Monday, 12 September 2016

ആദ്യം പാടിയ പാട്ട് അനുസ്മരിച്ചു ഗുരുസന്നിധിയിൽ നമ്രശിരസ്‌കനായി യേശുദാസ്

ഉണ്ണി കൊടുങ്ങല്ലൂര്‍

ആദ്യം പാടിയ പാട്ട് അനുസ്മരിച്ചു ഗുരുസന്നിധിയിൽ നമ്രശിരസ്‌കനായി യേശുദാസ്; വെള്ളത്താടിയും മുടിയുമുള്ള ഗായകനെ കാണാൻ ആയിരങ്ങൾ

ചെമ്പഴന്തി:'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്' എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ഗാന ഗന്ധർവൻ യേശുദാസ് അരങ്ങേറ്റം കുറിച്ചത്. ഈ വരികൾ അല്ലാതെ മറ്റേതെങ്കിലും വരികളാണ് ആദ്യമായി ആലപിച്ചതെങ്കിൽ ഇന്നത്തെ യേശുദാസായി തന്നെ കാണാൻ കഴിയില്ല എന്നാണ് ഗാനഗന്ധർവൻ യേശുദാസിന്റെ പക്ഷം.ഗുരുവിന്റെ വരികൾ പാടിക്കൊണ്ട് ഗാനരംഗത്തെത്തിയ തനിക്കു ഗുരുക്കന്മാരുടെ കൃപകൊണ്ടും ദൈവത്തിന്റെ നിയോഗം കൊണ്ടും പിന്നീട് അനവധി ഗാനങ്ങൾ അനവധി ഭാഷകളിൽ പാടാൻ അവസരം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
താൻ ആദ്യംപാടിയ പാട്ടിന് 55 വയസ്സ് തികയുമ്പോൾ, ശ്രീനാരായണഗുരുവിന്റെ വയൽവാരം വീട്ടിനുമുന്നിൽ നമ്രശിരസ്‌കനായി ഗായകൻ യേശുദാസ്. നവേത്ഥാനത്തിനു തുടക്കമിട്ട ശ്രീനാരായണഗുരു എഴുതിയ വരികൾ പാടാൻ കഴിഞ്ഞത് ദൈവകൽപന ഒന്നുകൊണ്ടു മാത്രമാണ് എന്നും യേശുദാസ് പറഞ്ഞു
താൻ ആദ്യം പാടേണ്ടത് 'കാണുമ്പോൾ നീയൊരു കാരിരുമ്പ്' എന്നു തുടങ്ങുന്ന ഗാനമായിരുന്നു. അതാണ് ആദ്യം പാടിയിരുന്നുവെങ്കിൽ ഒരു പക്ഷേ ഞാൻ എന്ന ഗായകൻ ഉണ്ടാകുമായിരുന്നില്ല. എല്ലാം ദൈവനിശ്ചയം എന്നു പറഞ്ഞ യേശുദാസ്, താൻ ആദ്യം ശ്രീനാരായണഗുരുവിന്റെ നാലുവരികൾ പാടാനുണ്ടായ അനുഭവം സദസ്സുമായി പങ്കുവച്ചു. 1961, തനിക്ക് ആദ്യം ലഭിച്ച, കാണുമ്പോൾ എന്നുതുടങ്ങുന്ന ഗാനമായിരുന്നു.
അത് പാടാനായി തയ്യാറെടുപ്പു നടത്തുമ്പോൾ കടുത്ത പനി ബാധിച്ചു ചെന്നൈയിൽ ആശുപത്രിയിലായി. അവിടെ നിന്ന് ഇറങ്ങുമ്പോഴാണ് ഗുരു രചിച്ച ശ്ലോകത്തിന്റ നാലു വരികൾ തന്നെ ആശ്വസിപ്പിക്കാനായി പാടാൻ സംഗീതസംവിധായകൻ എം.ബി.ശ്രീനിവാസൻ ആവശ്യപ്പെട്ടത്. താൻ പോലുമറിയാതെ ആ ഗാനം എം.ബി.ശ്രീനിവാസൻ റിക്കോർഡ് ചെയ്യുകയും ചെയ്തു. അതിന്റെ സൗണ്ട് എൻജിനീയർ കോടീശ്വരറാവു ആയിരുന്നു. അദ്ദേഹത്തോട് തന്റെ ശബ്ദം എങ്ങനെ എന്നു തിരക്കുമ്പോൾ, പത്തുവർഷം കഴിഞ്ഞുപറയാമെന്ന മറുപടിയാണ് ലഭിച്ചത്.
അതായത് തനിക്ക് ഇനി പത്തുവർഷം കഴിഞ്ഞേ പാടാനുള്ള അവസരം ലഭിക്കുകയുള്ളൂ എന്നാണു കരുതിയത്. എന്നാൽ, പത്തുവർഷത്തേക്ക് യേശുദാസ് എന്ന പയ്യൻ ചലച്ചിത്രഗാനരംഗത്ത് നിലനിൽക്കുമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നു താൻ പിന്നീടാണ് മനസ്സിലാക്കിയതെന്നും യേശുദാസ് പറഞ്ഞു.
മോഹൻദാസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി ചെയർമാൻ ജി.മോഹൻദാസ് നിർമ്മിച്ച ചെമ്പഴന്തി ഗുരുകുലത്തിനു സമർപ്പിച്ച പ്രവേശനകവാടത്തിന്റെ സമർപ്പണച്ചടങ്ങും യേശുദാസ് ഉദ്ഘാടനം ചെയ്തു.
ഗുരുവെന്ന മഹാവൈദ്യൻ തന്നിട്ടുള്ള വചനങ്ങളായിട്ടുള്ള ഔഷധങ്ങൾ സേവിച്ചാൽ സമൂഹത്തെ ബാധിച്ചിട്ടുള്ള എല്ലാ രോഗങ്ങളും ശമിക്കും. നമ്മുടെ പ്രവൃത്തികൊണ്ട് ശ്രനീരായണഗുരുവിന്റെ തേജസ്സ് ഇനിയും വർധിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിഞ്ചുകുഞ്ഞുങ്ങളുടെ ഓണപ്പൂക്കളം ചവിട്ടിമെതിച്ച് അവർക്കുള്ള ഭക്ഷണം നശിപ്പിക്കുന്ന പ്രവണത നിലലിൽക്കെ നാം എന്ത് ഓണമാണ് ആഘോഷിക്കേണ്ടതെന്നു യേശുദാസ് ചോദിച്ചു.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. ശിവഗിരിമഠം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,സ്വാമി സൂഷ്മാനന്ദ, ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, ജി.മോഹൻദാസ്, കൗൺസിലർമാരായ സി.സുദർശനൻ, കെ.എസ്.ഷീല തുടങ്ങിയവർ പങ്കെടുത്തു.
തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14.09.2016) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ

No comments :

Post a Comment