Tuesday, 13 September 2016

ജ്വലിച്ചു ഉയരും മുന്‍പ് അണഞ്ഞ നിറ ദീപമേ ..............

ഉണ്ണി കൊടുങ്ങല്ലൂര്‍

കൊല്ലം കോര്‍പറേഷന്‍ കൗണ്‍സിലര്‍ കോകിലയും അച്ഛനും കാറിടിച്ചു മരിച്ചു

കൊല്ലം: കൊല്ലം കോര്‍പ്പറേഷനിലെ ബി.ജെ.പി. കൗണ്‍സിലര്‍ തേവള്ളി ഓലയില്‍ വരവര്‍ണിനിയില്‍ കോകില എസ്.കുമാറും (23) അച്ഛന്‍ സുനില്‍കുമാറും(50)കാറിടിച്ചു മരിച്ചു. കോകില സംഭവ സ്ഥലത്തുവെച്ചും സുനിൽ കുമാർ ആസ്പത്രിയിൽ വെച്ചുമാണ് മരിച്ചത്. അച്ഛനോടൊപ്പം സ്‌കൂട്ടറില്‍ വരുമ്പോള്‍, പടിഞ്ഞാറെ കൊല്ലം കാവനാട് ദേശീയപാതയില്‍ ആല്‍ത്തറമൂടിനുസമീപം ചൊവ്വാഴ്ച രാത്രി 10 നായിരുന്നു അപകടം.
അമിതവേഗത്തില്‍ പിന്നാലെവന്ന കാര്‍ കോകിലയും അച്ഛനും സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും ദൂരേക്ക് തെറിച്ചുവീണു. അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോയി. കാറില്‍ സഞ്ചരിച്ചിരുന്നവര്‍ മദ്യപിച്ചിരുന്നെന്ന് സംശയിക്കുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. മറ്റുപല വാഹനങ്ങളിലും ഉരസിയശേഷമാണ് കാര്‍ സ്‌കൂട്ടറിന്റെ പിന്നിലിടിച്ചത്.
ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും കോകില അതിനകം മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനില്‍കുമാറിനെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി.ബുധനാഴ്ച രാവിലെയാണ് സുനില്‍ കുമാര്‍ മരിച്ചത്.
പരവൂര്‍ ഫയര്‍ സ്റ്റേഷനിലെ ഡ്രൈവറാണ് സുനില്‍കുമാര്‍. ശക്തികുളങ്ങര ധര്‍മ്മശാസ്താക്ഷേത്രത്തിനുസമീപമുള്ള റെസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷപരിപാടിയില്‍ പങ്കെടുത്തശേഷം തേവള്ളിയിലേക്ക് മടങ്ങുകയായിരുന്നു കോകിലയും അച്ഛനും. അപകടമുണ്ടാക്കിയ കാര്‍ രാത്രി വൈകിയും കണ്ടെത്താനായില്ല.
കൊല്ലം കോര്‍പ്പറേഷനിലെ 55 കൗണ്‍സിലര്‍മാരില്‍ ഏറ്റവും പ്രായംകുറഞ്ഞയാളാണ് കോകില. കൊല്ലം കര്‍മ്മലറാണി ട്രെയിനിങ് കോളേജിലെ ബി.എഡ് വിദ്യാര്‍ഥിനികൂടിയാണ് കോകില. എസ്.എന്‍. വനിതാകോളേജില്‍നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം നേടിയശേഷമാണ് ബി.എഡ്ഡിന് ചേര്‍ന്നത്. ബി.ജെ.പി. സ്ഥാനാര്‍ഥിയായി തേവള്ളി ഡിവിഷനില്‍നിന്നാണ് കോകില തിരഞ്ഞെടുക്കപ്പെട്ടത്.
ഷൈലജയാണ് അമ്മ. ബി.എസ്.സി വിദ്യാര്‍ഥിനി കാര്‍ത്തികയും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ശബരിയും സഹോദരങ്ങളാണ്. മൃതദേഹം ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍.
© Copyright Mathrubhumi 2016. All rights reserved.

No comments :

Post a Comment