Wednesday, 21 September 2016

സമാധി എന്നാൽ മരണത്തിന്റ പര്യായമല്ല

ഉണ്ണി കൊടുങ്ങല്ലൂര്‍
സമാധി ചിന്തകൾ !!!
ഗുരുക്കൻമാർ ഉദയം ചെയ്യുന്നത് ഇരുട്ടിൽ തപ്പിതടയുന്ന ലോകർക്ക് പ്രകാശം നല്കാനാണ് ! ഗുരു ഏതൊരറിവിന്റ ഔന്നിത്യത്തിൽ സ്ഥിതിചെയ്യുന്നോ അതിലേക്ക് ലോകരേയും ഉയർത്തുക ആണ് ഗുരുക്കന്മാരുടെ ലക്ഷ്യം!
സമാധി എന്നാൽ മരണത്തിന്റ പര്യായമല്ല.സമ്യക്കായ ആധി ആണ് സമാധി.സമ്യക്കെന്നാൽ വേണ്ടപോലെ , ആധി എന്നാൽ ആധാനം അഥവാ ഇരിപ്പടം എന്നും അർത്ഥം.അതായത് അവരവരുടെ ശരിയായ ഇരിപ്പടം(പരമമായ സത്യം ) കണ്ടെത്തി അതിൽ ഉറച്ചിരിക്കുന്ന അവസ്ഥയാണ് സമാധി !ജ്ഞാനികൾ അവരുടെ ജീവിതം മുഴുവൻ ,എല്ലാ പ്രവർത്തികളും സമാധിയിലായിരിക്കും !
ഒരു തിരമാല ഞാൻ തിരയാണ് എന്ന് കരുതിയാലതിന് ജനനവും മരണവുമുണ്ട് .ഞാൻ കടലാണ് എന്നാണ് അറിയുന്നതെങ്കിലോ? അപ്പോൾ തിരക്ക് ജനനവുമില്ല മരണവുമില്ല അനാദിയാണ് ...
ജനനം മരണം എന്നൊക്കെ വിളിച്ച് പോരുന്ന പ്രതിഭാസങ്ങൾ പരംപൊരുളാകുന്ന അഥവാ പരമാത്മാവാകുന്ന ആ കടലിൽ ഉണ്ടാകുന്ന തിരയിളക്കങ്ങളുടെ ഭാഗം മാത്രം !
അതായത് സത്യമറിഞ്ഞവന്റ കണ്ണിൽ ജനനവുമില്ല മരണവുമില്ല.ഗുരു അക്കാര്യം നേരിട്ട് പറയുന്നതിങ്ങനാണ് !
"കടലിലെഴും തിരപോലെ കായമോരോ
ന്നുടനുടനേറി ഉയർന്നമർന്നിടുന്നു
മുടിവിതിനെങ്ങിതു ഹന്ത !മൂലസംവിത്
കടലിലജസ്രവുമുളള കർമമത്രേ " (56)
"മരണവുമില്ല പുറപ്പുമില്ല വാഴ്വും
നരസുരരാദിയുമില്ല നാമരൂപം
മരുവിലമർന്ന മരീചി നീരുപോൽ
നില്പൊരു പൊരുളാം പൊരുളല്ലിതോർത്തിടേണം" (78)
ഒരു ആഭരണം തന്റ സത്ത നാശമുളള ആഭരണരൂപമല്ല സ്വർണമാണ് എന്നറിയുന്നതുപോലെയാണത് ,ഒരു തിരമാല ഞാൻ ജനിച്ച് ഉയർന്ന് ഇല്ലാതാകുന്ന മരിക്കുന്ന തിരയല്ല എന്റ സത്ത ജലംതന്നേയാണ് .ആ ജലമായ എനിക്ക് നാശമില്ല , ആ തിരയെന്ന രൂപത്തിനാണ് നാശം ജലമായ ഞാൻ ഇല്ലാതാകുന്നില്ല ! എന്ന് തിര തിരിച്ചറിയും പോലെ ആണ് ആ തിരിച്ചറിവ് പറയാം ! അതിന്റ പേരാണ് സമാധ്യവസ്ഥ !
ഈ സമാധ്യവസ്ഥ നമ്മുടെ ജീവിതത്തിലുടനീളം നിറഞ്ഞ് നിൽക്കുംപോളാണ് ജീവിതം ശാന്തി നിറഞ്ഞതായിത്തീരുന്നത് !ജീവിതത്തിൽ പ്രതീക്ഷയ്ക്കുവിരുദ്ധമായി സംഭവിക്കുന്നകാര്യങ്ങളാണല്ലോ അശാന്തിയുണ്ടാക്കുന്നത് !
എന്നാൽ സമാധ്യാവസ്ഥയിൽ അഥവാ പരമമായ സത്യം അഥവാ ഇരിപ്പിടം കണ്ടെത്തി അതിൽ ഉറച്ച് സ്ഥിതിചെയ്താലോ പിന്നെ ജീവിതത്തിലെ എല്ലാ സംഭവങ്ങളേയും കാണുന്നത് തനിക്ക് സംഭവിക്കുന്നതായിട്ടല്ല.ഏകമായ ആത്മ സത്യത്തിൽ നടക്കുന്നവ ആയിട്ടായിരിക്കും ഈ ദർശനമാണ് ജീവിതത്തേ ആയാസ രഹിതമാക്കുന്നത് !
ഒരു തരത്തിൽ ഗുരു നമുക്ക് തരുന്ന ഉപദേശം നിങ്ങൾ നിങ്ങളുടെ ജീവിതത്തെ മേൽപറഞ്ഞപോലെ സമാധ്യാനുഭവമാക്കി മാറ്റുക എന്നതാണ് !
അതിനാൽ സമാധിയെ ദേഹവിയോഗമെന്ന് ധരിച്ച് ദുഖാചരണമായി കാണുന്നത് അജ്ഞതയാലാണ് !
ഭക്തി സാന്ദ്രമായ ഒരു ദിവസമായി അതിനെ ആചരിക്കുന്നത് ഉചിതം തന്നെയാണ് !
ഭക്തിയെ "ആത്മാനുസന്ധാനം" എന്ന് ഗുരു പഠിപ്പിക്കുന്നു ! അതായത് തന്നിൽ തന്നേ സത്യമായിരിക്കുന്നതെന്തെന്ന് ഗുരു തന്ന അറിവിന്റ വെളിച്ചത്തിൽ നിരന്തമായ ധ്യാനത്തിന് വിധേയമാക്കുക എന്നതാണ് ഭക്തിയുടെ ലളിത നിർവ്വചനം !
നടരാജഗുരു ഒരിക്കൽ പറയുകയുണ്ടായി ! ഞാൻ എത്രയോതവണ വിദേശയാത്ര നടത്തി , ലോകം ചുറ്റി സഞ്ചരിച്ചു ! എത്രയോ ശാസ്ത്രജ്ഞന്മാരുമായും ചിന്തകൻമാരുമായും ഞാൻ ആശയവിനിമയം നടത്തി !എന്നിട്ട് ഞാനെന്ത് നേടി ? നടരാജഗുരു തന്നേ സ്വയം ഉത്തരവും പറഞ്ഞു ! ഒന്നും നേടിയില്ല , പക്ഷേ നാരായണഗുരു തന്റ കൃതികളിൽ രേഖപ്പെടുത്തി വച്ചിരിക്കുന്ന സത്യത്തെ സംബന്ധിക്കുന്ന അവസാന വാക്കുകളുടെ അടുത്ത് എങ്ങും വരാൻ ഒരുശാസ്ത്രജ്ഞനോ ചിന്തകനോ സാധിച്ചില്ല എന്ന സത്യം എനിക്ക് നേരിട്ട് ബോധ്യപ്പെടാൻ ഈ യാത്രകൾ ഉപകരിച്ചു "
രമണ മഹർഷി ഒരിക്കൽ പറയുകയുണ്ടായി ഞങ്ങൾ സംഗമിച്ചപ്പോൾ അദ്ദേഹത്തിന് എന്നോട് പറയുവാൻ ഒന്നും ഉണ്ടായിരുന്നില്ല കാരണം സർവ്വജ്ഞനായ മഹാത്മാവായിരുന്നു നാരായണ ഗുരു !
അതിനർത്ഥം ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റയോ ദേശീയതയുടേയോ പ്രത്യയശാസ്ത്രങ്ങളുടെയോ ഇടുങ്ങിയ സങ്കേതങ്ങളിൽ ഒതുങ്ങുന്നതല്ല നാരായണ ഗുരു എന്ന അസാധാരണ പ്രതിഭാസം !
ഗുരു , ഋഷി അല്ലങ്കിൽ ഒരു മഹാത്മാവ് വിലയിരുത്തപ്പെടുന്നത്
1)അദ്ദേഹം എഴുതിവച്ചതും പറഞ്ഞതുമായ വാക്കുകൾ !
2) അദ്ദേഹത്തിന്റ പ്രവർത്തികൾ എന്നിവയിൽ നിന്നാണ് !
പ്രവർത്തികൾ എപ്പോഴും കാലികമായ അഥവാ ആകാലഘട്ടത്തിൽ മാത്രം പ്രാധാന്യം ഉളളതായിരിരിക്കും . വാക്കുകൾ അഥവാ ശ്രുതികൾ എല്ലാക്കാലവും നിത്യമൂല്യമുളളതും!
ലോക ജനതയ്ക്ക് ആയി ഗുരു തന്ന നിത്യമൂല്യമുളള വാക്കുകളെ അഥവാ ശ്രുതികളെ അറിയാതെ ഗുരുവിന്റ ജീവിത കാലഘട്ടത്തിലെ പ്രവർത്തികൾ (കാലികമായ പ്രസക്തിയുളളവ) കേട്ട് അതിനെ മഹത്വവൽക്കരിക്കുന്ന തെറ്റായ പ്രവണത ഇന്ന് ഗുരുവിന്റ പേരിൽ ഉയരുന്ന ഭൂരിപക്ഷം വേദികളിലും സർവസാധാരണമാണ് !
തേങ്ങകാണാത്തവൻ തൊണ്ടിനേ മഹത്വഹത്കരിക്കും പോലെ !

നാം കാലാതീതവും ദേശാതീതവുമായ നിത്യമൂല്യമുളള ഗുരുവിന്റ വാക്കുകൾ ലോകത്തിന് തുറന്ന് കാട്ടുകയാണ് വേണ്ടത്
അങ്ങനെ തേങ്ങയെ അറിയാതെ തൊണ്ടിനെ വാഴ്ത്തുന്നവരാണ് ഗുരുവിനെ സാമൂഹികപരിഷ്കർത്താവും സമുദായിക ഗുരുവും വിപ്ലവകാരിയും ഒക്കെ ആയി ഇടുങ്ങിയ തലത്തിൽ അവതരിപ്പിക്കുന്നത് !
ഈ ഒറ്റക്കാരണം കൊണ്ടാണ് ശാസ്ത്രം തിരയുന്ന,നാം തേടുന്ന പരമമായ സത്യത്തെ വെളിപ്പെടുത്തുന്ന , അറിവിന്റ സ്വഛതയുടെയും ശാസ്ത്രീയതയുടെയും കാര്യത്തിൽ ഗുരുവിന്റ ഏഴയലത്ത് പോലും നിലവാരം വരാത്ത ആചാര്യൻക്ക് ലഭിച്ചിട്ടുളള അംഗീകാരം പോലും ലോകത്ത് ഗുരുവിന് ലഭിക്കാതെ പോവുന്നതും !
ഗുരുതന്ന ഉന്നതമായ അറിവുകളെ ധ്യാനിച്ച് ജീവിതം പ്രകാശിതമാക്കുന്നവർക്കാണ് ഗുരു ആരാധ്യമാകുന്നത് !തന്റ പാഠങ്ങൾ പഠിക്കാത്ത ഒരു ശിഷ്യനേയും ഒരു ഗുരുവും ഇഷ്ടപ്പെടുന്നില്ലാ എന്നത് ഏവർക്കും അറിവുളളതാണല്ലോ!ഇവിടെയും അങ്ങനെ തന്നേ !ഗുരു തന്ന പാഠങ്ങൾ പോലും പഠിക്കാത്തവർ എങ്ങനെ ഗുരുഭക്തരെന്ന് അവകാശപ്പെടും ?
പരമപവിത്രമായ ഗുരുശിഷ്യ ബന്ധത്തിൽ നിന്ന് ഉതിർന്ന് വരുന്ന ജ്ഞാനദായകനോടുളള അതിസംബന്നമായ ആരാധനയ്ക്ക് പകരം ഗുരുവിനോട് വെറും സാധാരണ വ്യക്തി താത്പര്യങ്ങൾ സാധിച്ച് തരണേ എന്ന ആരാധനാലയങ്ങളിൽ കാണുന്ന പോലുളള യാചനയുടെ ദരിദ്ര തരത്തിലുളള മൂർത്തി ഉപാസക രീതിയിലുളള അധമ ആരാധനകളാണ് സമൂഹത്തിൽ വ്യാപകമായി കാണുന്നത് !
അറിവിലമർന്ന് അതുമാത്രമായിരിക്കുന്ന ജ്ഞാനിയെ ഗുരുവിനെ ദേവൻമാൻ പോലും വന്ന് നിന്ന് നമസ്കരിക്കും എന്ന് ഉപനിഷദുകൾ പലസന്ദർഭങ്ങളിലും പറയുന്നു ! ഏതൊരുദേവൻമാരാണോ ഗുരുവിനെ നമസ്കരിച്ച് നിൽക്കുന്നത് ആ ദേവൻമാർക്ക് തുല്യനായി ഗുരുവിനെ കാണുന്നത് എത്ര മടയത്തരമാണ് !ഗുരു തത്വത്തിന് മുകളിലൊരു തത്വമില്ല !
ഗുരുവിന്റ കൃതികളുമായി അഥവാ ജ്ഞാനവുമായി യാതോരുബന്ധവുമില്ലാത്ത രാഷ്ട്രീയക്കാരന്റേയും സമുദായങ്ങളുടെയും ചരിത്രവും കഥകളുമായി സദസിനെ ഇളക്കിമറിക്കുന്ന പ്രഭാഷകരുടേയും പ്രസംഗങ്ങളും പാടിപ്പതിഞ്ഞുപോയ ചില മുദ്രാവാക്യസമാനമായ സൂക്തങ്ങളേയും മാത്രം ആധാരമാക്കിയാണ് ഗുരുവിന്റ ഭക്തരെന്ന് സ്വയം കരുതുന്നവർ പോലും ഗുരുവിനെ മനസിലാക്കിപോരുന്നത് എന്നത് വിരോധാഭാസം തന്നേ !
ഈ പ്രശ്നങ്ങൾക്കുളള ഏകപരിഹാരം ഗുരുവിന്റ കൃതികളുമായി നമുക്ക് നേരിട്ട് ബന്ധം ഉണ്ടാവുക എന്നതാണ് ! ഗുരുവിന്റ കൃതികൾ സ്വയം പഠനത്തിനും മനനത്തിനും വിധേയമാക്കുക എന്നത് മാത്രം ! അങ്ങനെ ഒരു ഗുരുസംസ്കാരം വളർത്തിയെടുക്കുക എന്നതാണ് നാം ചെയ്യേണ്ടത് !
നാരായണ ഗുരു എന്ന ഋഷി ചെയ്തത് രാമനും കൃഷ്ണനും ബുദ്ധനും വ്യാസനും ഋഷികുലങ്ങളും ഗുരുപരംബരകളും ഉപദേശിച്ച , ഇന്ന് ആധുനികശാസ്ത്രംപോലും തിരയുന്ന പരമമായ സത്യത്തെ ,അറിവിനെ ആധുനികശൈലിയിൽ സ്വതനിമയോടും ശാസ്ത്രീയമായും സരളമായും നല്കപ്പെട്ടു എന്നത് തന്നേ !
ഗുരുതന്ന അറിവിന്റ പ്രയോജനം തന്നേപ്പറ്റിയും ലോകത്തേയും അത് രണ്ടിനുമാധാരമായ സത്യത്തേയും അറിയുക അതിന്റ പേരാണ് ജ്ഞാനം !
അങ്ങനെ ജീവിതം ജ്ഞാനത്താൽ പരിപൂർണതയെ പ്രാപിച്ച് പൂർണ ആനന്ദത്തോടെയും സ്വാതന്ത്യത്തോടെയും സംതൃപ്തിയോടെയും പ്രശാന്ത മാനസനായി ഏതവസ്ഥയിലും(സുഖാവസ്ഥയിലും ദുഖാവസ്ഥയിലും ) ജ്ഞാനസംബത്തോടെ ജീവിക്കുക എന്നത് മാത്രം ആണ് ഇതിന്റ പ്രയോജനം !
അപ്പോൾ ഈശ്വരനല്ലാതെ മറ്റൊന്ന് എവിടെയുമില്ലാ എന്ന് വെളിപ്പെട്ട് കിട്ടും !തത്വമറിഞ്ഞവർക്ക് അത് വെളിപ്പെടുത്തുന്ന ഗുരുവിനേക്കാൾ വലിയ തത്വം ലോകത്തില്ല !
നാരായണഗുരു എന്ന അറിവിന്റ സാഗരത്തേ അറിയുക അറിയിക്കുക.........
{ ജീവിതത്തേ ധന്യമാക്കുന്ന നാരായണഗുരു തന്ന ഋഷിപ്രോപ്തമായ ആ അറിവിനോട് താത്പര്യവും മനസുമുളളവർ ആദ്യം പഠിച്ചിരിക്കെണ്ട പ്രഥമപുസ്തകമാണ് അഥവാ പ്രവേശികയാണ് "അറിവിന്റ ആദ്യപാഠങ്ങൾ "എന്ന് പേരുളള പ്രഥമഗ്രന്ധം ആധുനിക ശൈലിയിലുളള നാരായണ ഗുരുവിന്റ ചിന്താശൈലിയേയും ഗുരുതന്നേ മൊഴിമാറ്റം ചെയ്ത ഉപനിഷത്തിനേയും പിൻപറ്റിക്കൊണ്ടുളള പ്രഥമപാഠങ്ങൾ. (By : Guru Muni Narayana Prasad) അത് തുടർന്നുളള ഏത് പഠനവും അനായാസവും അതി സുഗമമാക്കും !
ശേഷം മാത്രം ! ആത്മോപദേശശതകം,അദ്ദൈതദീപിക,അറിവ് ,ബ്രഹ്മവിദ്യാപഞ്ചകം,ദൈവദശകം,ദർശനമാല ഇവ ക്രമത്തിൽ പഠനവിധേയമാക്കാവുന്നതാണ് . !
താത്പര്യമുളളവർക്ക് ഈ അഡ്രസിൽ Ph ൽ ബന്ധപ്പെട്ടാൽ ഗുരുപരംബരയുടെ ലളിതവും ആധുനികവുമായ മേൽപറഞ്ഞ പുസ്തകങ്ങൾ VPP ആയി നിങ്ങൾക്ക് അയച്ച് തരുന്നതാണ് !
അറിവിനാൽ പ്രകാശിതമാവട്ടേ ഏവരുടേയും ജീവിതം }
_________________________________________ Address
Narayana Gurukula,
Srinivasapuram,
Varkala
Ph : 0470 2602398
________________________________________

No comments :

Post a Comment