
വിഴിഞ്ഞം പദ്ധതിക്ക് ഉപാധികളോടെ അനുമതി
പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാന്‍ വിദഗ്ധ സമിതി രൂപവത്കരിക്കണമെന്നതാണ് പ്രധാന ഉപാധി
September 2, 2016, 10:59 AM ISTചെന്നൈ: കേരളത്തിന്റെ സ്വപ്‌നപദ്ധതികളില്‍ ഒന്നായ വിഴിഞ്ഞ തുറമുഖ പദ്ധതിക്ക് ഉപാധികളോടെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അനുമതി. പദ്ധതിക്ക് അനുവദിച്ച പരിസ്ഥിതി-തീരദേശ അനുമതികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഉപാധികളോടെ ദേശീയ ഹരിത ട്രൈബ്യൂണല്‍ പദ്ധതിക്ക് പച്ചക്കൊടി കാട്ടിയത്.
പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാന്‍ വിദഗ്ധ സമിതി രൂപവത്കരിക്കണമെന്നതാണ് പ്രധാന ഉപാധി. ഏഴംഗ വിദഗ്ധ സമിതിയില്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്‍, സമുദ്രഗവേഷണ വിദഗ്ധന്‍, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി എന്നിവര്‍ അംഗങ്ങളായിരിക്കണം. ആറ് മാസത്തിലൊരിക്കല്‍ ഈ സമിതി ട്രൈബ്യൂണലിന് പദ്ധതിയുടെ നിര്‍മ്മാണ പുരോഗതിയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണം.
നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുന്ന മാലിന്യങ്ങള്‍ ഒരുകാരണവശാലും കടലിലൊഴുക്കാന്‍ പാടില്ലെന്നും ഹരിത ട്രിബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്. പദ്ധതി പ്രദേശത്ത് പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്തണം. നിര്‍ദേശം ലംഘിച്ചാല്‍ തുറമുഖ നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നതാണ് മറ്റ് വ്യവസ്ഥകള്‍.
പരിസ്ഥിതി ലോലപ്രദേശത്താണ് പദ്ധതി സ്ഥിതിചെയ്യുന്നത് അതിനാല്‍ അനുമതി നല്‍കരുതെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഹരിത ട്രൈബ്യൂണലിന്റെ വിധികൂടി അനുകൂലമായതോടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനുള്ള എല്ലാ തടസ്സങ്ങളും നീങ്ങി.
© Copyright Mathrubhumi 2016. All rights reserved
No comments :
Post a Comment