ഉണ്ണി കൊടുങ്ങല്ലൂര്
*ഗുരു ദൈവം തന്നെ,ഗുരുമന്ദിരങ്ങൾ ക്ഷേത്രങ്ങളും സ്വാമി ഋതംഭരാനന്ദ*
✨
✨
✨
✨
✨
✨
✨
✨
✨
✨
✨
✨
✨
✨
✨
✨
കരുമാടിയിൽ ഗുരുമന്ദിരം സ്ഥിതിചെയ്ത സ്ഥലം ജപ്തിചെയ്ത് ലേലത്തിൽ വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട കേസിന്റെ വിധിയിൽ 'ഗുരുമന്ദിരങ്ങളെ ക്ഷേത്രങ്ങളായി കണക്കാക്കാനാവില്ല' എന്ന പരാമർശം കടന്നുവന്നത് ഏറെ ഖേദകരവും ഗുരുദേവ വിശ്വാസികളുടെ ഹൃദയത്തെ വ്രണപ്പെടുത്തുന്നതുമാണ്. ഭാരതം ഒരു ജനാധിപത്യ- മതേതര രാജ്യമാണ്. ഇവിടെ ഏതൊരു പൗരനും അവർക്കിഷ്ടമുള്ള വിശ്വാസപ്രമാണങ്ങളെ സ്വീകരിക്കുവാനും ആരാധനയിലേർപ്പെടുവാനും ആയത് പ്രചരിപ്പിക്കുവാനുമുള്ള പരിപൂർണ്ണമായ അവകാശം നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നുവല്ലോ. അതുകൊണ്ടാണ് ഭാരതത്തിലുണ്ടായിട്ടുള്ള മതങ്ങളോടൊപ്പം തന്നെയോ അതിലധികമോ വിദേശത്തു നിന്നും വന്ന മതങ്ങളും ഇവിടെ പ്രചരിക്കപ്പെട്ടത്. ആര് ആരെ ആരാധിക്കണമെന്നും എങ്ങനെ ആരാധിക്കണമെന്നും തീരുമാനിക്കേണ്ടത് വിശ്വാസികളായ ജനങ്ങളാണ്. അവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യാനോ നിരോധിക്കാനോ വ്രണപ്പെടുത്താനോ എക്സിക്യൂട്ടീവിനോ ജുഡീഷ്യറിക്കോ അധികാരമുണ്ടെന്നു തോന്നുന്നില്ല.
ഇവിടെയിപ്പോൾ ഒന്നാമതായി വരുന്നത് 'ഗുരുമന്ദിരങ്ങളെ ക്ഷേത്രങ്ങളായി കണക്കാക്കാനാവില്ലെ'ന്ന പരാമർശമാണ്. 'ക്ഷതാത് ത്രായതേ ഇതി ക്ഷേത്രഃ' എന്നാണ് ക്ഷേത്രമെന്ന പദത്തിന്റെ നിർവചനം. ഭക്തന്മാരെ ക്ഷതത്തിൽ നിന്നും - ദുഃഖത്തിൽ നിന്നും - രക്ഷിക്കുന്നതാണ് ക്ഷേത്രങ്ങൾ. ഇവിടെ ഗുരുദേവഭക്തന്മാരെ സംബന്ധിച്ചിടത്തോളം ഗുരുദേവനെ സങ്കല്പിച്ചുകൊണ്ടു നടത്തുന്ന പ്രാർത്ഥനയുടെ ഫലമായി അവരുടെ ദുഃഖദുരിതങ്ങൾ അകന്നുപോകുന്നു. അതുകൊണ്ടാണ് ഭക്തന്മാർ ഗുരുമന്ദിരങ്ങളിലെത്തി പ്രാർത്ഥിക്കുകയും കാണിക്കയർപ്പിക്കുകയും മറ്റും ചെയ്യുന്നത്. ആകയാൽ ഗുരുമന്ദിരങ്ങൾ ക്ഷേത്രങ്ങളാണോ എന്നു തീരുമാനിക്കേണ്ടത് അനുഭവികളായിത്തീരുന്ന ഗുരുദേവഭക്തന്മാരാണ്.
രണ്ടാമതു കാണുന്ന പരാമർശം ഗുരുദേവൻ വിഗ്രഹാരാധകരെ അനുകൂലിച്ചിരുന്നില്ലായെന്നതാണ്. ആ പ്രസ്താവന ശുദ്ധ അസംബന്ധം തന്നെയെന്നു പറയേണ്ടതുണ്ട്. ഗുരു കേരളം, തമിഴ്നാട്, കർണ്ണാടകം എന്നീ സംസ്ഥാനങ്ങളിലായി 54 ക്ഷേത്രങ്ങളിൽ പ്രതിഷ്ഠകൾ നടത്തി. നാഗർകോവിലിനടുത്ത് കോട്ടാറിൽ പിള്ളയാറെ (ഗണപതി) പ്രതിഷ്ഠിച്ചതുപോലെ കർണ്ണാടകയിലെ മംഗലാപുരത്ത് കുദ്രോളിയിൽ ഗോകർണ്ണനാഥനെയും (ശിവൻ) പ്രതിഷ്ഠിച്ചിട്ടുണ്ട്. അങ്ങനെ ശിവൻ, ഗണപതി, സുബ്രഹ്മണ്യൻ, ദേവി എന്നീ ദേവതാ വിഗ്രഹങ്ങളും കളവംകോടം, വൈക്കം - ഉല്ലല ക്ഷേത്രങ്ങളിൽ ഓം ശാന്തി എന്നു രേഖപ്പെടുത്തിയ കണ്ണാടി, കാരമുക്ക് ചിദംബരക്ഷേത്രത്തിൽ ദീപം, മുരുക്കുംപുഴ ക്ഷേത്രത്തിൽ സത്യം, ധർമ്മം, ദയ, ശാന്തി എന്നീ സനാതനമൂല്യങ്ങളാലേഖനം ചെയ്ത ഫലകം, ശിവഗിരിയിൽ വിദ്യാദേവതയായ ശ്രീശാരദ തുടങ്ങിയുള്ള പ്രതിഷ്ഠകളും ഗുരുദേവൻ നിർവ്വഹിച്ചത് വിഗ്രഹാരാധനയ്ക്ക് വേണ്ടിയല്ലെങ്കിൽ മറ്റെന്തിനുവേണ്ടിയായിരുന്നു?
'ക്ഷേത്രത്തിൽ ചെല്ലുമ്പോൾ ബിംബത്തെപ്പറ്റി സ്മരണയേയില്ല, ഈശ്വരനെപ്പറ്റിയാണ് അവർ വിചാരിക്കുന്നത്. നിങ്ങളെപ്പോലുള്ളവർ പറഞ്ഞുകൊടുത്താലേ അവർ ബിംബത്തെ ഓർക്കുകയുള്ളു' എന്ന ഗുരുവചനം ഇവിടെ പ്രസക്തമാണ്. മലയാളം, തമിഴ്, സംസ്കൃതം എന്നീ മൂന്നു ഭാഷകളിലായി രചിച്ചിട്ടുള്ള 64 ൽ പരം ഗുരുദേവകൃതികൾ ഇതിനകം പ്രസിദ്ധീകൃതങ്ങളായിട്ടുണ്ട്. അവയിൽ ദാർശനിക കൃതികളും അനുശാസനാകൃതികളും ഗദ്യകൃതികളും കൂടാതെ ഗണപതിയെയും സുബ്രഹ്മണ്യനെയും ശിവനെയും ദേവിയെയുമൊക്കെ സ്തുതിക്കുന്ന മുപ്പതിലധികം സ്തോത്രകൃതികളുമുണ്ടെന്ന കാര്യം പരാമർശം നടത്തുന്നവർ മനസ്സിലാക്കേണ്ടതായിരുന്നു. ഗുരു അദ്വൈതസിദ്ധാന്തിയായി മോദസ്ഥിരനായി വാഴുമ്പോഴും സാധാരണക്കാരായ പാവങ്ങൾക്കുവേണ്ടി വിഗ്രഹാരാധനയും അംഗീകരിച്ചിരുന്നു എന്നു വേണം മനസ്സിലാക്കാൻ.
ആദ്ധ്യാത്മിക കാര്യങ്ങളിൽ ആധികാരികമായ അഭിപ്രായം പറയേണ്ടത് ആ രംഗത്ത് പ്രാവീണ്യമുള്ളവരാണ്. അങ്ങനെയുള്ള യോഗ്യത നേടിയിട്ടുള്ളവർ സ്വാനുഭവത്തിൽ നിന്നുകൊണ്ട് ഗുരുവിന്റെ ആദ്ധ്യാത്മിക ഔന്നത്യത്തെക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഈ സന്ദർഭത്തിൽ ഏറെ പ്രസക്തമാണെന്നു വിചാരിക്കുന്നു. അവയിൽ ഏതാനും ചിലത് ചുവടെ ചേർക്കുന്നു:
ഇപ്പോൾ രചനാശതാബ്ദിയാഘോഷിച്ചുവരുന്ന 'ഗുരുസ്തവം' എന്ന കൃതിയിൽ മഹാകവി കുമാരനാശാൻ ഗുരുവിന്റെ ആദ്ധ്യാത്മികതയെ വിലയിരുത്തുന്നത് നോക്കുക:
'ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിൻ
നേരാം വഴികാട്ടും ഗുരുവല്ലോ പരദൈവം'
ഇവിടെ ആശാൻ അറിവില്ലായ്മയെ മാറ്റി യഥാർത്ഥ ഈശ്വരനിലെത്തിച്ചേരാനുള്ള നേരായ വഴികാട്ടിത്തരുന്ന ശ്രീനാരായണഗുരു എന്റെ പരമദൈവമാണെന്നാണ് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ
'അണകവിയുന്നഴലാഴിയാഴുമെന്നിൽ
പ്രണയമുദിച്ചു കവിഞ്ഞു പാരവശ്യാൽ
അണികരമേകിയണഞ്ഞിടുന്ന നാരാ-
യണഗുരുനായകനെന്റെ ദൈവമല്ലോ.'
എന്നു ഭക്തവിലാപത്തിലും 'നമിക്കുവിൻ സഹജരേ നിയതമീ ഗുരുപാദം നമുക്കിതിൽപ്പരം ദൈവം നിനയ്ക്കിലുണ്ടോ' എന്നു സ്വാമിതിരുനാൾ വഞ്ചിപ്പാട്ടിലും ആശാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ കുമാരനാശാന്റെ ഏത് കൃതിയെടുത്ത് പരിശോധിച്ചാലും പ്രത്യക്ഷമായോ പരോക്ഷമായോ ഗുരുവിന്റെ ആദ്ധ്യാത്മികമഹത്വത്തെക്കുറിച്ചുള്ള പരാമർശം ആവർത്തിച്ചാവർത്തിച്ചു വിശദീകരിച്ചിരിക്കുന്നതായി പഠിതാക്കൾക്കു ബോധ്യപ്പെടും.
മഹാകവി വള്ളത്തോൾ ഗുരുവിന്റെ ഒരു തിരുനാളിനാശംസകളർപ്പിച്ച് എഴുതിയതിൽ നിന്നു അദ്ദേഹത്തിന് ഗുരുവിനോടുണ്ടായിരുന്ന ആരാധനയെത്രയെന്നു നോക്കുക
'ആരാലും പൂജ്യനീയസ്ഥിതി പുലരുമുഷസ്സന്ധ്യതാന്താനിതാ നേ-
ർക്കാരാധിക്കുന്നു, നാരായണഗുരുവിൻ ജന്മതാരോത്സവത്തെ'
ഗുരുദേവൻ 1928 ൽ മഹാസമാധി പ്രാപിച്ചപ്പോൾ കേരളത്തിലെ യുക്തിവാദി നേതാക്കളിൽ പ്രമുഖനായിരുന്ന സഹോദരൻ അയ്യപ്പൻ രചിച്ച സമാധിഗാനവും ഇതോടൊപ്പം ചേർത്തു പഠനവിഷയമാക്കേണ്ടതാണ്.
'ജരാരുജാമൃതിഭയമെഴാശുദ്ധ
യശോനിർവ്വാണത്തെയടഞ്ഞ സദ്ഗുരോ
ജയ നാരായണ ഗുരുസ്വാമിൻ ദേവാ
ജയ ഭഗവാനേ ജയജഗദ്ഗുരോ '
ഈ ആദ്യപദ്യത്തിൽ തന്നെ സഹോദരനയ്യപ്പൻ 'ജയഭഗവാനെ'യെന്നാണ് ഗുരുവിനെ സംബോധന ചെയ്തിരിക്കുന്നത്.
ഭാരതീയ ആദ്ധ്യാത്മികതയുടെ അടിസ്ഥാനശിലയാണു പ്രസ്ഥാനത്രയം. ഈ പ്രസ്ഥാനത്രയത്തിന്റെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുമ്പോഴും 'ബ്രഹ്മവിത് ബ്രഹ്മൈവഭവതി' എന്നും 'ബ്രഹ്മവിത് ബ്രഹ്മണിസ്ഥിതഃ' എന്നും (ബ്രഹ്മത്തെയറിഞ്ഞവൻ ബ്രഹ്മം തന്നെയാകുന്നു എന്നും ബ്രഹ്മത്തെ അറിഞ്ഞവൻ ബ്രഹ്മത്തിൽത്തന്നെ ലയിച്ച് അതുതന്നെയായിത്തീരുന്നു എന്നും) ഉള്ള തത്ത്വമാണ് പ്രകാശിതമാകുന്നത്. കൂടാതെ 'ജീവോ ബ്രഹ്മൈവ നാപര' (ജീവാത്മാവ് പരമാത്മാവുതന്നെയാകുന്നു, മറ്റൊന്നല്ല) എന്ന ശങ്കരാചാര്യവചനവും ഈ തത്ത്വത്തെ വ്യക്തമാക്കുന്നതാണ്.
ഗുരുദേവൻ സശ്ശീരരനായിരുന്ന കാലത്തുതന്നെ തുടങ്ങിയിട്ടുള്ളതാണ് ശിവഗിരിയിലെ ഗുരുപൂജാ സമ്പ്രദായം. ഗുരു ശിവഗിരിയിലുള്ളപ്പോൾ ഭക്തജനങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണം ആദ്യം ഗുരുവിന്റെ മുൻപിൽ വച്ച് പൂജ നടത്തിയശേഷം ഗുരു കഴിച്ചതിന്റെ ഉച്ഛിഷ്ടം പ്രസാദമായിട്ടാണ് അവർ കഴിച്ചിരുന്നത്. അവരുടെ ആഗ്രഹങ്ങൾ അതിലൂടെ പൂർത്തീകരിച്ചിരുന്നുവെന്നതിന് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. തീരാവ്യാധികൾ മാറിയവരും സന്താനസൗഭാഗ്യം ലഭിച്ചവരും അതിൽ ചിലത് മാത്രം.
തൃശ്ശൂർ വാടാനപ്പള്ളിയിൽ വയ്ക്കാട്ടിൽ ശങ്കരന്റെയും മറ്റും പറമ്പും വീടും 1924 ലെ കടൽക്ഷോഭത്തിൽ നശിക്കുമെന്നു കണ്ടപ്പോൾ അദ്ദേഹം ഗുരുവിനോട് സങ്കടമുണർത്തിച്ചതും ശിഷ്യനായ ബോധാനന്ദസ്വാമിയോട് കടലെടുക്കുന്നിടത്തു പോയി കിടക്കാൻ ഗുരു കല്പിച്ചതും കടൽ ശാന്തമായതും ചരിത്രമാണ്. എന്തിനേറെ! സുനാമി വന്ന് ദക്ഷിണേന്ത്യ മുഴുവൻ വൻനാശം വിതച്ചപ്പോഴും വാടാനപ്പള്ളി കടൽത്തീരത്തെ വയ്ക്കാട്ടു കുടുംബവും പറമ്പും ഭദ്രമായി നിലനിന്നു. ഇന്നും നിലനില്ക്കുന്നു. ഗുരുവിന്റെ അമാനുഷികവും അത്ഭുതകരവുമായ പ്രവർത്തനത്തിന് ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങളുണ്ട്.
ഗുരുവിന്റെ അന്തേവാസിയായി കഴിഞ്ഞിരുന്ന യുക്തിവാദിയായ പരവൂർ കേശവനാശാൻ ഗുരുവിന്റെ ആദ്യപ്രതിമ തലശ്ശേരിയിൽ സ്ഥാപിച്ചതിനെക്കുറിച്ച് സംഭാഷണമധ്യേ പ്രതിമ വച്ച് പൂജിക്കുന്നതിന്റെ അസാംഗത്യത്തെക്കുറിച്ച് ഗുരുവിനോടു തന്നെയാരാഞ്ഞു. അപ്പോൾ ഗുരു പറഞ്ഞ മറുപടി 'കേശവാ നാളെ നാം പരക്കെ ആദരിക്കപ്പെടും. കേശവൻ അതിൽ അസൂയപ്പെട്ടിട്ടു കാര്യമില്ലല്ലോ' എന്നാണ്. ഇതേ മറുപടി തന്നെയാണ് ഗുരുവിനെയും ഗുരുമന്ദിരങ്ങളെയും ആക്ഷേപിക്കുന്നവരോട് ഞങ്ങൾക്കും പറയുവാനുള്ളത്. ഇതിനെല്ലാമുപരിയായി ആത്മവിലാസമെന്ന ഗദ്യകൃതി ഗുരുദേവൻ ഉപസംഹരിക്കുന്നത് നോക്കുക.
'നാം ഇതുവരെയും ബഹിർമുഖനായിരുന്നു. ഇനി അന്തർമ്മുഖത്തോടുകൂടിയവനായിത്തീരുന്നു. ആ! ഇവിടം എത്രയോ ദിവ്യമായിരിക്കുന്നു. നാം ഇതുവരെയും നിന്നിരുന്നത് ഒരു ദിവ്യമായിരിക്കുന്ന കണ്ണാടിയിലാകുന്നു. ഇതുതന്നെയാണ് നമ്മുടെ ദൈവം. ഇതിനെ നാം ഇതിനുമുൻപിൽ കണ്ടിരുന്നില്ല. ഇപ്പോൾ നമുക്കിവിടം യാതൊരു മറവും കാണുന്നില്ല. നാമും ദൈവവും ഒന്നായിരിക്കുന്നു. ഇനി നമുക്ക് വ്യവഹരിക്കുന്നതിനു പാടില്ല. ഓ! ഇതാ! നാം ദൈവത്തിനോട് ഒന്നായിപ്പോകുന്നു!'
ഇങ്ങനെ ജീവാത്മ പരമാത്മ ഐക്യത്തിന്റെ മഹാദർശനം സാക്ഷാത്കരിച്ച ഗുരുദേവൻ ഈശാവാസ്യോപനിഷത്തിന്റെ ഭാഷയിൽ 'നിന്നിൻ നിൽക്കുന്ന പുരുഷാകൃതിയേതാണതാണു ഞാൻ' എന്നും പറഞ്ഞിരിക്കുന്നു.
ഗുരുദർശനം ഭാരതീയ ആദ്ധ്യാത്മികശാസ്ത്രത്തിന്റെ ആകെത്തുകയാണ്. ഈശ്വരൻ കോപിച്ചാൽ പോലും പരിഹാരമുണ്ട്. എന്നാൽ ഗുരു കോപിച്ചാൽ അതിനു പരിഹാരമില്ലെന്നാണു ഭാരതത്തിന്റെ ഋഷിപരമ്പര തന്നെ വ്യക്തമാക്കിയിട്ടുള്ളത്. ഇതെല്ലാം പഠിക്കുകയും മനനം ചെയ്യുകയും ചെയ്യുമ്പോൾ ഗുരു തന്നെയാണ് പരമമായ ദൈവം എന്ന തത്ത്വം സാക്ഷാത്കരിക്കാനാവും. അതുകൊണ്ടുതന്നെ ഗുരുവിന്റെ വിഗ്രഹത്തെ ഗുരുവായി സങ്കല്പിച്ച് പ്രതിഷ്ഠിച്ചിരിക്കുന്ന ഗുരുദേവമന്ദിരങ്ങൾ സാക്ഷാൽ ക്ഷേത്രങ്ങൾ തന്നെയാണ്.
(ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ്
ജനറൽ സെക്രട്ടറിയാണ് ലേഖകൻ)

No comments :
Post a Comment