Thursday, 22 September 2016

വരുന്നു പുത്തന്‍ മാനം

ഉണ്ണി കൊടുങ്ങല്ലൂര്‍

പാക്ക്, ചൈന വെല്ലുവിളികളെ നേരിടണം, പറന്നിറങ്ങും പുതു പോര്‍ വിമാനങ്ങൾ

ഒടുവിൽ തീരുമാനമായി. റഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്കു വൈകാതെ സ്വന്തമാകും. ഫ്രാൻസിൽനിന്നു 36 റഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഇന്ത്യ വെള്ളിയാഴ്ച ഒപ്പുവയ്ക്കും. കരാറിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിച്ച പശ്ചാത്തലത്തിലാണിത്. കരാറിൽ ഒപ്പു വയ്ക്കുന്നതിനായി ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഷീൻ ലെ ഡ്രിയാൻ ഡൽഹിയിലെത്തും.
ഫ്രാൻസിൽനിന്നു 36 റഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നത് ഏകദേശം 59,000 കോടിയോളം രൂപയ്ക്കാണ്. ഒന്നരവർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് ആദ്യ വിമാനം ലഭിക്കുമെന്നുമാണു സേനാവൃത്തങ്ങൾ നൽകുന്ന സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശന സമയത്താണു 36 റഫേൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനമായത്. കരാറിന്റെ ഭാഗമായി ഫ്രഞ്ച് കമ്പനി ഇന്ത്യയിൽ 300 കോടി രൂപയുടെ നിക്ഷേപം നടത്തണം.
ഈ വർഷം റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കു മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദ് എത്തിയിരുന്നെങ്കിലും റഫേൽ വിമാനങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിരുന്നില്ല. സ്ക്വാഡ്രൺ കുറവ് വലിയ തലവേദനയായി മാറിയിരിക്കുകയാണു ഇന്ത്യൻ വ്യോമസേനയിൽ. അയൽരാജ്യമായ ചൈന, പാക്കിസ്ഥാൻ എന്നിവരോടു നേരിടാൻ നിലവിലെ സ്ക്വാഡ്രൺ അപര്യാപ്തമാണെന്നു ഏയർ ഫോഴ്സ് മേധാവി ഏയർ മാർഷൽ അരൂപ് രാഹ പലതവണ വ്യക്തമാക്കിയിരുന്നു. റഫേൽ വിമാനങ്ങൾ വാങ്ങുന്നതിന്റെ വേഗം വർധിപ്പിച്ചതിനു പിന്നിൽ ഇതുൾപ്പെടെയുള്ള കാരണങ്ങളുണ്ട്.
പക്ഷെ ഇതിനിടെ ചർച്ച ചെയ്യപ്പെടാതെ പോകുന്നതു വർഷങ്ങൾ പഴക്കമുള്ള മറ്റൊരു പദ്ധതിയാണ്. അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനുള്ള മീഡിയം മൾട്ടിറോൾ കോംപാക്ട് ഏയർക്രാഫ്റ്റ് (എംഎംആർസിഎ) പദ്ധതി തുടക്കമിട്ടതു 2001ലായിരുന്നു. റിക്വസ്റ്റ് ഫോർ പ്രപ്പോസൽ (ആർഎഫ്പി) നടപടികൾ നീണ്ടതോടെ 2008 മാർച്ച് മൂന്നിനാണു എംഎംആർസിഎയുടെ നടപടിക്രമങ്ങൾ ഒൗദ്യോഗികമായി ആരംഭിച്ചതെന്നു പറയാം. വിവിധ രാജ്യങ്ങൾക്കു തങ്ങളുടെ എയർക്രാഫ്റ്റുകളുമായി പദ്ധതിയിലേക്ക് അപേക്ഷ നൽകാനുള്ള അവസരമാണ് ആർഎഫ്പി. ഒട്ടേറെ പയറ്റുകൾക്കും നീണ്ട വാദപ്രതിവാദങ്ങൾക്കുമൊടുവിൽ ആറു ഏയർക്രാഫ്റ്റുകൾ ഷോർട്ട് ലിസ്റ്റ് ചെയ്തു. ഡീൽ സ്വന്തമാക്കാൻ വൻലോക രാജ്യങ്ങൾ തമ്മിൽ മൽസരമായി. എന്തുകൊണ്ടെന്നോ, ഇന്ത്യയുടെ പ്രതിരോധ ഇടപാടിൽ ഏറ്റവും വലുതായിരുന്നു അത്. 82000 കോടിയുടെ പദ്ധതി (വർഷങ്ങൾക്കു മുൻപത്തെ കണക്കാണിത്). 126 ഏയർക്രാഫ്റ്റ് വാങ്ങാനുള്ള ഇടപാട്.
അവസാന ഘട്ടത്തിലെത്തിയത് ആറു കോംബാക്റ്റ് ഏയർ ക്രാഫ്റ്റുകൾ. ഫ്രഞ്ച് കമ്പനിയായ ദസിന്റെ റഫേൽ, ജർമനി കൂടി പങ്കാളിയായ യൂറോപ്യൻ ഈഡ്സ് കൺസോഷ്യത്തിന്റെ യൂറോഫൈറ്റർ ടൈഫൂൺ, ലോക്കിഡ് മാർട്ടിന്റെ എഫ് 16 ബ്ലോക്ക് 60 ഫൈറ്റർ, ബോയിങ്ങിന്റെ എഫ്എ 18 സൂപ്പർ ഹോർണറ്റ്, സ്വീഡിഷ് സാബിന്റെ ഗ്രിപ്പൻ, റഷ്യയുടെ മിഗ് 35 എന്നിവ. ഒടുവിൽ റഫേലും ടൈഫൂണും അവസാന ഘട്ടത്തിലേക്കെത്തി.
പോർ സാഹചര്യങ്ങളിൽ ടൈഫൂണും റഫേലും വ്യോമസേന മുന്നോട്ടുവച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായി കരുത്തു തെളിയിച്ചിരുന്നു. പ്രതിരോധ ആയുധ വാങ്ങൽ നയം(ഓഫ്സെറ്റ് പോളിസി) അനുസരിച്ചുള്ള ഇന്ത്യയുടെ നിർദേശങ്ങൾക്ക് ഏറ്റവും അനുകൂലമായ നിലപാടെടുത്തതോടെ ഫ്രഞ്ച് കമ്പനിയായ ദസയുമായി റഫേൽ വാങ്ങാൻ കരാർ ഉറപ്പിച്ചു. അന്തിമതീരുമാനം ഇന്ന്, നാളെയെന്ന വാക്കുമായി ഇന്ത്യൻ വ്യോമസേനയും പ്രതിരോധ മന്ത്രാലയവും മുന്നോട്ടു പോയി. അവസാന തീരുമാനെടുത്തിട്ടും പല കാരണങ്ങളാലും കരാർ ഉറപ്പിക്കൽ മുന്നോട്ടു പോയി. ഒടുവിൽ എംഎംആർസിഎ ഡീൽ ഒപ്പിടുന്നതിനു മുൻപ് 36 റഫേൽ വിമാനങ്ങൾ വാങ്ങാൻ പ്രധാനമന്ത്രി തീരുമാനിക്കുകയും ചെയ്തു.
പറയത്തക്ക മേൻമയൊന്നും റഫേലിനില്ലെന്ന വാദവുമുണ്ട്. 15.3 മീറ്റർ നീളവും 5.3 മീറ്റർ ഉയരവുമുള്ള ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇലക്ട്രോണിക് സ്കാനിങ് റഡാർ ഉപയോഗിക്കുന്ന ഏക യൂറോപ്യൻ പോർവിമാനം എന്ന സവിശേഷതയാണ്. വായുവിൽ നിന്നു വായുവിലേക്കും കരയിലേക്കും ആക്രമണം നടത്താൻ ശേഷി. ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തി അവയുടെ ത്രിമാന രേഖാചിത്രം ഉണ്ടാക്കി ആക്രമണം നടത്താനുള്ള കഴിവ് ഇതെല്ലാം റഫേലിനെ വ്യത്യസ്തമാക്കുന്നു. പക്ഷെ ഇന്ധനക്ഷമതക്കുറവും എൻജിന്റെ പോരായ്മകളും ഏറെ നേരം അന്തരീക്ഷത്തിൽ കറങ്ങി നടക്കുന്നതിലെ പോരായ്മകളുമെല്ലാം റഫേലിന്റെ പോരായ്മയായി വിലയിരുത്തുന്നുണ്ട്.
ഇന്ത്യൻ വ്യോമസേന ഇപ്പോൾ ഉപയോഗിക്കുന്ന സുഖോയ് 30(സു-30) ന്റെ അടുത്ത ജനറേഷൻ സുഖോയ് 35 ഉൾപ്പെടെയുള്ള വിമാനങ്ങൾ ഇതിനേക്കാൾ മികവു കാട്ടുമ്പോൾ റഫേൽ ഇടപാട് പൂർണമായാൽ രാജ്യത്തിനു തലവേദനയാകുമോ എന്നും അഭിപ്രായങ്ങളുണ്ട്.
പക്ഷെ സ്ക്വാഡ്രൺ കുറവ് പരിഹരിക്കാൻ ഇന്ത്യയുടെ വ്യോമസേനയ്ക്കു വിമാനങ്ങൾ ആവശ്യമാണ്. ചൈന, പാക്കിസ്ഥാൻ എന്നിവർ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ ഇന്ത്യയ്ക്കു വേണ്ടതു 45 ഫൈറ്റർ സ്‌ക്വാഡ്രണുകളാണ്. പക്ഷെ നിലവിലുള്ളതാകട്ടെ 34 എണ്ണം മാത്രം. ഓരോ സ്‌ക്വാഡ്രണിലുമുള്ളതു 18 വിമാനങ്ങൾ. ഇതിൽ 14 സ്ക്വാഡ്രണുകളാകട്ടെ കാലപ്പഴക്കം ചെന്ന മിഗ്-21, മിഗ്- 27 വിമാനങ്ങൾ ഉപയോഗിക്കുന്നതും. റഫേൽ ഡീലിന്റെ പ്രാധാന്യം ഇതിൽ തന്നെ വ്യക്തം.
റഫേലിന്റെ ശക്തി
നിലവിൽ റഫേൽ ഉപയോഗിക്കുന്നത് ഫ്രഞ്ച് എയർഫോഴ്സ്, ഫ്രഞ്ച് നേവി, ഈജിപ്ത് എയർഫോഴ്സ്, ഖത്തർ എയർഫോഴ്സ് എന്നിവരാണ്. 2015 വരെയുള്ള കണക്കുകൾ പ്രകാരം 141 വിമാനങ്ങൾ നിര്‍മിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ പേർക്ക് പറത്താവുന്ന വിമാനത്തിന്റെ നീളം 15.27 മീറ്ററാണ്. റഫേലിന്റെ വേഗം 1.8 മാകാണ് (മണിക്കൂറിൽ 1912 കിലോമീറ്റർ). 3700 കിലോമീറ്റർ പരിധിവരെ പറക്കാൻ കഴിയുന്ന വിമാനത്തിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്.
ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റഫേൽ. എയർ ടു എയർ, എയർ ടു ഗ്രൗണ്ട്, എയർ ടു സർഫെഴ്സ് ശേഷിയുള്ളതാണ് റഫേൽ. മിക്ക ആധുനിക ആയുധങ്ങളും റഫേലിൽ ഘടിപ്പിക്കാനാകും. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താൻ റഫേൽ മികച്ച വിമാനം തന്നെയാണ്. ലിബിയയിലും സിറിയയിലും ആക്രമണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ച റഫേലിന്റെ സേവനം മികച്ചതായിരുന്നു.
ഇന്ത്യയുടെ റഫേൽ ഫ്രാൻസിന്റേതിനേക്കാൾ മികച്ചത്
ഫ്രാൻസിന്റെ കയ്യിൽ നിന്ന് ഇന്ത്യ വാങ്ങി വികസിപ്പിച്ചെടുക്കുന്ന റഫേൽ വിമാനം ഏറ്റവും മികച്ചതായിരിക്കും. ഇന്ത്യയുടെയും ഇസ്രായേലിന്റെയും സാങ്കേതിക സംവിധാനങ്ങൾ ഫ്രാൻസിന്റെ റാഫാലിൽ ഘടിപ്പിക്കുന്നതോടെ മികച്ചതാകും. ഫ്രഞ്ച് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് റഫേലിന്റെ ഇന്ത്യൻ പതിപ്പ് നിർമിക്കുക. അസ്ട്ര, സുദർശൻ ബോംബുകൾ, എഇഎസ്എ റഡാർ, പൈത്തൺ 5, ഇസ്രായേലിന്റെ ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യയുടെ റഫേൽ പുറത്തിറങ്ങുക.
വിമാനത്തിന്റെ മികവു മാത്രമല്ല പലപ്പോഴും പ്രധാന ഘടകമാകുന്നത്. സാങ്കേതികവിദ്യ കൈമാറാൻ വിൽക്കുന്ന രാജ്യത്തിനും കമ്പനിക്കുമുള്ള ‘സന്മനസ്സ്’, വിമാനത്തിന്റെ സർവീസ് കാലഘട്ടം തീരുന്നതു വരെ സ്‌പെയർ പാർട്ടുകൾ നൽകാനുള്ള ‘സന്മനസ്സ്’, വിൽക്കുന്ന രാജ്യത്തെ രാഷ്‌ട്രീയ അന്തരീക്ഷം, മൊത്തമുള്ള ചെലവ് ഇവയെല്ലാം ഘടകങ്ങളാണ്. ഡാസാൾട്ട് നിർമിച്ച നാൽപതിലധികം മിറാജ്-2000 വിമാനം ഇന്ത്യൻ വ്യോമസേനയുടെ സർവീസിൽ ഇന്നുണ്ട്. ഡാസാൾട്ടിന്റെ നിർമാണമികവിന് ഒരു സർട്ടിഫിക്കറ്റാണു മിറാജ് എന്നു പറയാം. സ്‌പെയർ പാർട്ടുകൾ നൽകുന്നതിലോ, എൻജിൻ സർവീസിങ് ഉൾപ്പെടെയുള്ള വിൽപനാനന്തര സേവനങ്ങളിലോ ഇന്നുവരെ മിറാജിന്റെ കാര്യത്തിൽ പ്രശ്‌നമുണ്ടായിട്ടില്ല.
എന്തിനാണ് ഈ വിമാനം?
എവിടെയും ഏതിനും ഉപയോഗിക്കാവുന്ന മിഗ്-21, മിഗ്-29 എയർ സുപ്പീരിയോറിറ്റി ഫൈറ്റർ‌, ശത്രു റഡാറുകളെ വെട്ടിച്ചു വളരെ ദൂരം താഴ്‌ന്നുപറന്നു ബോംബിടാൻ ശേഷിയുള്ള ജഗ്വാർ, ഇന്ത്യയിൽ നിന്നു പറന്നുപൊങ്ങിയാൽ ഏതു ഭാഗത്തുമെത്തി ബോംബിടാൻ കഴിവുള്ള ആധുനികോത്തരമായ സുഖോയ്-30 എംകെഐ എന്നിവയെല്ലാം കൈവശമുള്ളപ്പോൾ. കൂടാതെ തേജസ്സ് എന്ന പേരിൽ ഒരു അത്യാധുനിക പോർവിമാനം ഇന്ത്യ തന്നെ വികസിപ്പിച്ചു തയാറാക്കി കഴിഞ്ഞപ്പോൾ? ഓരോ വിമാനത്തിനും ഒരോ തരം റോളാണുള്ളത്. ശത്രുരാജ്യത്തേക്കു കുതിച്ചുകയറി ബോംബിടുന്നവയെ പണ്ടു ബോംബർ എന്നും ഇന്നു സ്‌ട്രൈക്ക് വിമാനമെന്നും വിളിക്കുന്നു. ശത്രുവിമാനങ്ങളുമായി ആകാശയുദ്ധത്തിൽ ഇടപെടുന്നവയെയാണു ഫൈറ്റർ വിമാനങ്ങൾ എന്നു വിളിക്കുന്നത്.
ഇവയ്‌ക്കിടയിൽ തന്നെ പല വകഭേദങ്ങളുണ്ട്. ശത്രുഭൂമിയുടെ ഉള്ളിലേക്ക് ആഴത്തിൽ പറന്നെത്തി, ശത്രുവിന്റെ സൈനികനീക്കങ്ങളെ തകർക്കാനായി റോഡ്, റയിൽ പാതകൾ, പാലങ്ങൾ ശത്രുവിന്റെ കമാൻഡ് സെന്ററുകൾ തുടങ്ങിയവ തകർക്കുന്നവയാണു ഡീപ് പെനിട്രേഷൻ സ്‌ട്രൈക്ക് വിമാനങ്ങൾ. ജഗ്വാർ ഈ വിഭാഗത്തിൽ പെട്ടവയാണ്. പറക്കൽ ശേഷിയും പ്രഹരശേഷിയും കൂടുതലാണെങ്കിലും ഇവയ്‌ക്ക് ഒരു പോരായ്‌മയുണ്ട് - ശത്രുവിമാനങ്ങളിൽ നിന്നു സ്വയം സംരക്ഷിക്കാനുള്ള കഴിവു പരിമിതമാണ്. അതിനാൽ ഇവയ്‌ക്കു കൂട്ടുപോകാൻ ഫൈറ്റർ വിമാനങ്ങൾ വേണം.
ശത്രുഭൂമിയിലേക്ക് അതിക്രമിച്ചു കയറി കനത്ത ആക്രമണം നടത്താൻ കഴിവുള്ളവയാണു സുഖോയ്-30 വിമാനം. ജഗ്വാറിനെക്കാൾ മികച്ച സ്വരക്ഷാസംവിധാനം ഇവയ്‌ക്കുണ്ട്. വ്യോമസേനയുടെ പക്കൽ 220 സുഖോയ്-30 വിമാനങ്ങളുണ്ട്. ഇതിൽ 27 എണ്ണം സൂപ്പർ സുഖോയ് വിമാനങ്ങളാണ്. ശത്രുവിന്റെ പിൻനിര നീക്കങ്ങളെ തകർക്കാൻ ശേഷിയുള്ള 140 വരെ ജഗ്വാർ വിമാനങ്ങളും. ആക്രമിച്ചുവരുന്ന ടാങ്ക് വ്യൂഹങ്ങളെയും പീരങ്കിപ്പടയെയും ആകാശത്തു നിന്ന് ആക്രമിക്കാൻ മിഗ്-27 എന്ന ഗ്രൗണ്ട് അറ്റാക്ക് വിമാനങ്ങളും. ശത്രുവിമാനങ്ങളുമായി ആകാശയുദ്ധത്തിലേർപ്പെടാൻ മാത്രമായി ചില വിമാനങ്ങളുണ്ട്. ഇവയിൽ മിഗ്-29 ആണു മുമ്പൻ. വിമാനം ഒട്ടേറെ മികച്ചതാണെങ്കിലും എണ്ണം വെറും 65 മാത്രം. ഈ റോളിൽ വ്യോമസേനയ്‌ക്ക് ഒരു വണ്ടിക്കാള തന്നെയുണ്ടായിരുന്നു: മിഗ്-21. എണ്ണത്തിലാണെങ്കിലും പ്രശ്‌നമുണ്ടായിരുന്നില്ല.
നൂറുകണക്കിനു മിഗ്-21 വിമാനങ്ങൾ ഇന്ത്യയിൽ തന്നെ നിർമിച്ചിരുന്നു. എന്നാൽ രണ്ടു പ്രശ്‌നങ്ങളുണ്ട്. ഒന്ന്: 1970കളിലെ സാങ്കേതിക വിദ്യയാണിവയിൽ. രണ്ട്: സ്‌പെയർ പാർട്ടുകൾ പോലും ലഭ്യമല്ല. ഇക്കാരണങ്ങളാൽ അപകടങ്ങൾക്കു വഴിതെളിച്ചിട്ടുള്ള ഈ വിമാനം വ്യോമസേന ഘട്ടംഘട്ടമായി കയ്യൊഴിഞ്ഞു കൊണ്ടിരിക്കുകയാണ്. യഥാർഥത്തിൽ പ്രതിരോധ മേഖലയിലെ യുദ്ധവിമാനങ്ങളുടെ കുറവുകൾ നികത്തുന്നതിനു വേണ്ടിയാണ് ഇത്രയും പണം ചെലവിട്ട് റഫേൽ വാങ്ങുന്നത്.

No comments :

Post a Comment