, ഹോട്ട്സ്പ്രിങ്, കേൽ ആൻഡ് ലിപ സെക്ടറുകളിലാണ് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയത്.

Representative Image
രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹമീദ് അൻസാരി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ജമ്മു കശ്മീർ ഗവർണർ, ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി എന്നിവരെ ആക്രമണത്തിന്റെ കാര്യം അറിയിക്കുകയും ചെയ്തു.
'തക്ക സ്ഥലത്ത്, സമയത്ത്'
ബിജെപി ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് തക്ക സ്ഥലത്തും സമയത്തും മറുപടി നൽകുമെന്ന ഉറപ്പ് പ്രധാനമന്ത്രി നൽകിയത്. ഉറി ഭീകരാക്രമണത്തിനുശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന പ്രഥമ പൊതുസമ്മേളനമെന്ന നിലയിൽ, വിഷയത്തോട് ഇന്ത്യയുടെ പ്രതികരണം അറിയാൻ ലോകം കാതോർത്തിരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ ഈ വാക്കുകൾ. അതിങ്ങനെ;
രാജ്യം മുഴുവൻ ആകെ അസ്വസ്ഥമായിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. നമ്മുടെ അയൽ രാജ്യത്തിന്റെ പിന്തുണയോടെ ഭീകരർ ഉറിയിൽ നടത്തിയ ആക്രമണത്തിൽ ധീരജവാൻമാർ വീരമൃത്യു വരിച്ചു. ഇതിനു തക്ക സമയത്ത് തക്ക തിരിച്ചടി നൽകുമെന്ന് ഞാൻ ഉറപ്പു നൽകുന്നു.
പാക്ക് പ്രകോപനത്തിനു മറുപടി യുദ്ധമെങ്കിൽ യുദ്ധം എന്ന നിലപാടിൽ ആർഎസ്എസും ബിജെപിയിലെ ഒരു വിഭാഗം േനതാക്കളും സൈന്യം തന്നെയും ഉറച്ചുനിൽക്കുമ്പോഴാണ് ആലോചിച്ചുറപ്പിച്ച പ്രസ്താവനയുമായി മോദി രംഗത്തെത്തിയത്. രാജ്യം മുഴുവനും പ്രത്യാക്രമണം എന്ന ഒറ്റ ചിന്തയിൽ ഉറച്ചുനിൽക്കുമ്പോൾ, ഈ വികാരത്തിന്റെ വേലിയേറ്റത്തിനു കീഴ്പ്പെടാതെയും പൗരൻമാരുടെ ന്യായമായ വികാരത്തെ ഹനിക്കാതെയും ഒരു നിലപാടു സ്വീകരിക്കുക എന്ന ഘട്ടത്തിലാണ് അസാമാന്യ മെയ്‌വഴക്കം പ്രകടിപ്പിച്ച് മോദി നിലപാടു വ്യക്തമാക്കിയത്. പ്രത്യാക്രമണം ഉടൻ ഇല്ലെന്നു പറയാതെ പറഞ്ഞിട്ടും, പ്രധാനമന്ത്രിയുടെ തീരുമാനം രാജ്യത്തെ ഒന്നാകെ നിരാശപ്പെടുത്തിയില്ലെന്ന് മാത്രമല്ല, ആ വാക്കുകൾ രാജ്യത്തിന്റെ ആത്മവിശ്വാസം ഉയർത്തുന്നതുമായി.
കണക്കിലെടുത്ത കാര്യങ്ങൾ
ഉറി ആക്രമണത്തിനു നൽകേണ്ട തിരിച്ചടിയേക്കുറിച്ചു ചിന്തിക്കുമ്പോൾ പ്രധാനമായും രണ്ടു കാര്യങ്ങൾ കണക്കിലെടുക്കേണ്ടിയിരുന്നു. 1. സഹപ്രവർത്തകരുടെ ജീവഹാനിയിലുള്ള അമർഷം മൂലം പ്രത്യാക്രമണം എന്ന ഒറ്റ ചിന്തയിൽ ഉറച്ചുനിന്ന സൈന്യത്തെ നിരാശരാക്കി അവരുടെ ആത്മവിശ്വാസം കളയാതിരിക്കുക. 2. ഉറി കരസേനാ താവളത്തിലെ ആക്രമണം രാജ്യാന്തര സമൂഹത്തിനുമുന്നിൽ പാക്കിസ്ഥാനെ പ്രതിരോധത്തിലേക്കു മാറ്റിയപ്പോൾ, ഇന്ത്യൻ നിലപാടുകൾക്കു മുൻഗണന ലഭിച്ചു. വൈകാരികമായി പ്രതികരിച്ച് ഈ മുൻതൂക്കം കളഞ്ഞുകുളിക്കാതിരിക്കുക എന്നത് ഒരു നയതന്ത്ര നീക്കം കൂടിയായിരുന്നു.
സെപ്റ്റംബർ 18ന് പുലർച്ചെ നടന്ന ഉറി ആക്രമണത്തിന് 28ന് രാത്രിയാണ് ഇന്ത്യ മറുപടി നൽകിയത്. അടിക്കും തിരിച്ചടിക്കുമിടയിലുണ്ടായിരുന്നത് ഏതാണ്ട് 10 ദിവസങ്ങൾ. ഈ ദിവസങ്ങളിൽ രാജ്യാന്തര സമൂഹത്തിനുള്ളിൽ തങ്ങൾക്ക് അനുകൂലമായ നിലപാട് വളർത്തിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഇന്ത്യ.
കശ്മീർ വിഷയം ഐക്യരാഷ്ട്ര സഭയിൽ ഉയർത്താൻ ശ്രമിച്ച് പാക്കിസ്ഥാൻ ദയനീയമായി പരാജയപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്. ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കരുതെന്ന് യുഎസ് തന്നെ പാക്കിസ്ഥാനു മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു. സാർക്കിന്റെ 19-ാം സമ്മേളനം ബഹിഷ്കരിച്ച് ഇന്ത്യ നടത്തിയ സമ്മർദ്ദ തന്ത്രവും ഫലംകണ്ടു. പാക്കിസ്ഥാൻ ആതിഥ്യം വഹിക്കേണ്ടിയിരുന്ന സമ്മേളനത്തിൽനിന്ന് ഇന്ത്യ പിന്മാറിയതിനു പിന്നാലെ, ഏതാണ്ട് സമാന കാരണങ്ങൾ ചൂണ്ടിക്കാട്ടി അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളും പിന്മാറി. പാക്കിസ്ഥാന്റെ സന്തത സഹചാരികളായ ചൈന പോലും അവരെ തള്ളിപ്പറയുന്ന അവസ്ഥയിലേക്ക് ഏതാണ്ട് കാര്യങ്ങളെത്തി. ഇതിനെല്ലാം പിന്നാലെയാണ് നിയന്ത്രണരേഖ മറികടന്നുള്ള തിരിച്ചടിക്ക് ഇന്ത്യ ഒരുങ്ങിയത്.

No comments :

Post a Comment